അപകടസമയത്ത് മദ്യപിച്ചിട്ടില്ലെന്ന് ചീഫ് സെക്രട്ടറിക്ക് മുന്നില്‍ ശ്രീറാം ഉറച്ച നിലപാടില്‍; സസ്‌പെന്‍ഷന്‍ കാലാവധി വീണ്ടും നീട്ടി

തിരുവനന്തപുരം: ശ്രീറാമിന്റെ ലൈസെന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍വാഹനവകുപ്പ് നടപടികള്‍ കൈക്കൊണ്ടില്ലെന്ന ആരോപണത്തിന് പിന്നാലെ, അപകടവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിക്ക് മുന്‍പില്‍ കോടതിയ്ക്ക് നല്‍കിയ അതെ വിശദീകരണം തന്നെ ആവര്‍ത്തിച്ച് ശ്രീറാം വെങ്കിട്ടരാമന്‍. അപകടസമയത് താന്‍ മദ്യപിച്ചിട്ടില്ലെന്നാണ് ശ്രീറാം ചീഫ് സെക്രട്ടറിക്ക് നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കിയത്. എന്നാല്‍ ശ്രീറാമിന്റെ ഈ വാദം തള്ളിയ ചീഫ് സെക്രട്ടറി സസ്‌പെന്‍ഷന്‍ കാലാവധി രണ്ടുമാസം കൂടി നീട്ടി. ഓഗസ്റ്റ് മൂന്നാം തീയതി പുലര്‍ച്ചെയാണ് ശ്രീറാം വെങ്കിട്ടരാമന്‍ അമിത വേഗതയില്‍ ഓടിച്ച കാര്‍ ഇടിച്ച് മാധ്യമപ്രവര്‍ത്തകനായ കെഎം ബഷീര്‍ മരണപ്പെടുന്നത്.

മദ്യപിക്കാത്ത ആളാണ് താനെന്നും, അപകട സമയത്ത് താന്‍ മദ്യപിച്ചിരുന്നില്ലെന്നും കൂടെയുണ്ടായിരുന്ന സുഹൃത്ത് വഫാ ഫിറോസാണ് വാഹനം ഓടിച്ചിരുന്നതെന്നുമാണ് ഏഴ് പേജുള്ള വിശദീകരണ കുറിപ്പില്‍ ശ്രീറാം ആവര്‍ത്തിക്കുന്നത്. സര്‍വ്വീസ് ചട്ടങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി കേസില്‍ പ്രതിയായ ശ്രീറാമിനെ അടുത്ത ദിവസം തന്നെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ശ്രീറാമിന് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിരുന്നു.

തനിക്കെതിരെ ഉയര്‍ന്ന എല്ലാ ആരോപണങ്ങളും വിശദീകരണത്തില്‍ ശ്രീറാം നിഷേധിക്കുകയാണ്.
മദ്യപിച്ച് വാഹനം ഓടിച്ചിട്ടില്ലെന്നും വ്യാജരേഖകള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ശ്രീറാം പറയുന്നു. വിശദീകരണം തള്ളുകയാണെങ്കില്‍ തന്നില്‍ നിന്നും നേരിട്ട് വിശദീകരണം കേള്‍ക്കാനുള്ള അവസരം തരണമെന്നും ശ്രീറാം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പോലീസ് അന്വേഷണം നീളുന്ന സാഹചര്യത്തിലാണ് ശ്രീറാമിന്റെ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടിയത്. ബോധപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് ശ്രീറാമിനെതിരെ കേസെടുത്തിരിക്കുന്നത്.

അപകടം ഉണ്ടായ ശേഷം ബഷീറിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചിരുന്നു. താന്‍ മദ്യപിച്ചിരുന്നതായുള്ള സാക്ഷി മൊഴികള്‍ ശരിയല്ല. രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്താന്‍ സാധിച്ചിട്ടുമില്ലെന്ന് ശ്രീറാം വ്യക്തമാക്കുന്നുണ്ട്. കിംസ് ആശുപത്രിയില്‍ അഡ്മിറ്റായി 9 മണിക്കൂറിന് ശേഷമാണ് ശ്രീറാമിന്റെ രക്ത സാംപിളുകള്‍ ശേഖരിച്ചത്. കേസില്‍ അന്വേഷണ സംഘം ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. ഇതിനുപുറമെ സംസ്ഥാന സര്‍ക്കാരും, മാധ്യമങ്ങളും തന്നെ വേട്ടയാടുകയാണെന്നും ശ്രീറാം കോടതിയില്‍ ബോധിപ്പിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: