അഡാര്‍ ലൗവിലെ ഗാനത്തിന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ലെന്ന് സുപ്രിംകോടതി

 

ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലെ വിവാദമായ ഗാനത്തിന്റെ പേരില്‍ രാജ്യത്ത് ഒരിടത്തും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ലെന്ന് സുപ്രിംകോടതി. ചിത്രത്തിലെ ‘മാണിക്യമലരയാ പൂവി’ എന്ന ഗാനത്തിനെതിരേ തെലുങ്കാന പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനെതിരേ ചിത്രത്തിന്റെ നിര്‍മാതാവും സംവിധായകനും നടിയുമാണ് സുപ്രിംകോടതിയെ സമീപിച്ചത്.

കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് മൂലം ചിത്രത്തിന്റെ ചിത്രീകരണം മുടങ്ങുന്ന സാഹചര്യത്തില്‍ സുപ്രിംകോടതി ഇടപെടണമെന്നായിരുന്നു പരാതിക്കാരുടെ ആവശ്യം. തെലുങ്കാന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിനെതിരേയാണ് ഹര്‍ജിക്കാരായ നടി പ്രിയ പ്രകാശ് വാര്യര്‍, സംവിധായകന്‍ ഒമര്‍ ലുലു, നിര്‍മാതാവ് അപ്പച്ചന്‍ എന്നിവര്‍ കോടതിയെ സമീപിച്ചത്. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന അപേക്ഷ പരിഗണിച്ച് സുപ്രിംകോടതി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. കേസിലെ എതിര്‍കക്ഷികളായ തെലങ്കാന പൊലീസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് കോടതി നോട്ടീസയച്ചു.

ഹൈദ്രാബാദിലെ ഫലക്നാമ പോലീസ് സ്റ്റേഷനില്‍ റാസ അക്കാദമിയും മഹാരാഷ്ട്രയില്‍ ജന്‍ജാഗരണ്‍ സമിതിയുമാണ് പരാതികള്‍ നല്‍കിയിരുന്നത്. മാപ്പിളപ്പാട്ട് ശൈലിയുള്ള ഗാനം ഇസ്ലാം മതത്തെയും പ്രവാചകനെയും അധിക്ഷേപിക്കുന്നതാണെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. പാട്ട് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുമ്പോള്‍ അര്‍ത്ഥം മാറുന്നതായും പരാതിയില്‍ പറയുന്നു. എന്നാല്‍ വര്‍ഷങ്ങളായി കേരളത്തിലെ മുസ്ലിങ്ങള്‍ പാടി വരുന്ന മാപ്പിളപ്പാട്ടാണ് ഇതെന്നും പരാതിയില്‍ അടിസ്ഥാനമില്ലെന്നുമാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

ഗാനത്തിനെതിരെ കേസെടുക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നായിരുന്നു ഒമര്‍ ലുലുവും പ്രിയ വാര്യരും നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. വിവാദങ്ങളും കേസും വന്നതോടെ യൂടൂബില്‍ നിന്നും സിനിമയില്‍ നിന്നും ഗാനരംഗം ഒഴിവാക്കാന്‍ സംവിധായകന്‍ ആലോചിച്ചിരുന്നു. എന്നാല്‍ വ്യാപകമായ പിന്തുണ ലഭിച്ചതോടെ ഈ നീക്കം ഉപേക്ഷിക്കുകയും ചെയ്തു. പിഎംഎ ജബ്ബാറിന്റെ വരികള്‍ക്ക് തലശേരി റഫീഖ് ഈണം നല്‍കി എരഞ്ഞോളി മൂസ ആലപിച്ച മാപ്പിളപ്പാട്ടാണ് ഇത്. ഷാന്‍ റഹ്മാന്റെ സംഗീതത്തില്‍ വിനീത് ശ്രീനിവാസനാണ് ഈ ഗാനം ചിത്രത്തില്‍ ആലപിക്കുന്നത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: