അഭയാര്‍ത്ഥികള്‍ക്ക് പുനരധിവാസം…ജര്‍മ്മനി 600 കോടി രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു

ലണ്ടന്‍: സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് പുനരധിവാസ സൗകര്യമൊരുക്കുന്നതിനായി ജര്‍മ്മനി 600 കോടി രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. അഭയാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ രംഗത്തെത്തി. അടുത്ത് അഞ്ച് വര്‍ഷത്തിനിടയില്‍ ഇരുപതിനായിരം അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കുമെന്ന് ബ്രിട്ടന്‍ പ്രഖ്യാപിച്ചു.
ബ്രിട്ടീഷ് പാര്‍ലമെന്റിന് മുന്‍പാകെയാണ് അടുത്ത് അഞ്ച് വര്‍ഷത്തിനുള്ളില്‍ 20000 സിറിയന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പ്രഖ്യാപിച്ചത്. അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ ആദ്യം വിമുഖത പ്രകടിപ്പിച്ച ബ്രിട്ടണ്‍ സമ്മര്‍ദ്ദം ശക്തമായതോടെ നിലപാട് മാറ്റുകയായിരുന്നു. ബ്രിട്ടന്റെ പുതിയ നിലപാട് യൂറോപ്യന്‍ രാജ്യങ്ങള്‍ സ്വാഗതം ചെയ്തിട്ടുണ്ട്.

അഭാര്‍ത്ഥികളെ പുനരധിവസിപ്പിക്കാനുള്ള നീക്കത്തിന് ബ്രിട്ടന്‍ കൂടി പിന്തുണ പ്രഖ്യാപിച്ചതോടെ ഒരു ലക്ഷത്തി ഇരുപതിനായിരം പേരെ കൂടി യൂറോപ്യന്‍ രാജ്യങ്ങള്‍ ഏറ്റെടുക്കണമെന്ന യൂറോപ്യന്‍ കമ്മീഷന്റെ പ്രഖ്യാപനത്തിന് കൂടുതല്‍ സ്വീകാര്യത കൈവന്നു. അടുത്ത 2 വര്‍ഷത്തിനകം 24000 പേരെ ഏറ്റെടുക്കുമെന്ന് ഫ്രാന്‍സ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതേസമയം ഹംഗേറിയന്‍ അതിര്‍ത്തി തുറന്നതിന് ശേഷം അഭൂതപൂര്‍വ്വമായ അഭയാര്‍ത്ഥി ഒഴുക്കിന് സാക്ഷ്യം വഹിക്കുകയാണ് ജര്‍മ്മനി.

രണ്ട് ദിവസങ്ങള്‍ക്കിടയില്‍ ഓസ്ട്രിയയില്‍നിന്ന് 18,000 പേര്‍ മ്യൂണിക്കില്‍ എത്തിയതായാണ് ഔദ്യോഗിക കണക്ക്. തിങ്കളാഴ്ച മാത്രം 10,000 പേരെത്തി. അഭയാര്‍ത്ഥികളുടെ ഒഴുക്ക് കൂടിയതോടെ മറ്റ് രാജ്യങ്ങളുടെ സഹായം ജര്‍മ്മനി തേടിയിട്ടുണ്ട്. ഇതേതുടര്‍ന്ന് ജര്‍മ്മനിയില്‍ നിന്ന് ആയിരം പേരെ കൂടി ഏറ്റെടുക്കമെന്ന് ഫ്രാന്‍സ് പ്രഖ്യാപിച്ചു.

Share this news

Leave a Reply

%d bloggers like this: