അഭ്യുഹങ്ങള്‍ക്ക് വിരാമം : വാരണാസിയില്‍ പ്രിയങ്ക മത്സരിക്കില്ല: മോദിക്കെതിരെ അജയ് റായി

യു.പി : പ്രധാനമന്ത്രി നരേന്ദ്ര മോദി മല്‍സരിക്കുന്ന വാരണാസിയില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മല്‍സരിക്കുമെന്ന അഭ്യുഹങ്ങള്‍ക്ക് വിരാമമായി . വാരണാസിയില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി അജയ് റായ് മല്‍സരിക്കുമെന്ന് എഐസിസി പ്രഖ്യാപിച്ചു. പാര്‍ട്ടി പറഞ്ഞാല്‍ വാരണാസിയില്‍ മല്‍സരിക്കാന്‍ തയ്യാറാണെന്ന് പ്രിയങ്കാഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കിയിരുന്നില്ല.

അതിനിടെ എസ്പി ബിഎസ്പി സഖ്യം തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുകയും ചെയ്തു. ശാലിനി യാദവാണ് എസ്പി ബിഎസ്പിയുടെ സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ് നേതാവ് ശ്യാം ലാല്‍ യാദവിന്റെ മരുമകളാണ് ശാലിനി യാദവ്. കഴിഞ്ഞയാഴ്ചയാണ് അവര്‍ എസ് പിയില്‍ ചേര്‍ന്നത്. 2014 ലെ തെരഞ്ഞെടുപ്പിലും അജയ് റായ് ആയിരുന്നു വാരണാസിയില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി. അന്ന് മൂന്നാം സ്ഥാനാത്താണ് ഇദ്ദേഹം ഫിനിഷ് ചെയ്തത്. 75614 വോട്ടുകളായിരുന്നു അദ്ദേത്തിന് ലഭിച്ചത്. അരവിന്ദ് കേജ്റിവാളായിരുന്നു അന്ന് വാരണാസിയില്‍ രണ്ടാം സ്ഥാനത്തെത്തിയത്.

ഈ മാസം 29 നാണ് വാരണാസിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം. പ്രധാനമന്ത്രി നാളെ പത്രിക നല്‍കും. ഇന്ന് വൈകീട്ട് പ്രധാനമന്ത്രിയുടെ റോഡ് ഷോയും വാരണാസിയില്‍ നടക്കും.കിഴക്കന്‍ ഉത്തര്‍പ്രേദേശിന്റെ
ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാണ് പ്രിയങ്കാ ഗാന്ധി.

ഡികെ

Share this news

Leave a Reply

%d bloggers like this: