അതിര്‍ത്തി കരാറുകള്‍ ഫലവത്തായില്ല: ബ്രക്സിറ്റ് ചര്‍ച്ചകളുടെ നിറം മങ്ങുന്നു

ഡബ്ലിന്‍: യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും തമ്മിലുള്ള സന്ധി സംഭാഷണങ്ങള്‍ വേണ്ട വിധത്തില്‍ ഫലപ്രദമാകുന്നില്ല. അതിര്‍ത്തി തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കുമെന്ന് യു.കെ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും തുടര്‍നടപടികള്‍ വൈകിപ്പിക്കുന്നതില്‍ ഇ.യു അതൃപ്തി പ്രകടിപ്പിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും ഇ.യു കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്‌ളോസ് ജംഗറും ബ്രസല്‍സില്‍ വെച്ച് നടത്തിയ ഒത്തുതീര്‍പ്പ് സംഭാഷണമാണ് ഫലം കാണാതെ പിരിഞ്ഞത്.

ബ്രിട്ടന്റെ അതിര്‍ത്തി കാര്യങ്ങളില്‍ ഉള്ള നിലപാടില്‍ ആശങ്ക ഉണ്ടെന്ന് ഐറിഷ് പ്രധാനമന്ത്രി ലിയോ വരേദ്കറും വ്യക്തമാക്കി. യു.കെ യൂണിയന് പുറത്തേക്ക് പോയാലും ഇരു രാജ്യങ്ങളും തമ്മില്‍ ഊഷ്മളമായ ബന്ധം കാത്ത് സൂക്ഷിക്കുമെന്ന് വരേദ്കര്‍ നേരത്തെ പ്രസ്താവന ഇറക്കിയിരുന്നു. എന്നാല്‍ ബ്രിട്ടന്റെ ഘടകവിരുദ്ധമായ ഇപ്പോഴത്തെ നിലപാട് വരേദ്കറിനെ ചൊടിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

വടക്കന്‍ അയര്‍ലന്‍ഡുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ ഇരു രാജ്യങ്ങള്‍ക്കും തുല്യമായ സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കുന്ന കോമണ്‍ ഏരിയ രൂപപ്പെടുത്തുമെന്ന് യു.കെ പ്രഖ്യാപിച്ചിരുന്നു. മുന്‍പ് ഇരു രാജ്യങ്ങളും ഇത്തരത്തിലുള്ള കോമണ്‍ ഏരിയ ഉപയോഗിച്ച് വരികയായിരുന്നു. അതിര്‍ത്തി മേഖലയിലുള്ള തെക്കന്‍-വടക്കന്‍ അയര്‍ലന്‍ഡ് പ്രദേശങ്ങള്‍ പരസ്പര സഹകരണത്തോടെയാണ് പ്രവര്‍ത്തിച്ചു വരുന്നത്.

ഇരു രാജ്യങ്ങള്‍ക്കും വിപണി സൗകര്യങ്ങള്‍ ലഭ്യമാക്കുന്നത് ഈ കോമണ്‍ ഏരിയ ആയിരുന്നു. എന്നാല്‍ ബ്രിട്ടന്റെ ഇപ്പോഴത്തെ നിലപാട് അനുസരിച്ച് ഈ ഒരു നീക്കത്തിന് പൂര്‍ണ്ണസമ്മതം ഇല്ലെന്ന് വേണം മനസിലാക്കാന്‍. ഈ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ അകലം പാലിക്കേണ്ടി വന്നാല്‍ അയര്‍ലണ്ടിന്റെ വ്യാപാര വാണിജ്യ രംഗത്ത് വന്‍ ഇടിവ് ഉണ്ടാകും.

ബ്രക്സിറ്റ് വിഷയത്തില്‍ ലണ്ടനിലെ നയതന്ത്ര പ്രതിനിധികളുമായി വരേദ്കര്‍ സ്വന്തം നിലയില്‍ ആശയ വിനിമയം തുടരുന്നുണ്ട്. ബ്രിട്ടനില്‍ ഏറെ പ്രതീക്ഷ അര്‍പ്പിച്ച അയര്‍ലന്‍ഡിന് യു.കെയുടെ ഇപ്പോഴത്തെ നിലപാട് തിരിച്ചടിയാകുമോ എന്ന് ഭരണകക്ഷികള്‍ ആശങ്കപ്പെടുന്നുണ്ട്. ബ്രക്സിറ്റ് നിലവില്‍ വന്നാലും അയര്‍ലണ്ടിനോട് ബ്രിട്ടന്‍ നല്ല ബന്ധം തുടരുമെന്ന ആത്മവിശ്വാസത്തിന് കോട്ടം തട്ടിത്തുടങ്ങിയിരിക്കുന്നു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: