അതിശക്തമായ മഴ ; വിവിധ ജില്ലകളില്‍ റെഡ്,ഓറഞ്ച് അലേര്‍ട്ടുകള്‍ ; അതീവ ജാഗ്രത തുടരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് ഇന്നു മുതല്‍ ജൂണ്‍ 18 വരെ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട്, പാലക്കാട് എന്നീ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണു പ്രഖ്യാപിച്ചിരിക്കുന്നത്. മാത്രമല്ല ശക്തമായ മഴ, പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് ജാഗ്രതാ നിര്‍ദേശവും നല്‍കി. അതീവജാഗ്രത തുടരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

കോഴിക്കോട്: കനത്ത നാശം വിതച്ച് മഴ തുടരുന്നു. മലയോര മേഖലകളില്‍ വ്യാപകനാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ആറിടത്ത് ഉരുള്‍പൊട്ടി. ജില്ലയില്‍ കാലവര്‍ഷക്കെടുതിയില്‍ നാല് പേര്‍ മരിച്ചു. മുന്ന് കുടുബങ്ങളിലുള്ളവരെ കാണാനില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.ദേശീയ ദുരന്തനിവാരണസേനയും എന്‍സിആര്‍എഫും ജില്ലയില്‍ ക്യാമ്പ് ആരംഭിച്ചു. തിങ്കളാഴ്ച്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ജില്ലയില്‍ ആറിടത്താണ് ഉരുള്‍പ്പൊട്ടലുണ്ടായത്. പരുക്കേറ്റ അഞ്ചുപേരേ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മഴ തുടരുന്നതിനാല്‍ വയനാട് ചുരം വഴിയുള്ള വാഹന ഗതാഗതം പരമാവധി ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്. പലയിടത്തും ഡാമുകള്‍ തുറന്നു. പുഴയോരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.

ദുരന്തനിവാരണത്തിന് ആവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കുമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു. 50 പേരാണ് ദുരന്ത നിവാരണ സേനയില്‍ ഉള്ളത്. ആവശ്യമെങ്കില്‍ തമിഴ്നാട്ടില്‍ നിന്നുള്ള സേനയും ജില്ലയില്‍ എത്തും. ഉരുള്‍പൊട്ടലില്‍ മാക്കൂട്ടത്ത് റോഡ് ഒലിച്ചുപോയ സാഹചര്യത്തിലാണ് ഗതാഗതം നിരോധിച്ചിരിക്കുന്നത്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ക്ക് റെഡ് അലേര്‍ട്ട് നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് ഈ മാസം 18 വരെ ശക്തമായ മഴ തുടരുമെന്നാണ് ദുരന്തനിവാരണസേനയുടെ മുന്നറിയിപ്പ്. മലയോര മേഖലകളില്‍ ഉരുള്‍പൊട്ടാന്‍ സാധ്യതയുള്ളതിനാല്‍ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകള്‍ക്ക് റെഡ് അലേര്‍ട്ട് നല്‍കിയിരിക്കുകയാണ്. ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകള്‍ക്ക് ഓറഞ്ച് അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. കാലവര്‍ഷക്കെടുതി നേരിടാന്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. മഴക്കെടുതി രൂക്ഷമായ ഏഴ് ജില്ലകളില്‍ ദുരിതാശ്വാസത്തിന് ഫണ്ട് അനുവദിച്ചു. കോഴിക്കോടിന് 90 ലക്ഷവും മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ക്ക് 55 ലക്ഷം വീതവും വയനാടിന് 50 ലക്ഷവും ഇടുക്കി, കോട്ടയം ജില്ലകള്‍ക്ക് 35 ലക്ഷം വീതവുമാണ് അനുവദിച്ചിരിക്കുന്നത്.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: