അധികാര കേന്ദ്രങ്ങളും മാധ്യമങ്ങളും കൂട്ട്; മായം കലര്‍ത്തിയ കമ്പനികള്‍ സാധാരണക്കാരനെ പേടിപ്പിക്കുന്നത് ഇങ്ങനെ…

ഭക്ഷണപദാര്‍ഥങ്ങളില്‍ മായം കലര്‍ത്തിയത് കണ്ടുപിടിക്കപ്പെടുമ്പോള്‍ സാധാരണക്കാരന് നേരെ കണ്ണുരുട്ടിക്കാണിക്കുകയാണ് വന്‍കിട കമ്പനികള്‍. മായം കലര്‍ന്നതായ് സ്ഥിരീകരിക്കപ്പെടുന്ന അറിയിപ്പുകള്‍ പോലും പുറത്തുവിടാന്‍ ബന്ധപ്പെട്ട അധികാര കേന്ദ്രങ്ങള്‍ ഭയക്കുന്നു. മായംകലര്‍ന്ന ഭക്ഷ്യ ഉത്പന്നങ്ങള്‍ വില്പനക്ക് എത്തുന്നത് കണ്ടെത്തുന്നവരെ തീര്‍ത്തും നിശ്ശബ്ദരാക്കുന്ന ഇടപെടലുകളാണ് ഇത്തരം വന്‍കിട കമ്പനികള്‍ നടത്തുന്നത്.

അടുത്ത കാലത്ത് മായം കലര്‍ത്തലിന് പിടിക്കപ്പെട്ട കമ്പനികള്‍ വക്കീല്‍ നോട്ടീസ് അയച്ചത് വന്‍ വിവാദമായി. പരസ്യമായി മായം കലര്‍ത്തിയത് പിടിക്കപ്പെട്ട സ്ഥാപനം സമൂഹമാധ്യമങ്ങള്‍ക്കെതിരെ തിരിഞ്ഞത് വാര്‍ത്തയായിരുന്നു. അയര്‍ലണ്ടില്‍ ധാരാളമായി വിട്ടുപോയിരുന്ന ഉത്പന്നങ്ങള്‍ വിറ്റിരുന്ന കമ്പനിയെ കഴിഞ്ഞ ദിവസം മായംകലര്‍ത്തലിന് പിടിക്കപ്പെട്ടത് അയര്‍ലണ്ടിലെ മലയാളികള്‍ക്കിടയില്‍ ഇവരുടെ ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ ഉപേക്ഷിക്കുവാന്‍ കാരണമായി. എന്നാല്‍ ഇപ്പോഴും അയര്‍ലണ്ടിലെ മലയാളി കടകളില്‍ ഇവരുടെ ഉത്പന്നങ്ങള്‍ ലഭ്യമാണ് എന്നത് ഇത്തരക്കാര്‍ക്ക് വീണ്ടും ഇത്തരം മായം കലര്‍ത്താലുകാര്‍ക്ക് പ്രേരണയാകുന്നുണ്ട് എന്നതാണ് സത്യം.

കമ്പനികളില്‍ നിന്ന് കോടിക്കണക്കിന് രൂപ പരസ്യ ഇനത്തില്‍ ഈടാക്കുന്നതിനാല്‍ കേരളത്തില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ ഭക്ഷണപദാര്‍ഥങ്ങളില്‍ മായവുമായി ബന്ധപ്പെട്ട കാര്യത്തില്‍ മൗനം കാത്തുസൂക്ഷിക്കുകയാണ്. മാധ്യമസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നതില്‍ കര്‍ശന വിലക്കും ഏര്‍പ്പെടുത്തി വരികയാണ്. നിഷിപ്ത താത്പര്യങ്ങള്‍ക്ക് വഴങ്ങി മലയാളികളെ വിഷപദാര്‍ത്ഥങ്ങള്‍ തീറ്റിച്ച് രോഗികളാക്കുന്നതില്‍ മാധ്യമ സ്ഥാപനങ്ങള്‍ക്കും ബന്ധപ്പെട്ട അധികാര കേന്ദ്രങ്ങള്‍ക്കും ഒരുപോലെ ഉത്തരവാദിത്വം ഉണ്ടെന്ന് പറയാതിരിക്കാന്‍ വയ്യ.

ഇതിനെതിരെ ശബ്ദിക്കുന്നവര്‍ കുറ്റവാളികളായി മുദ്രകുത്തപ്പെടുന്ന സാഹചര്യങ്ങളും കുറവല്ല. ഓരോ 6 മാസക്കാലത്തും, ചുരുങ്ങിയത് വര്‍ഷത്തില്‍ ഒരിക്കലെങ്കിലും വിപണിയിലെത്തുന്ന ഭക്ഷ്യ വസ്തുക്കള്‍ പരിശോധിച്ച് അപകടകരമായി കണ്ടെത്തുന്ന ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ക്കെതിരെ പൊതുജന നോട്ടീസ് നല്‍കേണ്ട അധികാരികള്‍, പരാതികള്‍ ലഭിക്കുമ്പോള്‍ മാത്രമാണ് ഈ ചടങ്ങ് നടത്തുന്നത് എന്നതും ഏറെ വിചിത്രകാരമാണ്.

കേരളത്തില്‍ പ്രതിവര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മാരക രോഗങ്ങള്‍ക്ക് 70 ശതമാനം വരെ കാരണമാവുന്നത് ഭക്ഷണപദാര്‍ഥങ്ങളില്‍ അടങ്ങിയ വിഷമാണെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. കൊള്ളലാഭം കൊയ്യുന്ന ബ്രാന്‍ഡുകളെ നിലക്ക് നിര്‍ത്താന്‍ ഇവയുടെ ഉത്പന്നങ്ങള്‍ പരമാവധി ഒഴിവാക്കി ചെറുത്ത് തോല്‍പ്പിക്കുക മാത്രമാണ് ഏറെ പോംവഴി. ആകര്‍ഷകമായ പരസ്യങ്ങള്‍ നല്‍കി പൊതുജനങ്ങളെ ആകര്‍ഷണവലയില്‍ വീഴ്ത്തി ബ്രാന്‍ഡഡ് ഉത്പന്നങ്ങളോട് അമിതമായ വിശ്വാസം തോന്നത്തക്കവിധത്തിലുള്ള മനഃശാസ്ത്രപരമായ സമീപനമാണ് കമ്പനികള്‍ സ്വീകരിക്കുന്നത്.

പരസ്യം ചെയ്യപ്പെടുന്ന ഉത്പന്നങ്ങള്‍ക്ക് ഗുണനിലവാരം ഉറപ്പ് വരുത്തുന്ന നിയമങ്ങള്‍ ഇന്ത്യയില്‍ ഉണ്ടെങ്കിലും ഇത് നടപ്പിലാക്കപ്പെടുന്നില്ല എന്നതാണ് വസ്തുത. മായം കലരാത്ത പ്രാദേശിക അടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യ ഉത്പന്നങ്ങളോട് മലയാളായി കാണിക്കുന്ന അവഗണനാ മനോഭാവം മാറേണ്ടതുണ്ട്. ഇത്തരത്തില്‍ നിര്‍മ്മിക്കപ്പെടുന്ന അംഗീകൃത ഭക്ഷ്യ ഉത്പന്നങ്ങള്‍ തിരഞ്ഞെടുത്താല്‍ വലിയൊരളവില്‍ അപകടങ്ങള്‍ ഒഴിവാക്കാം.

ഡികെ

Share this news

Leave a Reply

%d bloggers like this: