അംബാനി പുത്രിയുടെ രാജകീയ വിവാഹം; ചെലവ് 700 കോടി; 200 ചാര്‍ട്ടേഡ് വിമാനങ്ങള്‍

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകള്‍ ഇഷയുടെ ഇന്നലെ നടന്ന വിവാഹത്തിന് 700 കോടി രൂപ ചിലവായതായാണ് വിവിധ കേന്ദ്രങ്ങള്‍ കണക്കുകൂട്ടുന്നത്. ഇന്ത്യയിലെ ഏറ്റവും ചെലവേറിയതെന്നു കരുതപ്പെടുന്ന വിവാഹം ബ്രിട്ടീഷ് രാജകുമാരന്‍ ചാള്‍സിന്റെയും ഡയാനയുടെയും 37 വര്‍ഷം മുന്‍പു നടന്ന വിവാഹത്തോട് കിടപിടിക്കും. ഫാര്‍മസ്യൂട്ടിക്കല്‍, റിയല്‍ എസ്റ്റേറ്റ് രംഗത്തെ പ്രമുഖരായ പിരമല്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ അജയ് പിരമലിന്റെ മകന്‍ ആനന്ദാണു ഇഷയുടെ വരന്‍. മുകേഷ് അംബാനിയുടെ മുംബൈയിലെ വസതിയായ ആന്റീലിയ പാലസിലാണ് പ്രധാനവിവാഹച്ചടങ്ങ് ഒരുക്കിയിരുന്നത്. നഗരത്തിലെ പ്രശസ്തമായ ഈ 27 നിലകെട്ടിടത്തില്‍ കനത്ത സുരക്ഷയാണു ഒരുക്കിയിരുന്നത്. പ്രണബ് മുഖര്‍ജി,പ്രകാശ് ജാവഡേക്കര്‍, വിജയ് റൂപാണി, ചന്ദ്രബാബു നായിഡു, ദേവേന്ദ്ര ഫഡ്നാവിസ് തുടങ്ങിയ പ്രമുഖരുള്‍പ്പെടെ 600 അതിഥികളാണു വിവാഹത്തില്‍ പങ്കെടുത്തത് .

രാജസ്ഥാനിലെ ഉദയ്പൂരില്‍ നടത്തിയ വിവാഹപൂര്‍വ ചടങ്ങുകളില്‍ ബിയോണ്‍സ് നൗള്‍സിനെപ്പോലുള്ള രാജ്യാന്തര സെലിബ്രിറ്റികള്‍, യുഎസ് മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലറി ക്ലിന്റന്‍, ഹെന്റി ക്രാവിസ്, ബോളിവുഡില്‍നിന്ന് ആമിര്‍ ഖാന്‍ കിരണ്‍ റാവു, പ്രിയങ്ക ചോപ്ര നിക്ക് ജൊനാസ്, അഭിഷേക് ബച്ചന്‍ ഐശ്വര്യ റായി ജോഡികളും സല്‍മാന്‍ ഖാന്‍, വിദ്യ ബാലന്‍ എന്നിവരും ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കറും ലക്ഷ്മി മിത്തല്‍ അടക്കമുള്ള വന്‍ വ്യവസായികളും ആഘോഷങ്ങള്‍ക്കായി എത്തിയിരുന്നു. വിശിഷ്ടാതിഥികള്‍ക്കു താമസമൊരുക്കാനായി അഞ്ചിലധികം പഞ്ചനക്ഷത്രഹോട്ടലുകള്‍ വാടകയ്ക്കെടുത്തിരുന്നു. ഉദയ്പൂരിലെ മഹാറാണ പ്രതാപ് എയര്‍പോര്‍ട്ടില്‍ നിന്ന് അതിഥികള്‍ക്കായി പറന്നുപൊങ്ങിയത് 200 ചാര്‍ട്ടേഡ് വിമാനങ്ങളാണ്. കൂടാതെ, സ്വകാര്യ എയര്‍ലൈനുകളുടെ 20 എയര്‍ക്രാഫ്റ്റുകളും ബുക്ക് ചെയ്തിട്ടുണ്ട്. 5100 പേര്‍ക്ക് നാലുദിവസം മൂന്നുനേരം ഭക്ഷണവും ഇന്ത്യന്‍ പരമ്പരാഗത കരകൗശല വസ്തുക്കളുടെ പ്രദര്‍ശനശാലയും നഗരത്തില്‍ ഒരുക്കിയിരുന്നു.

വിവാഹാഘോഷത്തെ തുടര്‍ന്ന് ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തില്‍ ശനിയാഴ്ച റെക്കോര്‍ഡ് വിമാന ഗതാഗതം. 24 മണിക്കൂറില്‍ 1007 തവണയാണ് വിമാനങ്ങള്‍ ഇവിടെനിന്ന് പറന്നുയരുകയോ ഇറങ്ങുകയോ ചെയ്തത്. ഇതിനു മുന്‍പുള്ള റെക്കോര്‍ഡ് ഇക്കഴിഞ്ഞ ജൂണില്‍ 1003 തവണയായിരുന്നു. ഇഷ അംബാനിയുടെ വിവാഹാഘോഷത്തെ തുടര്‍ന്നുള്ള വിമാന സര്‍വീസുകളാണ് എണ്ണം കൂട്ടിയതെന്ന് ഔദ്യോഗിക അറിയിപ്പില്ലെങ്കിലും ഇതാണ് കാരണമെന്ന് വിമാനത്താവള വൃത്തങ്ങള്‍ പറയുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: