അട്ടപ്പടിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; പോലീസ്‌കാര്‍ക്കെതിരെ അന്വേഷണം നടത്താന്‍ ഹൈക്കോടതി

പാലക്കാട്: അട്ടപ്പാടിയിലെ മഞ്ചംകണ്ടി വനത്തില്‍ പോലീസ് – മാവോയിസ്റ്റ് ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട കേസില്‍ പോലീസുകാരുടെ പങ്ക് അന്വേഷണ വിധേയമാകണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്. അന്വേഷണം തൃപ്തികരമല്ലെങ്കില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

മോവോയിസ്റ്റുകളുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് കോടതി ഉത്തരവ്. വനത്തില്‍ നടന്നത് വ്യാജ ഏറ്റുമുട്ടല്‍ ആണെന്ന ബന്ധുക്കളുടെ പരാതിയിലാണ് അന്വേഷണം നടത്താന്‍ കോടതി ആവശ്യപ്പെട്ടത്. മാവോയിസ്റ്റുകളുടെ മൃതദേഹം നിബന്ധനകളോടെ സംസ്‌കരിക്കാമെന്നും കോടതി ആവശ്യപ്പെട്ടു.

ഇതിന് പുറമെ 28 നും 29 നും നടന്ന വെടിവെപ്പില്‍ പൊലീസ് ഉപയോഗിച്ച തോക്കുകള്‍ ഉടനടി അന്വേഷണോദ്യോഗസ്ഥന്‍ പിടിച്ചെടുക്കണം എന്നും കോടതി നിര്‍ദേശിച്ചു. ഈ ആയുധങ്ങള്‍ ഫോറന്‍സിക്ക് ബാലസ്റ്റിക്ക് പരിശോധനക്ക് അയക്കാന്‍ വേണ്ട നടപടികള്‍ ഉടനടി സ്വീകരിക്കണം. ഉത്തരവ് നടപ്പിലാക്കിയതിനുള്ള റിപ്പോര്‍ട്ട് പാലക്കാട് സെഷന്‍സ് കോടതിയില്‍ കാലതാമസമില്ലാതെ ഫയല്‍ ചെയ്യണമെന്നും കോടതി പറയുന്നു. കൊല്ലപ്പെട്ടവരുടെ രണ്ട് കൈകളിലേയും എല്ലാ വിരലുകളുടേയും ഫിംഗര്‍ പ്രിന്റുകള്‍ ശേഖരിക്കാനും ആവശ്യപ്പെട്ടു.

നിലവില്‍ അവ ശേഖരിക്കുകയോ സൂഷിക്കുകയും ചെയ്തിട്ടില്ലെങ്കില്‍ മൃതശരീരങ്ങള്‍ സംസ്‌കരിക്കുന്നതിന് മുന്‍പ് അനുയോജ്യമായ നടപടി സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കുന്നു. മഞ്ചക്കണ്ടിയില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം ഉയര്‍ന്നതോടെയാണ് ഇവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കരുതെന്ന ആവശ്യവുമായി ബന്ധുക്കള്‍ കോടതിയെ സമീപിച്ചത്. നാലുപേരെ വെടിവച്ചു കൊന്ന സംഭവത്തില്‍ പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം നടത്തണമെന്നായിരുന്നു ബന്ധുക്കളുടെ ആവശ്യം. വ്യാജ ഏറ്റുമുട്ടലാണ് നടന്നതെന്നാണ് ബന്ധുക്കളുടെ ആരോപണം.

Share this news

Leave a Reply

%d bloggers like this: