അതിശൈത്യത്തില്‍ അയര്‍ലണ്ടിലെ താപനില ഇന്ന് രാത്രി മൈനസ് രണ്ട് ഡിഗ്രിയിലേക്ക്

ഡബ്ലിന്‍: അധികം ദുരിതം വിതയ്ക്കാത്ത ജനുവരി മാസത്തിന് അവസാനമാകുന്നുവെന്ന സൂചന നല്‍കി ഇന്ന് രാത്രി രാജ്യത്തെ വിവിധ പ്രദേശങ്ങള്‍ മൈനസ് 2 ഡിഗ്രി സെല്‍ഷ്യസിലേക്ക് കൂപ്പുകുത്തുമെന്ന് മെറ്റ് ഐറാന്‍ സൂചന നല്‍കി. ആര്‍ട്ടിക്കില്‍ നിന്നുള്ള ശൈത്യക്കാറ്റാണ് അയര്‍ലന്റിനെ കൊടുംതണുപ്പിലേക്ക് നയിക്കുന്നത്. പല ഭാഗങ്ങളിലും ആലിപ്പഴം പൊഴിയാനും സാധ്യതയുണ്ട്. മൂടല്‍ മഞ്ഞ് ഉള്ളതിനാല്‍ ഹെല്‍ത്ത്- ട്രാന്‍സ്പോര്‍ട്ട് അധികൃതര്‍ ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആര്‍ട്ടിക്കില്‍ നിന്നുമുള്ള ശൈത്യപ്രവാഹത്തെ തുടര്‍ന്ന് അയര്‍ലണ്ട് അടക്കമുള്ള മിക്ക യൂറോപ്യന്‍ രാജ്യങ്ങളും കടുത്ത തണുപ്പിന്റെ പിടിയിലായിരിക്കുകയാണ്.

തെക്ക്-കിഴക്കന്‍ പ്രദേശങ്ങളില്‍ വൈകുനേരം മുതല്‍ മഴയ്ക്കും സാധ്യതയുണ്ട്. പകല്‍ താപനില 5 ഡിഗ്രി സെല്‍ഷ്യസ് വരെ മാത്രമാകും. വാരാന്ത്യം വരെ ഈ കാലാവസ്ഥ തുടരുകയും ചെയ്യും. വളരെ നേരിയ തോതില്‍ ആരംഭിക്കുന്ന ശൈത്യം പിന്നീട് മൂര്‍ധന്യത്തിലെത്തുകയായിരിക്കും ചെയ്യുന്നതെന്നാണ് അധികൃതര്‍ മുന്നറിയിപ്പേകുന്നത്. പുലര്‍കാലങ്ങളില്‍ പൊടിമഞ്ഞും പുകമഞ്ഞും കടുത്ത ഭീഷണി ഉയര്‍ത്തുമെന്നും മുന്നറിയിപ്പുണ്ട്.

കൊടും തണുപ്പില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഉടനെയൊന്നും മോചനമില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നത്. ഇത്തരം പ്രതികൂലമായ കാലാവസ്ഥ അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനെ തുടര്‍ന്ന് യൂറോപ്പിലാകമാനം മരിച്ചവരുടെ എണ്ണം 21 ആയാണ് വര്‍ധിച്ചിരിക്കുന്നത്. ഇന്നലെ സ്വിറ്റ് സര്‍സണ്ടിലെ റസ്റ്റോറന്റിന് മുകളിലേക്ക് കൂറ്റന്‍ മഞ്ഞ് മല ഇടിഞ്ഞ് വീണതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്ത് വന്നിരുന്നു. അപകടകരമായ കാലാവസ്ഥയില്‍ സൈക്ലിംഗിനിടയില്‍ മരിച്ചവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. താപനില മൈനസ് 23 വരെ ആയതോടെ യൂറോപ്യന്‍ രാജ്യങ്ങളെല്ലാം തണുത്ത് വിറയ്ക്കുകയാണ്. വരും ദിനങ്ങളില്‍ ബ്രിട്ടനെ കാത്തിരിക്കുന്നത് എല്ല് മരവിപ്പിക്കുന്ന കൊടും തണുപ്പാണെന്നാണ് റിപ്പോര്‍ട്ട്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: