അബോര്‍ഷന്‍ നടത്താനായി ഐറിഷ് സ്ത്രീകള്‍ ലോകം ചുറ്റുന്നു; നെതര്‍ലാന്‍ഡിലേക്ക് ആയിരക്കണക്കിന് സ്ത്രീകള്‍

ഡബ്ലിന്‍: കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ അബോര്‍ഷന്‍ നടത്താനായി 1500 ഓളം സ്ത്രീകള്‍ അയര്‍ലന്‍ഡില്‍ നിന്നും നെതര്‍ലാന്‍ഡിലേക്ക് പോയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. നെതര്‍ലാന്‍ഡിലെ 17 അബോര്‍ഷന്‍ ക്ലിനിക്കുകളില്‍ നിന്നുള്ള 2006 മുതല്‍ 2013 വരെയുള്ള കാലയളവിലെ കണക്കുകളാണിത്. 1497 പേര്‍ ഇത്തരത്തില്‍ പോയതായി എച്ച്എസ്ഇ ക്രൈസിസ് പ്രോഗ്രാം ശരിവെക്കുന്നു.

2014 ലെയും 2015 ലെയും കണക്കുകള്‍ ലഭ്യമായിട്ടില്ല. ഐറിഷ് ക്രൈസിസ് പ്രെഗ് നന്‍സി കൗണ്‍സിലിംഗ് സര്‍വീസ് ഡച്ച്, ബ്രിട്ടീഷ് അബോര്‍ഷന്‍ ക്ലിനിക്കുകളെക്കുറിച്ചുള്ള വിവരങ്ങള്‍ 2005 മുതല്‍ നല്‍കിവരുന്നുണ്ട്. മികച്ച സേവനവും ബ്രിട്ടനേക്കാള്‍ കുറഞ്ഞ ചെലവുമാണ് ഡച്ച് ക്ലിനിക്കുകളുടെ പ്രത്യേകത. കുറച്ചു വര്‍ഷങ്ങളായി ഡച്ച് ക്ലിനിക്കുകളില്‍ ഐറിഷ് അഡ്രസ് നല്‍കുന്ന സ്ത്രീകളുടെ എണ്ണം കുറഞ്ഞുവരികയാണ്.

2006 ല്‍ 461 സ്ത്രീകള്‍ അബോര്‍ഷന്‍ നടത്താനായി അയര്‍ലന്‍ഡില്‍ നിന്ന് നെതര്‍ലന്‍ഡിലേക്ക് യാത്ര ചെയ്തതായി രേഖപ്പെടുത്തിയിട്ടുണ്ട്. 2013 ല്‍ ഇത് 12 ആയി കുറഞ്ഞു. 2008 ല്‍ 351 പേരും 2009 ല്‍ 134 പേരും 2010 ല്‍ 31 പേരും ഇത്തരത്തില്‍ യാത്ര ചെയ്തിട്ടുണ്ട്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ യുകെ ഓഫീസില്‍ നിന്നുള്ള കണക്കുപ്രകാരം കഴിഞ്ഞ ഒന്‍പതു വര്‍ഷത്തിനിടെ ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും അബോര്‍ഷന്‍ ക്ലനിക്കുകളില്‍ 34,602 സ്ത്രീകള്‍ ഐറിഷ് അഡ്രസ് നല്‍കിയിട്ടുണ്ട്. ഐറിഷ് അഡ്രസുമായി ക്ലിനിക്കുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞു. 2006 ല്‍ 5042 ആയിരുന്നത് 2013 ല്‍ 3679 ആയി.

എന്നാല്‍ കഴിഞ്ഞ വര്‍ഷം ബ്രിട്ടനിലെ ക്ലിനിക്കുകളില്‍ ഐറിഷ് അഡ്രസ് നല്‍കിയവരുടെ എണ്ണം 3735 ആയി വര്‍ധിച്ചു. അബോര്‍ഷന്‍ നടത്താനായി ഐറിഷ് സ്ത്രീകള്‍ ലോകമെങ്ങും സഞ്ചരിക്കുകയാണെന്ന് വെല്‍ വുമണ്‍ ക്ലിനിക്കിന്റെ മേധാവി അലിസണ്‍ ബെഗാസ് പറയുന്നു.

Share this news

Leave a Reply

%d bloggers like this: