അഭയാര്‍ത്ഥികള്‍ക്കൊപ്പം അതിര്‍ത്തി കടന്ന ഐഎസ് ഭീകരരാണ് ആക്രമണം നടത്തിയതെന്ന സംശയം ബലപ്പെടുന്നു;യൂറോപ്പിലെങ്ങും ജാഗ്രത നിര്‍ദേശം

പാരീസിനെ നടുക്കി നൂറ്റമ്പതിലധികം പേരെ നിഷ്‌ക്കരുണം, ചാവേറായി പൊട്ടിത്തെറിച്ചും വെടിവെച്ചും കൊലപ്പെടുത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും സംശയത്തിന്റെ വിരല്‍ നീളുന്നത് ഐഎസ് ഭീകരിലേക്കാണ്. യൂറോപ്യന്‍, ഏഷ്യന്‍ രാജ്യങ്ങളിലേക്ക് ഐ.എസ്. പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ തയാറെടുക്കുന്നതായുള്ള വാര്‍ത്തക്കിടെയാണ് ലോകത്തെ നടുക്കിയ ആക്രമണം. യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള 6,000 പേര്‍ ഐ.എസില്‍ പ്രവര്‍ത്തിക്കുന്നതായാണ് ഇതുവരെയുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ ഒട്ടേറെ പേര്‍ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിയതായാണ് സൂചനകള്‍. ഐ.എസ്. ശക്തി കേന്ദ്രങ്ങളായ ഇറാഖ്, സിറിയ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചതിന് ശേഷമാണ് ഇവര്‍ സ്വന്തം രാജ്യങ്ങളിലേക്കെത്തിയതെന്ന് യു.എസ്. വിദേശകാര്യ വിഭാഗം പറയുന്നു. ഫ്രാന്‍സിലേക്ക് മാത്രമായി 185 പേര്‍ എത്തിയതായി സംശയിക്കുന്നു. ഇങ്ങനെ എത്തിയവര്‍ ഐ.എസിന്റെ പ്രവര്‍ത്തനം രാജ്യത്ത് വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നതായാണ് കരുതുന്നത്. ഐ.എസ്. ഭീകരന്‍ ജിഹാദി ജോണ്‍ കൊല്ലപ്പെട്ട വാര്‍ത്ത പുറത്തുവന്നതിനു ശേഷമാണ് ഭീകരാക്രമണം നടത്തിയതെന്നതും ശ്രദ്ധേയമാണ്.

സിറിയന്‍ അഭയാര്‍ഥികളെ ഫ്രാന്‍സ് സ്വീകരിക്കുന്നതും അമേരിക്കയുമായി ചേര്‍ന്ന് യുദ്ധത്തിനൊരുങ്ങുന്നതും ഐ.എസിനെ പ്രകോപിതരാക്കിയിട്ടുണ്ട്. സിറിയയില്‍ ഐഎസിനെതിരായി ഫ്രാന്‍സ് ഇടപെട്ടതുകൊണ്ടാണ് തങ്ങള്‍ ആക്രണണം നടത്തുന്നതെന്ന് അക്രമികള്‍ വിളിച്ചുപറയുന്നുണ്ടായിരുന്നുവെന്ന്് ദൃക്‌സാക്ഷികള്‍ പറയുന്നു. അഭയാര്‍ഥി പ്രശ്‌നത്തില്‍ യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ പ്രകാരം ഫ്രാന്‍സ് രണ്ട് വര്‍ഷത്തിനകം 24,000 സിറിയന്‍ അഭയാര്‍ഥികളെയാണ് സ്വീകരിക്കുന്നത്. അഭയാര്‍ത്ഥികളായി ഐഎസ് ഭീകരരും അതിര്‍ത്തി കടക്കുന്നുണ്ടെന്ന് ആശങ്കകള്‍ ശക്തമാണ്. തോക്കുമായെത്തിയ അക്രമികള്‍ ഒരേ സമയം രാജ്യത്തിന്റെ വിവിധഭാഗങ്ങളിള്‍ ആക്രമണം നടത്തുകയായിരുന്നു. ആക്രമണങ്ങളും ബന്ദിയാക്കലുകളും സ്‌ഫോടനങ്ങളും ചാവേറാക്രമണങ്ങളും ഒരോ സമയം ഫ്രാന്‍സിനെ നടുക്കി. ഇത്രയും ആസൂത്രിതമായ ആക്രമണത്തിന് പിന്നില്‍ ഐഎസ് ഭീകരര്‍ ആണെന്നാണ് ഫ്രാന്‍സും സംശയിക്കുന്നത്. പാരീസ് ആക്രമണത്തെ തുടര്‍ന്ന് യൂറോപ്പിലെങ്ങും സുരക്ഷ ശക്തമാക്കി.

അതേസമയം, ഇസ്ലാമിക് സ്‌റ്റേറ്റ് അടക്കമുള്ള ഭീകരവാദ സംഘടനകളുടെ പ്രവര്‍ത്തനം രാജ്യത്ത് തടയുന്നതില്‍ ഫ്രഞ്ച് സര്‍ക്കാര്‍ പരാജയപ്പെട്ടതായി വിമര്‍ശനം ഉയരുന്നുണ്ട്. ജനുവരിയില്‍ ചാര്‍ലി ഹെബ്‌ദോ മാസികയുടെ ഓഫീസിനു നേരെ നടന്ന ആക്രമണത്തിന് ശേഷം ആഭ്യന്തര സുരക്ഷ വര്‍ധിപ്പിക്കുന്നതിനു സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിച്ചില്ലെന്നാണ് വിമര്‍ശനം. ഐ.എസ്. അടക്കമുള്ള ഭീകരവാദ സംഘടനകളുടെ പ്രവര്‍ത്തനം അറിയാന്‍ ഫ്രഞ്ച് സര്‍ക്കാരിന് കീഴിലെ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് കഴിഞ്ഞില്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

-എജെ-

Share this news

Leave a Reply

%d bloggers like this: