അടച്ചുറപ്പുള്ള ഒരു വീടുണ്ടായിരുന്നെങ്കില്‍ മനസ്സില്‍ നന്‍മ മാത്രം സൂക്ഷിച്ചിരുന്ന പാവം പെണ്‍കുട്ടിക്ക് ഈ അവസ്ഥയുണ്ടാകില്ലായിരുന്നു.

ജിഷയുമായി ആത്മബന്ധമുണ്ടായിരുന്ന ഒരേയൊരു സഹപാഠിയുടെ സ്മരണ

ജീവിതത്തില്‍ ഒരു ദിവസം പോലും സന്തോഷിക്കാന്‍ ആ കുട്ടിക്കു കഴിഞ്ഞിട്ടില്ല. അവളുടെ മരണവും അതു പോലെയാണെന്നത് ഏറെ സങ്കടപ്പെടുത്തുന്നു. ഇടപ്പള്ളിയില്‍ നിന്നു കോളജിലേക്കുള്ള ബസ് യാത്രയിലാണു ജിഷയെ അടുത്തു പരിചയപ്പെടുന്നത്. പെരുമ്പാവൂരില്‍ നിന്നു ബസിലായിരുന്നു ജിഷ അക്കാലത്ത് കോളജില്‍ വന്നിരുന്നത്. ആരോടും മിണ്ടാത്ത പ്രകൃതമായിരുന്നതിനാല്‍ ഞാന്‍ ഒരോ കാര്യവും കിള്ളിക്കിള്ളി ചോദിച്ചാണു ആ കുട്ടിയില്‍ നിന്നു മനസ്സിലാക്കിയത്. 63 വയസ്സുള്ള എന്നെ സഹപാഠികള്‍ റീത്തയാന്റി എന്നാണു വിളിച്ചിരുന്നത്. അതു കൊണ്ടുതന്നെ എന്തെങ്കിലും ചോദിച്ചാല്‍ മറുപടി പറയാനും ജിഷ തയാറായിരുന്നു.

ഹോസ്റ്റലില്‍ നിന്നു പഠിക്കാന്‍ തുടക്കം മുതല്‍ നിര്‍ബന്ധിച്ചിരുന്നെങ്കിലും ജിഷ അതിനു തയാറായിരുന്നില്ല. ചില വിഷയങ്ങളില്‍ സഹായിക്കാന്‍ കോളജ് സമയത്തിനു ശേഷം പ്രത്യേക ക്ലാസെടുക്കാന്‍ അധ്യാപകര്‍ തയാറായിരുന്നു. എന്നാല്‍ ജിഷയൊരിക്കലും ആ ക്ലാസിലിരുന്നില്ല. ഇത്രയും സൗകര്യം കിട്ടിയിട്ടും എന്താ കുട്ടി ക്ലാസിലിരിക്കാത്തതെന്ന ചോദ്യത്തിന് ‘അമ്മ വീട്ടില്‍ ഒറ്റയ്ക്കാണ്, കതകില്ലാത്തതിനാല്‍ പശു വീട്ടിനുള്ളില്‍ കയറി കിടക്കും ഞാനുണ്ടെങ്കില്‍ എങ്ങനെയെങ്കിലും വീടിന്റെ വാതില്‍ അടയ്ക്കാന്‍ പറ്റു’മെന്നായിരുന്നു മറുപടി. കഷ്ടപ്പാടുകളുടെ നടുവിലായിരുന്നു അവളുടെ ജീവിതം. മിക്കപ്പോഴും സ്വന്തം സീറ്റിലിരുന്ന് സ്വപ്നം കാണുകയോ എന്തെങ്കിലും വായിച്ചിരിക്കുകയോ ചെയ്യുന്ന ജിഷയെയാണു കണ്ടിട്ടുള്ളത്.

കച്ചേരിപ്പടിയിലെ ഹോസ്റ്റലില്‍ കുറച്ചു കാലം ജിഷ നിന്നിരുന്നു. ഒരു ദിവസം കോളജിലേക്കു നടന്നു വരുന്നതു കണ്ടു ചോദിച്ചപ്പോള്‍ ബസില്‍ പോകാന്‍ 14 രൂപ ഇല്ലാത്തതിനാല്‍ എന്നും നടന്നാണു കോളജിലേക്കു വരുന്നതെന്ന് അറിഞ്ഞു. രണ്ടു ദിവസം കച്ചേരിപ്പടി വരെ ഒപ്പം ഞാനും നടക്കാന്‍ കൂടി. അങ്ങനെയാണു എന്നോട് എന്തെങ്കിലും തുറന്നു പറയാന്‍ ജിഷ തയാറായത്. ഞാന്‍ നല്‍കിയിരുന്ന ചെറിയ സഹായങ്ങള്‍ സ്വീകരിക്കാനും തയാറായിരുന്നു. ഒരു സമര ദിവസം നടന്നു പോകുമ്പോള്‍ കച്ചേരിപ്പടി ജംക്ഷനില്‍ ഒരു സ്ത്രീ റോഡില്‍ തളര്‍ന്നു കിടപ്പുണ്ടായിരുന്നു. അവരെ പൊക്കിയെടുക്കാന്‍ എനിക്ക് കഴിയുമോ എന്നു സംശയിച്ചു നില്‍ക്കുമ്പോള്‍ ആന്റി ഒന്നു സഹായിക്ക് നമ്മള്‍ക്ക് അവരെ തണലത്തേക്ക് മാറ്റാമെന്നു പറഞ്ഞു ജിഷ അവരെ താങ്ങിയെടുത്തത് ഓര്‍ക്കുന്നു.

മിക്ക ദിവസവും ജിഷ പട്ടിണിയായിരുന്നു. ഭക്ഷണം കഴിക്കാന്‍ കൂട്ടുകാര്‍ വിളിച്ചാലും അഭിമാനം കാരണം പലപ്പോഴും നിരസിക്കുമായിരുന്നു. രാവിലെ എന്ത് കഴിച്ചെന്നു ചോദിച്ചാല്‍ പലപ്പോഴും മൗനമായിരുന്നു മറുപടി. ചിലപ്പോള്‍ തലേ ദിവസത്തെ പഴംകഞ്ഞി കുടിച്ചെന്നു പറയും. രാത്രി ഏഴിനു വീട്ടില്‍ മടങ്ങിയെത്തുന്നതു വരെ ആ കുട്ടി ഒന്നും കഴിക്കാറില്ലായിരുന്നു. വീടിന് ഒരു കതക് വാങ്ങി പിടിപ്പിക്കാന്‍ പണം നല്‍കാമെന്നു പറഞ്ഞെങ്കിലും അത് വേണ്ട. പഴയ വീട് എവിടെങ്കിലും പൊളിക്കുമ്പോള്‍ കതക് കിട്ടും അതു വയ്ക്കാമെന്നായിരുന്നു പറഞ്ഞിരുന്നത്. പാമ്പിന്റെ ശല്യം രൂക്ഷമായ സ്ഥലത്ത് കട്ടകള്‍ വെറുതെ അടുക്കി വച്ച വീട്ടിലായിരുന്നു ജിഷയും അമ്മയും താമസിച്ചിരുന്നത്. 20 വര്‍ഷവും ആ കുട്ടി ആ വീട്ടിലാണു കഴിഞ്ഞത്.

അമ്മയായിരുന്നു ജിഷയ്ക്കെല്ലാം. അമ്മ മരിച്ചാല്‍ ഞാന്‍ ജീവിച്ചിരിക്കില്ലെന്നു ഇടയ്ക്കു പറയുമായിരുന്നു. അമ്മയെ ഓര്‍ത്താണു പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ താമസം അവസാനിപ്പിച്ചു വീട്ടിലേക്കു പോയത്. പ്രസവ ശുശ്രൂഷയ്ക്കായി അമ്മ ചില വീടുകളില്‍ പോയിരുന്നെങ്കിലും രാത്രി ഉറക്കമിളയ്ക്കാന്‍ കഴിയാതെ വന്നതോടെ അത്തരം ജോലികള്‍ക്കു പോകുന്നതു അവര്‍ മതിയാക്കി. ഞങ്ങളാരും സഹായിക്കുന്നതു ഇഷ്ടമല്ലാതിരുന്നതിനാല്‍ പുറത്തു നിന്നു പെണ്‍മക്കളില്ലാത്ത ഒരാള്‍ നല്‍കിയ സഹായമെന്ന പേരില്‍ കോളജിലെ ഗിഫ്റ്റി എന്ന അധ്യാപികയും ഞാനും കൂടി കുറച്ചൊക്കെ സാമ്പത്തികമായി സഹായിച്ചിരുന്നു. കൂട്ടുകാര്‍ ഗൈഡുകളും മറ്റും വാങ്ങി നല്‍കുമായിരുന്നു.

പുതിയ വീട് വയ്ക്കാനായി സ്ഥലം കണ്ടെത്തിയാല്‍ വീടിനുള്ള പണം നല്‍കാമെന്നു പഞ്ചായത്ത് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ജിഷ അതിനായുള്ള നെട്ടോട്ടത്തിലായിരുന്നു. ഒരുപാട് പേരോട് ജിഷ അതിനായി കടം വാങ്ങി. സെന്റിന് ഒന്നര ലക്ഷം രൂപ വിലയ്ക്ക് മൂന്നു സെന്റ് സ്ഥലം വാങ്ങിയതായി പിന്നീട് പറഞ്ഞു. എന്നാല്‍ ഒന്നരവര്‍ഷം കഴിഞ്ഞിട്ടും പഞ്ചായത്ത് വീട് വച്ചു നല്‍കിയില്ല. ഒരുപക്ഷേ അടച്ചുറപ്പുള്ള ഒരു വീടുണ്ടായിരുന്നെങ്കില്‍ മനസ്സില്‍ നന്‍മമാത്രം സൂക്ഷിച്ചിരുന്ന പാവം പെണ്‍കുട്ടിക്ക് ഈ അവസ്ഥയുണ്ടാകില്ലായിരുന്നു.
റീത്ത ബാലചന്ദ്രന്‍ (എല്‍എല്‍ബി ക്ലാസില്‍ ജിഷയുടെ സഹപാഠിയായിരുന്ന, കാനറ ബാങ്ക് മുന്‍ ഉദ്യോഗസ്ഥ)

Share this news

Leave a Reply

%d bloggers like this: