അതിശൈത്യത്തില്‍ അയര്‍ലണ്ടിലെ താപനില മൈനസ് രണ്ട് ഡിഗ്രിയിലേക്ക്

ഡബ്ലിന്‍: ഡിസംബറിലെ ആദ്യ വാരത്തില്‍ തന്നെ രാജ്യത്താകമാനം ഹിമപാതം ശക്തമാകുമെന്നും മൈനസ് രണ്ട് ഡിഗ്രി സെല്‍ഷ്യസ് നിലവാരത്തിലേക്ക് താപനില താഴുമെന്നും കാലാവസ്ഥ നിരീക്ഷകര്‍ പ്രവചിക്കുന്നത്. അതിശൈത്യത്തിന് കാരണം ആര്‍ട്ടിക്കില്‍ നിന്നുമെത്തുന്ന തണുപ്പും ഹിമക്കാറ്റുകളുമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് റോഡിലൂടെയുള്ള യാത്രകള്‍ക്ക് വിവിധ തടസങ്ങള്‍ ഉണ്ടായേക്കാമെന്നും മുന്നറിയിപ്പുണ്ട്. ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്വര്‍ക്കുകളെയും ഇത് തീര്‍ത്തും പ്രതികൂലമായി ബാധിക്കുന്നതാണ്. റെയില്‍വേ സര്‍വീസുകളിലും എയര്‍പോര്‍ട്ടുകളിലും ഇത് കടുത്ത രീതിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്.

ഇന്ന് രാത്രി മുതല്‍ താപനില മൈനസ് രണ്ട് ഡ്രിഗ്രി സെല്‍ഷ്യസ് വരെ താഴാം. മൂടല്‍ മഞ്ഞ് ഉള്ളതിനാല്‍ ഹെല്‍ത്ത്- ട്രാന്‍സ്‌പോര്‍ട്ട് അധികൃതര്‍ ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആര്‍ട്ടിക്കില്‍ നിന്നുമുള്ള ശൈത്യപ്രവാഹത്തെ തുടര്‍ന്ന് അയര്‍ലണ്ട് അടക്കമുള്ള മിക്ക യൂറോപ്യന്‍ രാജ്യങ്ങളും കടുത്ത തണുപ്പിന്റെ പിടിയിലായിരിക്കുകയാണ്. ഭൂരിഭാഗം രാജ്യങ്ങളിലും ഇതിനെ തുടര്‍ന്ന് നാലിഞ്ച് വരെ മഞ്ഞ് വീഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

അടുത്ത ഏതാനും ദിവസങ്ങളില്‍ മിക്കവാറും എല്ലാ കൗണ്ടികളിലും വ്യാപകമായ മഞ്ഞും ഹിമപാതവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഈ ആഴ്ചയുടെ അവസാനത്തോടെ ഊഷ്മാവ് ശരാശരിക്കും താഴെപ്പോകുന്ന അവസ്ഥയാണ് സംജാതമാകാന്‍ പോകുന്നതെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ അഭിപ്രായം. അതായത് വളരെ നേരിയ തോതില്‍ ആരംഭിക്കുന്ന ശൈത്യം പിന്നീട് മൂര്‍ധന്യത്തിലെത്തുകയായിരിക്കും ചെയ്യുന്നതെന്നാണ് അധികൃതര്‍ മുന്നറിയിപ്പേകുന്നത്. കടുത്ത രീതിയിലുള്ള കാലാവസ്ഥ മാറ്റങ്ങളെ കാലാവസ്ഥാ വിദഗ്ധര്‍ സൂക്ഷ്മമായി നീരീക്ഷിച്ച് വരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ പ്രായമായവര്‍, കുട്ടികള്‍, രോഗികള്‍ തുടങ്ങിയവര്‍ അത്യധികമായ കരുതല്‍ എടുക്കണമെന്ന് ആരോഗ്യ വിദഗ്ധരും മുന്നറിയിപ്പേകുന്നുണ്ട്.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: