അഡ്വക്കേറ്റ് ജനറല്‍ ഓഫീസിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: അഡ്വക്കേറ്റ് ജനറല്‍ ഓഫീസിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. ഒരാഴ്ചയ്ക്കിടയില്‍ ഇതു രണ്ടാം തവണയാണ് ഹൈക്കോടതി എജി ഓഫീസിനെ വിമര്‍ശിക്കുന്നത്. കേസ് നടത്തിപ്പിലെ വീഴ്ചയെക്കുറിച്ച് ചീഫ് സെക്രട്ടറി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും ആവശ്യപ്പെട്ടു.

രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആവശ്യം. കഴിഞ്ഞ ആഴ്ച എജി ഓഫീസിനെതിരെ വിമര്‍ശനം ഉന്നയിച്ച ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് തന്നെയാണ് വീണ്ടും വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ കേസ് നടത്തിപ്പ് കാര്യക്ഷമമല്ല. ഇങ്ങനെ പോയാല്‍ എജി ഓഫീസ് പുനഃസംഘടിപ്പിക്കേണ്ടിവരും. കാര്യങ്ങള്‍ കൈവിട്ടുപോകുന്ന അവസ്ഥയാണ്. ചില കേസുകളില്‍ എജി ഓഫീസിന് പ്രത്യേക താല്‍പര്യമാണ്. എജി ഓഫീസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് നേരത്തെ പറഞ്ഞതാണ്. സ്ഥിതി ഇതാണെങ്കില്‍ റിട്ട. ജഡ്ജിയെ അമിക്കസ് ക്യൂറിയായി നിയമിക്കേണ്ടിവരുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

എജി ഓഫീസിന്റെ പ്രവര്‍ത്തനം നിര്‍ത്തുന്നതാണ് നല്ലതെന്നായിരുന്നു കഴിഞ്ഞ ആഴ്ച ഹൈക്കോടതി വിമര്‍ശിച്ചത്. എജിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത് എങ്ങനെയെന്ന് തമിഴ്‌നാടിനെ കണ്ടുപഠിക്കണം എന്നത് ഉള്‍പ്പെടെ വളരെ കടുത്ത രീതിയിലായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. 120 അഭിഭാഷകര്‍ ഉണ്ടായിട്ടും കേസ് നടത്തിപ്പ് കാര്യക്ഷമല്ല. അവര്‍ അബ്കാരി ഗ്രൂപ്പുകളുടേയോ, ബിസിനസ് ഗ്രൂപ്പുകളുടേയോ നോമിനികളാണ്. സര്‍ക്കാര്‍ അഭിഭാഷകരേക്കൊണ്ട് കേസ് നടത്താന്‍ കഴിയുന്നില്ലെങ്കില്‍ സ്വകാര്യ അഭിഭാഷകരെ ഏല്‍പ്പിക്കണമെന്നും കോടതി പറഞ്ഞു.

 

Share this news

Leave a Reply

%d bloggers like this: