അന്താരാഷ്ട്ര ചെസ്സില്‍ മലയാളി താരോദയം; വിശ്വനാഥന്‍ ആനന്ദിനെ തളച്ച് 14 കാരന്‍ നിഹാല്‍ സരിന്‍

കൊല്‍ക്കത്ത: ചെസ്സില്‍ അഞ്ചു തവണ ലോകചാമ്പ്യനായ വിശ്വനാഥന്‍ ആനന്ദിനെ സമനിലയില്‍ തളച്ച് പതിനാലുകാരന്‍ നിഹാല്‍ സരിന്‍. കൊല്‍ക്കത്തയില്‍ നടന്ന ടാറ്റ സ്റ്റീല്‍ രാജ്യാന്തര റാപിഡ് ചെസ് മത്സരത്തിന്റെ എട്ടാം റൗണ്ടിലാണ് മലയാളി താരത്തിന്റെ അദ്ഭുത പ്രകടനം. ഒമ്പത് മത്സരങ്ങളില്‍ ആറെണ്ണത്തിലും സമനില നേടി നിഹാല്‍ ഒമ്പതാമതെത്തി. മൂന്ന് മത്സരങ്ങളില്‍ പരാജയപ്പെട്ടു.

നിഹാല്‍ നേടിയ സമനിലകളെല്ലാം വമ്പന്‍ താരങ്ങള്‍ക്കെതിരേയാണ്. ആനന്ദിനെക്കൂടാതെ കഴിഞ്ഞ വര്‍ഷത്തെ ലോക ചാമ്പ്യന്‍ഷിപ്പില്‍ റണ്ണര്‍ അപ്പായ സെര്‍ജി കറിയാക്കിന്‍, നിലവിലെ ലോക മൂന്നാം നമ്പര്‍ താരം മാമദ്യെറോവ്, ലോക 25-ാം റാങ്കുകാരന്‍ ഹരികൃഷ്ണ, 44-ാം റാങ്കുകാരന്‍ വിദിത് ഗുജറാത്തി എന്നിവരേയാണ് തൃശൂരുകാരന്‍ സമനിലയില്‍ പിടിച്ചത്.

‘ഇതെന്റെ ആദ്യത്തെ സൂപ്പര്‍ ടൂര്‍ണമെന്റായിരുന്നു. ഒമ്പത് മത്സരങ്ങളില്‍ ആറ് സമനില. ഇത് മികച്ച നേട്ടമായിത്തന്നെയാണ് കാണുന്നത്’ മത്സരശേഷം നിഹാല്‍ പ്രതിരകിച്ചു.

തൃശൂര്‍ മുളങ്കുന്നതുകാവ് ഗവ. മെഡിക്കല്‍ കോളേജിലെ ഡെര്‍മറ്റോളജി വിഭാഗത്തിലെ ഡോ. സരിന്റെയും സൈക്യാട്രി വിഭാഗത്തിലെ ഡോ. ഷിജിന്റെയും മകനായ നിഹാല്‍ തൃശ്ശൂര്‍ ദേവമാതാ പബ്ലിക് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. കഴിഞ്ഞ ഓഗസ്റ്റില്‍ നിഹാല്‍ ലോക ചെസ് ഫെഡറേഷന്റെ ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി സ്വന്തമാക്കിയിരുന്നു. ഇന്ത്യയുടെ 53-ാം ഗ്രാന്‍ഡ്മാസ്റ്ററാണ് നിഹാല്‍, മൂന്നാമത്തെ മലയാളിയും. ലോകത്ത് ഈ പദവിയിലെത്തുന്ന 12-ാമത്തെ പ്രായം കുറഞ്ഞ ചെസ്സ് താരവും നിഹാലാണ്.

അബുദാബിയില്‍ നടന്ന മാസ്റ്റേഴ്സ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഉസ്ബെക്കിസ്താന്റെ തെമൂര്‍ കുയ്ബോകറോവിനെ സമനിലയില്‍ തളച്ചാണ് ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിക്ക് വേണ്ടിയിരുന്ന മൂന്നാം നോമും നിഹാല്‍ സ്വന്തമാക്കിയത്. ഇന്ത്യന്‍ ചെസ്സിലെ അദ്ഭുതബാലനായി അറിയപ്പെടുന്ന നിഹാല്‍ 2014-ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന അണ്ടര്‍-10 ലോക ചെസ്സില്‍ കിരീടം നേടിയ താരമാണ്.

 

Share this news

Leave a Reply

%d bloggers like this: