അതെ, ഞാനൊരു ചെത്ത് തൊഴിലാളിയുടെ മകനാണ്’: ജാതി പറഞ്ഞ് ആക്ഷേപിക്കുന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി

തന്നെ ജാതീയമായി അധിക്ഷേപിക്കുന്നവര്‍ക്ക് ലളിതമായ രീതിയില്‍ മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ”എത്രകാലമായി വ്യക്തിപരമായ അധിക്ഷേപം കേള്‍ക്കുന്നു. അവര്‍ പറയട്ടെ. ഇപ്പോള്‍ ജാതി കൂടി പറയുന്നു. അതൊരു പുതിയ വിദ്യയാണ്. ഞാന്‍ ഏത് ജാതിയില്‍ ആയിരുന്നുവെന്നു അവര്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു.” മുഖ്യമന്ത്രി പറഞ്ഞു. ജാതീയമായി ഉയരുന്ന അധിക്ഷേപങ്ങളോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

പണ്ട് ചാതുര്‍വര്‍ണ്ണ്യം നിലനിന്ന കാലത്ത് ഇന്നജാതിയില്‍ പെട്ടയാള്‍ ഇന്ന ജോലിയേ എടുക്കാന്‍ പാടുള്ളൂ എന്നുണ്ടായിരുന്നു. ഞാന്‍ പലപ്പോഴും പറയാറുള്ളതുപോലെ എന്റെ അച്ഛന്‍ ചെത്തുതൊഴിലാളിയായിരുന്നു. ചേട്ടന്‍മാര്‍ ചെത്തു തൊഴിലാളികളായിരുന്നു. അതു കൊണ്ട് വിജയനും അതേ ജോലിയേ എടുക്കാവൂ എന്ന് ആഗ്രഹിക്കുന്നവരുണ്ടാകും . പറഞ്ഞിട്ടെന്തുകാര്യം ആ കാലം മാറിപ്പോയില്ലേ. പുതിയ കാലമല്ലേ . അത് ഈ പറയുന്നവര്‍ മനസ്സിലാക്കിയാല്‍ നന്ന്.” മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായി അധിക്ഷേപിച്ച് ബിജെപി മുഖപത്രത്തില്‍ കാര്‍ട്ടൂണ്‍ പ്രത്യക്ഷപ്പെട്ടത് വലിയ വിവാദം ഉണ്ടാക്കിയിരുന്നു. ഇതിനു പുറമെ ബി ജെ പി – ആര്‍ എസ് എസ് നേതാക്കളും മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ചിരുന്നെങ്കിലും അദ്ദേഹം പ്രതികരിച്ചിരുന്നില്ല.

അതെ സമയം ശബരിമലയില്‍ യുവതീ പ്രവേശനം നടന്നതിന്റെ പേരില്‍ ശബരിമല കര്‍മ സമിതി ബിജെപി പിന്തുണയോടെ നടത്തുന്ന ഹര്‍ത്താലിലെ ആക്രമങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി ആഞ്ഞടിച്ചു. അക്രമങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.ശബരിമലയെ സംഘര്‍ഷ ഭുമിയാക്കാന്‍ ശ്രമിക്കുന്നു. സുപ്രീം കോടതി വിധി അട്ടിമറിക്കാനാണ് പ്രതിഷേധക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍ ശ്രമങ്ങള്‍ സമാധാനം പാലിക്കാനായിരുന്നു. വിധി നടപ്പാക്കാന്‍ ബാധ്യസ്ഥരായ പോലീസ് പോലീസ്. അതിനാണ് ഇടപെടലുകള്‍. എന്നാല്‍ സംസ്ഥാനത്ത് സംഘര്‍ഷം ഉണ്ടാക്കുന്നനിള്ള നിര്‍ദേശം താഴെ തട്ടിലേക്ക് ലഭിച്ചതാണ് ഹര്‍ത്താലിനോട് അനുബന്ധിച്ചുള്ള അക്രമത്തിന് കാരണം.

അക്രമത്തിന് പിന്നില്‍ സംഘടിതമായ നിര്‍ദേശവും രാഷ്ട്രീയ ഇടപെടലും ഉണ്ടായിട്ടുണ്ട്. ഇതിനാലാണ് സാധാരണക്കാര്‍ അക്രമത്തിന് മുതിര്‍ന്നത്. ശബരിമല വിഷയത്തില്‍ അഞ്ചാമത്തെ ഹര്‍ത്താല്‍. മുന്ന് മാസത്തിനിടെ ഏഴ് ഹര്‍ത്താലുകള്‍. ആത്മഹത്യ, അപകടമരണം എന്നിവക്കെല്ലാം ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയാണ് ബിജെപി. അവസാന സമരമാര്‍ഗമായി ഉപയോഗിക്കുന്ന ഹര്‍ത്താല്‍ തോന്നും പോലെ പ്രഖ്യാപിക്കുകയാണ് ബിജെപി. സുപ്രീം കോടതി വിധിക്കെതിരെയാണ് ഹര്‍ത്താലെന്നും അദ്ദേഹം ആരോപിക്കുന്നു.

വിശ്വാസങ്ങള്‍ക്ക് സര്‍ക്കാര്‍ എതിരല്ല. നടയടച്ച തന്ത്രിയുടെ നിലപാട് സുപ്രീം കോടതി വിധിയുടെ ലംഘനമാണ്. ഇത് നടയടച്ചത് വിചിത്രമായ നടപടിയാണ്. ഇത്തരം നടപടികള്‍ അംഗീകരിക്കാനാവില്ല. വിധി നടപ്പാക്കാന്‍ ബാധ്യതയുള്ള വ്യക്തിയാണ് ശബരിമലയിലെ തന്ത്രി. വിധിയോട് എതിര്‍പ്പുണ്ടെങ്കില്‍ തന്തിക്ക് സ്ഥാനമൊഴിയാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: