അങ്കാറ ഇരട്ടസ്‌ഫോടനം; മരണ സംഖ്യ 95 ആയി

 

അങ്കാറ: തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയില്‍ നടന്ന ഇരട്ടസ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 95 ആയി. സംഭവത്തില്‍ ഇരുനൂറിലേറെ പേര്‍ക്ക് പരിക്കേറ്റതായും തുര്‍ക്കി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അങ്കാറ റെയില്‍വേ സ്റ്റേഷനു മുന്നില്‍ ശനിയാഴ്ചയാണ് സമാധാന റാലിക്കിടെ ഇരട്ടസ്‌ഫോടനമുണ്ടായത്. ഇടതുപക്ഷവും കുര്‍ദ് അനുകൂലികളുമുള്‍പ്പെടെ സംയുക്തമുന്നണി നടത്തിയ സമാധാനറാലിയാണ് ചോരപ്പുഴയില്‍ കലാശിച്ചത്.

തീവ്രവാദിയാക്രമണമാണെന്ന് തുര്‍ക്കി സ്ഥിരീകരിച്ചു. വിശദമായ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. കുര്‍ദ് അനുകൂല നിലപാട് ഉള്ള എച്ച്ഡിപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളാണ് റാലിയില്‍ പങ്കെടുത്തത്. കുര്‍ദ് വിമതരായ പികെകെയും സര്‍ക്കാര്‍ സേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ അവസാനിപ്പിക്കണമെന്നായിരുന്നു റാലിയില്‍ പങ്കെടുത്തവരുടെ ആവശ്യം.

ചാവേറുകളാണ് ആക്രമണം നടത്തിയതെന്നാണ് കരുതുന്നത്. എന്നാല്‍ തീവ്രവാദ ഗ്രൂപ്പുകളൊന്നും സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. പ്രധാനമന്ത്രി അഹമ്മദ് ദവുതോഗ്‌ലു രാജ്യത്ത് മൂന്നു ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. തുര്‍ക്കിയുടെ അഖണ്ഡതയ്ക്കും ജനാധിപത്യത്തിനും എതിരായ ആക്രമണമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ തുര്‍ക്കി പ്രസിഡന്റ് ത്വയിപ് എര്‍ദോഗനെ ഫോണില്‍ വിളിച്ചു. ഒബാമ സംഭവത്തെ അപലപിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു.

-എജെ-

Share this news

Leave a Reply

%d bloggers like this: