അധികാരികള്‍ അറിയുന്നുണ്ടോ ഡ്രൈവര്‍മാരുടെ ദുരിതം…ബസ് ഡ്രൈവര്‍മാര്‍ മൂത്രമൊഴിക്കുന്നത് ബോട്ടിലുകളില്‍

ഡബ്ലിന്‍: ഡബ്ലിന്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ സൗകര്യമില്ലെന്ന് റിപ്പോര്‍ട്ടുകള്‍. നാഷണല്‍ ബസ് ആന്‍ഡ് റെയില്‍ യൂണിയന്‍ ദേശീയ വാര്‍ത്താ ഏജന്‍സിക്ക് മുന്നില്‍ ഡ്രൈവര്‍മാരുടെ ദാരുണാവസ്ഥ വിവരിക്കുകയായിരുന്നു. ദീര്‍ഘദൂര റൂട്ടുകളിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

ഡബ്ലിന്‍ ബസിന്റെ തൊട്ടടുത്ത ഡിപ്പോകളില്‍ പ്രാഥമികകൃത്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ബസ് മാനേജര്‍മാര്‍ അനുവദിക്കാറില്ലെന്ന് ഡ്രൈവര്‍മാര്‍ ആരോപണം ഉന്നയിച്ചിരിക്കുകയാണ്. ഇത്തരം ആവശ്യങ്ങള്‍ക്ക് വേണ്ടി ബസ് നിര്‍ത്തിയിടുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന രീതിയാണ് മാനേജര്‍മാര്‍ പിന്തുടരുന്നത്. ബസ് ജീവനക്കാര്‍ നേരിടുന്ന ഈ വിഷമഘട്ടം പരിഹരിക്കാന്‍ ദേശീയ ട്രാന്‍സ്പോര്‍ട്ട് വകുപ്പ് യാതൊരു നടപടികളും കൈക്കൊള്ളുന്നില്ലെന്ന് ബസ് ജീവനക്കാര്‍ പറയുന്നു.

ദീര്‍ഘദൂര ഓട്ടത്തിനിടയില്‍ ബോട്ടില്‍ കൈവശം കരുതി മൂത്രമൊഴിക്കുകയാണ് പല ജീവനക്കാരും ചെയ്യുന്നത്. തൊട്ടടുത്ത ഡിപ്പോകളിലെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ നിലനിര്‍ത്തണമെന്നാണ് ബസ് ജീവനക്കാരുടെ ആവശ്യം. തൊഴിലെടുക്കുന്നവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കേണ്ടത് തൊഴില്‍ദാതാവിന്റെ കര്‍ത്തവ്യമാണെങ്കിലും ഇത് കൃത്യമായി പാലിക്കുന്ന തൊഴിലിടങ്ങളുടെ എണ്ണവും അയര്‍ലണ്ടില്‍ കുറഞ്ഞു വരികയാണ്.

ഹൗസിങ് എസ്‌റേറ്റിലൂടെയുള്ള യാത്രയാണ് ഡ്രൈവര്‍മാര്‍ക്ക് ഏറെ ദുരിതം സമ്മാനിക്കുന്നത്. വീടിന്റെ ജനലുകള്‍ തുറന്നു നോക്കിയാല്‍ കുപ്പിയില്‍ മൂത്രമൊഴിക്കുന്ന ഡ്രൈവര്‍മാരെ മാത്രമാണ് സ്ഥിരമായി കാണുന്നതെന്ന് rathfarnham ഹൗസിങ് എസ്റ്റേറ്റിലെ സ്ത്രീകള്‍ പറയുന്നു. ഈ വഴികളിലൂടെ ഡ്രൈവ് ചെയ്യുന്ന സ്ത്രീകള്‍ക്കും ഇത് പതിവ് കാഴ്ചയാണ്. ഇതിനെക്കുറിച്ച് ട്രാന്‍സ്പോര്‍ട്ട് വകുപ്പിന് പരാതി നല്‍കിയ സ്ത്രീകളും കുറവല്ല.

അപമാനഭാരം സഹിക്കാന്‍ കഴിയാതെ ഡബ്ലിന്‍ ബസ്സിലെ ഡ്രൈവര്‍ പണി ഉപേക്ഷിച്ച് പോയ സഹപ്രവര്‍ത്തകരെക്കുറിച്ചും ജീവനക്കാര്‍ ഓര്‍ത്തെടുക്കുന്നു. രാജ്യത്തെ ലേബര്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ടുള്ള എന്‍.ടി.എ-യുടെ തൊഴില്‍ നിയമങ്ങള്‍ തീര്‍ച്ചയായും മാറേണ്ടതുണ്ട്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: