അനുമതിയില്ലാതെ തന്റെ ഗാനങ്ങള്‍ പാടരുത്; ചിത്രയ്ക്കും എസ് പി ബാലസുബ്രഹ്മണ്യത്തിനും ഇളയരാജയുടെ വക്കീല്‍ നോട്ടീസ്

അനുമതിയില്ലാതെ താന്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ സംഗീത വേദികളില്‍ പാടരുതെന്ന് ചൂണ്ടിക്കാട്ടി ചിത്രയ്ക്കും എസ് പി ബാലസുബ്രഹ്മണ്യത്തിനും സംഗീത സംവിധായകന്‍ ഇളയരാജയുടെ വക്കീല്‍ നോട്ടീസ്. പകര്‍പ്പവകാശ നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഇളയരാജ വക്കീല്‍ നോട്ടീസ് അയച്ച കാര്യം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ എസ് പി ബിയാണ് അറിയിച്ചത്. തനിക്കും ചിത്രയ്ക്കും മകന്‍ ചരണിനും പരിപാടിയുടെ മറ്റു സംഘാടകര്‍ക്കുമാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഇളയരാജയുടെ അനുമതിയില്ലാതെ പാട്ടുകള്‍ പാടരുതെന്നാണ് നോട്ടീസില്‍. അനുസരിച്ചില്ലെങ്കില്‍ കനത്ത പിഴയും നിയമനടപടിയും നേരിടേണ്ടി വരും.

മകന്‍ നേതൃത്വം നല്‍കുന്ന ലോകടൂറിലാണ് താനിപ്പോള്‍. ഓഗസ്റ്റില്‍ ടൊറന്റോയിലാണ് എസ് പി ബി50 എന്ന പേരിലുള്ള സംഗീതമേളയ്ക്ക് തുടക്കമായത്. അതിനുശേഷം റഷ്യ, ശ്രീലങ്ക, സിംഗപൂര്‍, ദുബൈ എന്നിവിടങ്ങളിലും ഇന്ത്യയിലെ നിരവധി ഇടങ്ങളിലും പരിപാടികള്‍ അവതരിപ്പിച്ചു. അപ്പോഴൊന്നും താന്‍ ഇളയരാജയുടെ പാട്ട് പാടിയതില്‍ പ്രശ്‌നമൊന്നും ഉയര്‍ന്നിരുന്നില്ല. യുഎസ് പര്യടനം നടന്നുകൊണ്ടിരിക്കുമ്പോഴാണ് വക്കീല്‍ നോട്ടീസ് ലഭിച്ചത്.

പകര്‍പ്പവകാശത്തെ കുറിച്ച് താന്‍ ബോധവാനായിരുന്നില്ല. പക്ഷെ നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണ് താന്‍. ഈ സാഹചര്യത്തില്‍ ഇളയരാജയുടെ പാട്ടുകള്‍ സംഗീത സദസ്സില്‍ അവതരിപ്പിക്കാന്‍ കഴിയില്ല. ദൈവകൃപയാല്‍ താന്‍ മറ്റു സംഗീത സംവിധായകരുടെ പാട്ടുകള്‍ പാടിയിട്ടുണ്ട്. ആ ഗാനങ്ങള്‍ സംഗീതമേളയില്‍ പാടും. ഈ വിഷയത്തില്‍ പരുഷമായ അഭിപ്രായ പ്രകടനങ്ങളോ ചര്‍ച്ചകളോ അരുതെന്ന് താന്‍ അപേക്ഷിക്കുകയാണ്. ഇതാണ് ദൈവത്തിന്റെ കല്‍പ്പനയെങ്കില്‍ അത് ആദരവോട് അനുസരിക്കാന്‍ താന്‍ തയ്യാറാണെന്ന് പറഞ്ഞാണ് എസ് പി ബിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

 
ഡികെ

Share this news

Leave a Reply

%d bloggers like this: