അതിശൈത്യത്തില്‍ യൂറോപ്പ് വിറയ്ക്കുന്നു; അറുപതിലധികം മരണം, പലയിടത്തും വിമാന ഗതാഗതം തടസപ്പെട്ടു

 

അതിശൈത്യം യൂറോപ്പിനെ മുഴുവന്‍ ബാധിച്ചിരിക്കുകയാണ്. അറുപതിലധികം പേര്‍ക്ക് കൊടുംതണുപ്പില്‍ ജീവഹാനി സംഭവിച്ചു. പോളണ്ടില്‍ മാത്രം 29 പേരാണ് മരിച്ചത്. ചെക് റിപ്പബ്ലിക്, ലിത്വാനിയ, ഫ്രാന്‍സ്, സ്ലോവാക്യ, സ്പെയിന്‍, ഇറ്റലി, സെര്‍ബിയ, റൊമാനിയ, സ്ലോവീനിയ, ബ്രിട്ടന്‍, നെതര്‍ലാന്‍ഡ്സ് എന്നിവിടങ്ങളിലാണ് മരണങ്ങള്‍. തെരുവില്‍ അന്തിയുറങ്ങിയരുന്നവര്‍ക്കാണ് ജിവന്‍ നഷ്ടപ്പെട്ടത്. പലയിടത്തും ഇത്തരക്കാര്‍ക്കു വേണ്ടി ഷെല്‍ട്ടറുകള്‍ തുറന്നിട്ടുണ്ട്.

പലയിടത്തും വിമാന സര്‍വീസുകള്‍ തടസപ്പെട്ടു. അയര്‍ലന്‍ഡില്‍ ഏതാണ്ട് എല്ലാ വിമാന സര്‍വീസുകളും നിറുത്തി വച്ചു. ഇവിടെ ആയിരങ്ങള്‍ വൈദ്യുതി ഇല്ലാതെയും കഷ്ടപ്പെടുകയാണ്.പലയിടത്തും ട്രെയിന്‍ ഗതാഗതവും മുടങ്ങി. ശീതക്കാറ്റും, കനത്ത മഞ്ഞുവീഴ്ചയും ശനി, ഞായര്‍ ദിവസങ്ങളില്‍ അയര്‍ലണ്ടില്‍ അനുഭവപ്പെടുമെന്ന് കാലാവസ്ഥാ കേന്ദ്രങ്ങള്‍ അറിയിച്ചു. സൈനികരാണ് ആരോഗ്യ മേഖലയിലെ പ്രവര്‍ത്തകരെ ആശുപത്രികളില്‍ എത്തിക്കുന്നത്. അത്യാവശ്യക്കാര്‍ മാത്രമേ റോഡില്‍ ഇറങ്ങാവൂ എന്നും പോലീസ് നിര്‍ദേശിച്ചു. ബ്രിട്ടന്‍, അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ മാത്രം 1250 ലധികം വിമാന സര്‍വീസുകള്‍ റദ്ദാക്കി.

പല നഗരങ്ങളിലും തീവണ്ടിഗതാഗതം റദ്ദാക്കി. അയര്‍ലണ്ടില്‍ നൂറുകണക്കിന് വാഹനങ്ങള്‍ രാത്രി വഴിയില്‍ കുടുങ്ങി. വിമാനത്താവളങ്ങളും സ്‌കൂളുകളും അടച്ചു. 1982-നുശേഷമുള്ള ഏറ്റവും കടുത്ത ശൈത്യമാണ് ബ്രിട്ടനിലും അയര്‍ലന്‍ഡിലും അനുഭവപ്പെടുന്നത്. പലയിടങ്ങളിലും തറനിരപ്പില്‍നിന്ന് 32 സെന്റീമീറ്റര്‍വരെ ഉയരത്തില്‍ മഞ്ഞടിഞ്ഞു. ചിലയിടങ്ങളില്‍ മൈനസ് 10 ഡിഗ്രിയില്‍ താഴെയാണ് താപനില. യാത്ര അപകടകരമായതിനാല്‍ വീടുകളില്‍ത്തന്നെ സുരക്ഷരായിരിക്കാന്‍ അയര്‍ലന്‍ഡിലെയും ബ്രിട്ടനിലെയും കാലാവസ്ഥാകേന്ദ്രങ്ങള്‍ ജനങ്ങളോട് നിര്‍ദേശിച്ചു. ഭവന രഹിതരായവര്‍ക്ക് വേണ്ടി പല രാജ്യങ്ങളും അടിയന്തര അഭയ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

 

 

 

 

 

Share this news

Leave a Reply

%d bloggers like this: