അമിത മദ്യപാനം ഉണ്ടെങ്കില്‍ മറവി രോഗം ഉറപ്പെന്ന് പഠനം

 

ടൊറേന്റാ: അമിത മദ്യപാനം മറവിരോഗത്തിന് സാധ്യത കൂട്ടുന്നതായി പഠനം. കാനഡയിലെ സെന്റര്‍ ഫോര്‍ അഡിക്ഷന്‍ ആന്‍ഡ് മെന്റല്‍ ഹെല്‍ത്താണ് പഠനം നടത്തിയത്. അമിതമായി മദ്യം ഉപയോഗിക്കുന്നവരെയും ചില മാനസികപ്രശ്‌നങ്ങള്‍ പ്രകടിപ്പിച്ചവരെയും ആണ് പഠനവിധേയമാക്കിയത്. ഫ്രാന്‍സില്‍ 10 ലക്ഷത്തില്‍പരം ആളുകള്‍ മറവിരോഗത്തിന്റെ പിടിയിലാണ്. ലാന്‍സെറ്റ് പബ്ലിക് ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ഇവരില്‍ നേരത്തെ 65 വയസ്സിന്റെ മുമ്പ് മറവി രോഗം വന്നവരില്‍ 57 ശതമാനം ആളുകള്‍ക്കും അമിത മദ്യപാനം മൂലമാണ് രോഗം പിടിപെട്ടിട്ടുള്ളത്.

ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ദിനേന പുരുഷന്മാര്‍ 60 ഗ്രാമില്‍ കൂടുതലും സ്ത്രീകള്‍ 40 ഗ്രാമില്‍ കൂടുതലും മദ്യം കഴിക്കുന്നത് അമിത മദ്യപാനമായി കണക്കാക്കാം. അമിത മദ്യപാനം ഒരാളുടെ ശരാശരി ആയുര്‍ദൈര്‍ഘ്യത്തില്‍നിന്നു 20 വര്‍ഷം കുറക്കുന്നു. ഇവരില്‍ കൂടുതലും മറവിരോഗം ബാധിച്ചാണ് നേരത്തെ മരണപ്പെടുന്നത്.

സ്ത്രീകള്‍ക്കാണ് രോഗബാധ കൂടുതല്‍. എങ്കിലും നേരത്തെയുണ്ടാവുന്ന മറവിരോഗത്തിന്റെ കണക്കെടുത്താല്‍ പുരുഷന്മാരാണ് (64.9 ശതമാനം) മുന്‍പന്തിയില്‍. മറവിരോഗത്തിനുള്ള മറ്റ് കാരണങ്ങളായ പുകവലി, ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, താഴ്ന്ന വിദ്യാഭ്യാസം, വിഷാദം, കേള്‍വിക്കുറവ്, എന്നിവയും മദ്യപാനവുമായി വളരെയധികം ബന്ധപ്പെട്ട് കിടക്കുന്നുണ്ട്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: