അന്ധത ഇല്ലാതാക്കുന്ന ജനിതക ചികിത്സ എലികളില്‍ വിജയം; മനുഷ്യരിലും ഫലപ്രദമായേക്കും

അന്ധതയില്ലാതാക്കുന്ന ജനിതക തെറാപ്പിയുടെ പരീക്ഷണം എലികളില്‍ വിജയകരം. ഇത് മനുഷ്യരിലും ഫലപ്രദമാകുമെന്നാണ് ഗവേഷകര്‍ നല്‍കുന്ന സൂചന. റെറ്റിനൈറ്റിസ് പിഗ്മെന്റോസ എന്ന അവസ്ഥ മൂലമുണ്ടാകുന്ന അന്ധത ബാധിച്ച എലികളില്‍ നടത്തിയ പരീക്ഷണമാണ് വിജയിച്ചത്. റെറ്റിനയില്‍ ശേഷിച്ച നാഡീകോശങ്ങളെ ജനിതക തെറാപ്പിയിലൂടെ വീണ്ടും പ്രോഗ്രാം ചെയ്തെടുക്കുകയായിരുന്നുവെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. ഈ പഠനത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ ഫലങ്ങള്‍ അന്ധത ചികിത്സിച്ച് ഭേദമാക്കാനുള്ള ശ്രമങ്ങളില്‍ പ്രയോജനപ്പെടുമെന്ന് ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷണ സംഘത്തില്‍ അംഗമായ ഡോ.സമാന്ത ഡിസില്‍വ പറഞ്ഞു.

പ്രകാശത്തിനോട് പ്രതികരിക്കുന്ന വിധത്തിലായിരുന്നില്ല റെറ്റിനയിലെ കോശങ്ങള്‍. അവയെ ജനിതക സാങ്കേതികത ഉപയോഗിച്ച് കാഴ്ചക്ക് ഉതകുന്ന വിധത്തില്‍ മാറ്റിയെടുക്കുകയായിരുന്നു. അന്ധതയ്ക്ക് ഏറ്റവും വലിയ കാരണമായ ഗ്ലോക്കോമ ഉണ്ടാകുന്നത് തടയാനും ജനിതക തെറാപ്പിയിലൂടെ സാധിക്കുമെന്ന് എലികളില്‍ നടത്തിയ മറ്റൊരു പഠനത്തില്‍ വ്യക്തമായി. ഇതേ രീതി മനിഷ്യരിലും ഫലപ്രദമാകുമെന്ന് ഗവേഷകര്‍ പറഞ്ഞു.

ഒട്ടേറെപ്പേര്‍ അന്ധത മൂലം വിഷമിക്കുന്നുണ്ട്. ചികിത്സക്കായി എത്തുന്ന ഇവര്‍ക്ക് കാഴ്ച തിരികെ നല്‍കുന്നതിന് വളരെ ലളിതമായ രീതി ആവിഷ്‌കരിക്കപ്പെടുകയെന്നത് വളരെ ആവേശജനകമാണെന്ന് ഡോ.സമാന്ത പറഞ്ഞു. ഇത് രോഗികളില്‍ പരീക്ഷിക്കുന്നതാണ് അടുത്ത പടി. എലികള്‍ക്ക് എത്രമാത്രം കാഴ്ച തിരികെ ലഭിച്ചു എന്നത് മനസിലാക്കാന്‍ ഒട്ടേറെ പരീക്ഷണങ്ങള്‍ ഇപ്പോള്‍ നടന്നുവരികയാണെന്നും അവര്‍ പറഞ്ഞു.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: