അനധികൃതമായി ഫ്‌ലാറ്റ് നിര്‍മ്മാണം; മരട് ഫ്‌ലാറ്റുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ അറസ്റ്റില്‍

കൊച്ചി: മരട് ഫ്‌ലാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍. ഫ്‌ലാറ്റ് സമൂച്ചയങ്ങളുമായി ബന്ധപ്പെട്ട ക്രമക്കേട് അന്വേഷിക്കുന്ന സംഘമാണ് മരട് പഞ്ചായത്ത് മുന്‍ സെക്രട്ടറി മുഹമ്മദ് അഷറഫ്, നിര്‍മ്മാണ കമ്പനി ഉടമ സാനി ഫ്രാന്‍സിസ്, മുന്‍ ജൂനിയര്‍ സൂപ്രണ്ട് ജോസഫ് എന്നിവരെ കസ്റ്റഡിയില്‍ എടുത്തത്. മുഹമ്മദ് അഷറഫ് സെക്രട്ടറിയായിരിക്കെയാണ് മരടില്‍ ഫ്‌ലാറ്റുകള്‍ നിര്‍മ്മിക്കുന്നതിന് അനുമതി നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.

അഴിമതി നിരോധന നിയമപ്രകാരമാണ് നടപടി. ഗൂഢാലോചന, വിശ്വാസ വഞ്ചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരവും നടപടിയുണ്ടായേക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. അതിനിടെ, മരടിലെ ഫ്‌ലാറ്റുകള്‍ ഒഴിയുന്നവര്‍ക്കുള്ള നഷ്ടപരിഹാരത്തുകയായ 25 ലക്ഷം രൂപ എല്ലാവര്‍ക്കും നല്‍കണമെന്ന് ആവശ്യവുമായി ഉടമകള്‍ രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്നും ഫ്ളാറ്റ് ഉടമകള്‍ വ്യക്തമാക്കി. ഓരോ ഉടമയ്ക്കും അര്‍ഹതപ്പെട്ട നഷ്ടപരിഹാരം ലഭിക്കണമെന്നാണ് ഇവര്‍ മുന്നോട്ട് വയ്ക്കുന്ന ആവശ്യം.

സുപ്രീം കോടതി നിയോഗിച്ച റിട്ട. ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ കമ്മറ്റി നല്‍കിയ ശുപാര്‍ശ പ്രകാരം പൊളിക്കുന്ന ഫ്ളാറ്റുകളുടെ ഉടമകളില്‍ മൂന്നുപേര്‍ക്കു മാത്രമാണ് ആദ്യഘട്ടത്തില്‍ 25ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കുകയെന്നതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. നഷ്ടപരിഹാരത്തുക നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട രേഖകളുടെ പരിശോധനയ്ക്ക് നഗരസഭയുടെ ഭാഗത്തുനിന്നോ നഷ്ടപരിഹാര സമിതിയുടെ ഭാഗത്തുനിന്നോ കൃത്യമായ യാതൊരു അറിയിപ്പും ലഭിക്കുന്നില്ലെന്നും ഉടമകള്‍ പറയുന്നു.

Share this news

Leave a Reply

%d bloggers like this: