അണ്വായുധങ്ങള്‍ കൂടുതല്‍ പാകിസ്താന്; പ്രത്യാക്രമണ ശേഷിയില്‍ ഇന്ത്യ മുന്നില്‍; പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: പാകിസ്താന്റെ അണ്വായുധ ശേഖരം ഇന്ത്യയേക്കാള്‍ കൂടുതലെന്ന് റിപ്പോര്‍ട്ട്. പാകിസ്താന് നിലവില്‍ 140-150 അണ്വായുധങ്ങള്‍ ഉള്ളപ്പോള്‍, ഇന്ത്യയ്ക്ക് 130-140 അണ്വായുധങ്ങളാണുള്ളത്. എന്നാല്‍ ഇന്ത്യക്ക് പാകിസ്താനേക്കാള്‍ കൂടിയ പ്രത്യാക്രമണ ശേഷിയുള്ളതായി ഇന്ത്യന്‍ പ്രതിരോധ വകുപ്പ് കരുതുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സ്റ്റോക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് (എസ്ഐപിആര്‍ഐ) റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

സമീപ രാജ്യങ്ങളില്‍ കൂടുതല്‍ ആണവായുധ ശേഖരമുള്ളത് ചൈനക്കാണ്. ഇന്ത്യയുടെ ഇരട്ടി അണ്വായുധങ്ങള്‍ അവരുടെ കൈവശമുണ്ട്. 240 അണ്വായുധങ്ങളാണ് ചൈനയുടെ കൈയ്യിലുള്ളതെന്നാണ് കണക്ക്. അമേരിക്കയുടെ അണ്വായുധ ശേഖരം 6,450 ഉം റഷ്യയുടേത് 6,850 ഉം ആണ്. ലോകത്ത് വിവിധ രാജ്യങ്ങളുടെ കൈവശം ആകെയുള്ള അണ്വായുധങ്ങളുടെ 92 ശതമാനമാണ് ഇരു രാജ്യങ്ങളുടെയും കൂടി കൈവശമുള്ളത്.

ആണവായുധ ശേഖരമല്ല പ്രധാനപ്പെട്ട കാര്യമെന്ന് ഇന്ത്യന്‍ പ്രതിരോധ വിഭാഗം വക്താവ് പറയുന്നു. ആദ്യം ആണവായുധം ഉപയോഗിക്കില്ല എന്ന നയം സ്വീകരിച്ചിരിക്കുന്ന നിലയ്ക്ക് ഇന്ത്യയുടെ അതിജീവനശേഷിയും കൈവശമുള്ള ആയുധങ്ങളുടെ വിശ്വാസ്യതയുമാണ് പ്രധാനം. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അണ്വായുധങ്ങള്‍ യുദ്ധോപകരണങ്ങളല്ല. എന്നാല്‍, ആവശ്യമായ പ്രതിരോധം ഇന്ത്യയ്ക്ക് നിലനിര്‍ത്തേണ്ടതുണ്ട്- പ്രതിരോധ വക്താവ് പറയുന്നു.

അടുത്ത വര്‍ഷങ്ങളില്‍ അണ്വായുധങ്ങളുടെ ശേഷി 200 ആയി ഉയര്‍ത്താനാണ് ഇന്ത്യ പദ്ധതിയിടുന്നത്. അഗ്‌നി-5 എന്ന അന്താരാഷ്ട്ര ബാലിസ്റ്റിക് മിസൈല്‍ ഇന്ത്യ വികസിപ്പിച്ചുകഴിഞ്ഞു. 5,000 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനാകുന്ന ഈ മിസൈലിന് ചൈനയുടെ വടക്കേ അതിര്‍ത്തിവരെ എത്താന്‍ കഴിയും. എന്നാല്‍, അണുവായുധ ശേഷിയുള്ള അന്തര്‍വാഹിനികളുടെ കുറവാണ് പ്രധാനമായും ഇന്ത്യക്ക് ഇപ്പോഴുള്ളത്. ഇത് പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഇന്ത്യയെന്നും വക്താവ് വ്യക്തമാക്കുന്നു.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: