അപകടകരമായി മാനസികാരോഗ്യം തകരാറിലായ കുട്ടികളെ വീടുകളിലേക്ക് തിരിച്ചയക്കുന്നു;നടപടി മനുഷ്യത്വ രഹിതമെന്ന് ആരോപണം

ഡബ്ലിന്‍: ഗുരുതരമായി മാനസിക രോഗം പ്രകടിപ്പിക്കുന്ന കുട്ടികളെ മാനസിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നും രോഗത്തിന്റെ തോത് കുറയാതെ പറഞ്ഞു വിട്ടതായ് ആരോപണം. ഇവരില്‍ എല്ലാവരും കടുത്ത മാനസിക രോഗികളും ആത്മഹത്യ പ്രവണത ഉള്ളവരുമാണെന്ന് ഡോക്ടര്‍മാര്‍ തന്നെ സ്ഥിതീകരിച്ചിരുന്നു. ഫിയാന ഫോള്‍ ടി.ഡി മൈക്കല്‍ മാര്‍ട്ടിന്‍ മന്ത്രിസഭയില്‍വെച്ച് ഈ സംഭവം ജനപ്രതിനിധികളുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.

ഡബ്ലിനിലെ മാനസിക ആരോഗ്യകേന്ദ്രത്തില്‍ വേണ്ടത്ര ജീവനക്കാര്‍ ഇല്ലാത്തതു മൂലം പതിനൊന്ന് കുട്ടികളെ വീട്ടിലേക്ക് പാഞ്ഞയച്ചുവെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. മാനസിക രോഗത്തിന് അടിമകളായ കുട്ടികളെ എമര്‍ജന്‍സി യൂണിറ്റില്‍ പ്രവേശിപ്പിച്ചിരിക്കവെയാണ് ഉടന്‍ വീട്ടിലേക്ക് പറഞ്ഞുവിട്ടതെന്ന് ടി.ഡി വിശദീകരിച്ചു. ലിന്‍ ധാരാ മെന്റല്‍ ഹെല്‍ത്ത് സെന്ററില്‍ ഉള്ള 22 ബെഡുകളില്‍ 11 എണ്ണവും വേനല്‍കാലത്ത് അടച്ചിട്ടതിനാലാണ് കുട്ടികളെ പറഞ്ഞുവിട്ടതെന്നറിയുന്നു.

ബാലിഫെര്‍മോട്ടിലെ ചെറി ഓര്‍ച്ചാര്‍ഡ് ഹോസ്പിറ്റലിന്റെ ഭാഗമായി 2015-ല്‍ ആരംഭിച്ച മെന്റല്‍ ഹെല്‍ത്ത് സെന്ററായിരുന്നു ഇത്. രോഗികളുടെ രക്ഷിതാക്കള്‍ ഇതോടെ കനത്ത പ്രതിസന്ധിയിലായി. പ്രധാനമന്ത്രി ഉടന്‍ പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. എന്റാ കെന്നിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് മാനസിക ആരോഗ്യ മന്ത്രി ഹെലന്‍ മെക്എന്റി ആശുപത്രി ജീവനക്കാരുമായി പ്രശ്‌നത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു. മാനസിക ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ആവശ്യമായ ഫണ്ട് ഉയര്‍ത്തിയിട്ടും ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് എന്റാ കെന്നി അഭിപ്രായപ്പെട്ടു.

വീടുകളിലേക്ക് പറഞ്ഞുവിടുന്ന കുട്ടികള്‍ ഒട്ടും സുരക്ഷിതരല്ലെന്ന് രക്ഷിതാക്കള്‍ പറയുന്നു. രോഗം ചികിത്സിച്ചു ഭേദമാക്കേണ്ട ആശുപത്രികള്‍ മനുഷ്യത്വപരമായ നിലപാട് സ്വീകരിച്ചതില്‍ കുട്ടികളുടെ രക്ഷിതാക്കള്‍ അതൃപ്തി രേഖപ്പെടുത്തി. നിരന്തരമായി ആരോഗ്യ മേഖല അനുഭവിച്ചു വരുന്ന പ്രതിസന്ധിയുടെ ഏറ്റവും ക്രൂരമായ മുഖങ്ങളിലൊന്നാണ് ഈ റിപ്പോര്‍ട്ട്. ഇതോടെ എച്ച്.എസ്.സി യെ പ്രതികൂട്ടില്‍ നിര്‍ത്തിയിരിക്കുകയാണ് മറ്റു സ്വതന്ത്ര ടി ഡി മാരും. 2005 ലെ മാനസിക ആരോഗ്യ നിയമത്തെ വെല്ലുവിളിക്കുകയാണ് എച്ച്.എസ്.സി എന്നും ആരോപണം ഉയരുന്നുണ്ട്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: