അത്യാഹിതചികിത്സ നിഷേധിച്ചാല്‍ ഡോക്ടര്‍ക്ക് തടവും പിഴയും ആശുപത്രിയുടെ ലൈസന്‍സും പോകും

 

അത്യാഹിത വിഭാഗത്തിലെത്തിക്കുന്ന രോഗികള്‍ക്ക് ചികിത്സ നിഷേധിച്ചാല്‍ ആശുപത്രികളുടെ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ. ന്യായീകരിക്കാനാവാത്ത കാരണങ്ങളാല്‍ ചികിത്സ നല്‍കാന്‍ വിസമ്മതിക്കുന്ന ഡോക്ടര്‍ക്ക് ഒരുവര്‍ഷം തടവും 25,000 രൂപവരെ പിഴയും ലഭിക്കുന്ന നിയമ നിര്‍മ്മാണത്തിന് ശുപാര്‍ശ.

അടിയന്തര ചികിത്സവേണ്ട രോഗികളെ കൊണ്ടുപോകാന്‍ തയ്യാറാവാത്ത ആംബുലന്‍സ് ഉടമകള്‍ക്കും സമാനശിക്ഷ ശുപാര്‍ശചെയ്യുന്ന നിയമനിര്‍മാണം സര്‍ക്കാരിന്റെ പരിഗണനയിലാണ്. നഴ്സിങ് ഹോമുകള്‍മുതല്‍ സ്വകാര്യമേഖലയിലെ മെഡിക്കല്‍ കോളേജുകള്‍ക്കുവരെ നിയമം ബാധകമാക്കാനാണ് ഉദ്ദേശിക്കുന്നത്.

ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ നിയമപരിഷ്‌കാര കമ്മിഷനാണ് കരട് ബില്‍ തയ്യാറാക്കിയത്. പൊതുജനാഭിപ്രായം സ്വരൂപിച്ചശേഷം നിയമനിര്‍മാണത്തിലേക്ക് കടക്കും. റോഡപകടങ്ങള്‍മുതല്‍ പ്രസവസംബന്ധമായ അടിയന്തര ചികിത്സവരെ അത്യാഹിതചികിത്സയുടെ നിര്‍വചനത്തില്‍ വരും. ബില്‍ നിയമമായാല്‍, ചികിത്സയ്ക്ക് വിസമ്മതിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരേ മെഡിക്കല്‍ കൗണ്‍സില്‍ വഴിയുള്ള അച്ചടക്കനടപടികളും സര്‍ക്കാരിന് സ്വീകരിക്കാനാവും.

കഴിഞ്ഞവര്‍ഷം കൊല്ലം ചാത്തന്നൂരില്‍ അപകടത്തില്‍പ്പെട്ട നാഗര്‍കോവില്‍ സ്വദേശി മുരുകന്‍ ചികിത്സകിട്ടാതെ മരിച്ച സംഭവത്തെത്തുടര്‍ന്നാണ് നിയമനിര്‍മാണത്തിന്റെ സാധ്യത കമ്മിഷന്‍ പരിശോധിച്ചത്. മുരുകന് കൊല്ലത്തെ മൂന്ന് സ്വകാര്യ ആശുപത്രികളിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ചികിത്സ നിഷേധിച്ചെന്നായിരുന്നു ആരോപണം. ആരോഗ്യവകുപ്പും പോലീസുമൊക്കെ അന്വേഷിച്ചെങ്കിലും കാര്യമായ നടപടികളുണ്ടായില്ല. മുരുകന്റെ കുടുംബത്തിന് പിന്നീട് സര്‍ക്കാര്‍ സഹായം അനുവദിച്ചു.

എ എം

Share this news

Leave a Reply

%d bloggers like this: