Monday, October 15, 2018
Latest News
മാലിന്യ നിര്‍മ്മാര്‍ജ്ജനം: ചീത്തപ്പേര് മാറാതെ തലസ്ഥാന നഗരം.    സെക്കന്‍ഡില്‍ 10 ലക്ഷം കോടി ചിത്രങ്ങള്‍; പ്രകാശ വേഗത്തിനൊപ്പമെത്തി ചിത്രമെടുക്കുന്ന ക്യാമറയുമായി ശാസ്ത്രജ്ഞര്‍    മലയാളികള്‍ അവഗണിക്കപ്പെടുന്നോ ? ഇന്ത്യന്‍ സര്‍ക്കാരിന് കേരളം പ്രളയബാധിത സംസ്ഥാനമല്ലെന്ന് വാര്‍ത്ത    ബിഷപ്പ് ഫ്രാങ്കോയ്ക്ക് ഉപാധികളോടെ ജാമ്യം; കേരളത്തില്‍ പ്രവേശിക്കരുതെന്ന് കോടതി; പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണം    ബ്രക്സിറ്റ് ചര്‍ച്ചകള്‍ പ്രതിസന്ധിയില്‍; ഐറിഷ് അതിര്‍ത്തി പ്രശ്‌നത്തില്‍ തീരുമാനമായില്ല; തന്റെ ‘സൂപ്പര്‍ കാനഡ’ കരാര്‍ നടപ്പാക്കണമെന്ന് ബോറിസ് ജോണ്‍സണ്‍   

സ്‌കൂള്‍ പ്രവേശനത്തിന് കത്തോലിക്കാ സ്‌കൂളുകള്‍ക്കുള്ള പ്രത്യേക അധികാരം എടുത്തുമാറ്റുന്ന ബില്ലില്‍ ഒപ്പ് വെച്ച് വിദ്യാഭ്യസ മന്ത്രി

Updated on 04-10-2018 at 6:16 am

ഡബ്ലിന്‍: കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്നതുമായി ബന്ധപ്പെട്ട് കത്തോലിക്കാ സ്‌കൂളുകള്‍ക്കുള്ള പ്രത്യേക അവകാശം എടുത്തുകളയാനുള്ള ബില്ലില്‍ ഐറിഷ് വിദ്യാഭ്യാസ മന്ത്രി റിച്ചാര്‍ഡ് ബ്രൂട്ടന്‍ ഒപ്പു വെച്ചു. ഇതോടെ അടുത്ത അധ്യായന വര്‍ഷം മുതല്‍ രാജ്യത്തെ എല്ലാ കത്തോലിക്കാ സ്‌കൂളുകളിലും പ്രൈമറി സ്‌കൂള്‍ പ്രവേശനത്തിന് ജ്ഞാനസ്‌നാനം ചെയ്ത കുട്ടികള്‍ക്ക് നിലവിലുള്ള മുന്‍ഗണന ക്രമം ഇല്ലാതാകും. രാജ്യത്തെ 96 ശതമാനം പ്രൈമറി സ്‌കൂളുകളും നിയന്ത്രിക്കുന്ന കത്തോലിക്കാ സഭ സ്‌കൂള്‍ പ്രവേശനത്തിന് ജ്ഞാനസ്നാനം അനിവാര്യമായ യോഗ്യതയാക്കുന്നത് സഭാവിശ്വാസികളല്ലാത്ത രക്ഷിതാക്കള്‍ക്ക് പ്രായോഗിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു.

ബില്ലില്‍ ഒപ്പ് വെച്ച കാര്യം ട്വിറ്ററിലൂടെയാണ് മന്ത്രി അറിയിച്ചത്. അയര്‍ലണ്ടില്‍ സ്‌കൂള്‍ പ്രവേശനത്തിനുള്ള അഡ്മിഷന്‍ ഫീസ് ഒഴിവാക്കാനുള്ള നിയമവും ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രി അറിയിച്ചു. ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതിനായി മന്ത്രിക്ക് പുതിയ അധികാരങ്ങള്‍ നല്‍കാനും തീരുമാനമായി. 2019/2020 അക്കാദമിക് വര്‍ഷത്തേക്കുള്ള പ്രവേശനത്തിനാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരിക. അതേമയം പുതിയ നിയമത്തില്‍ കത്തോലിക്കാ മാനേജ്‌മെന്റുകളുടെ ഔദ്യോഗിക പ്രതികരണം ഇനിയും അറിവായിട്ടില്ല.

എല്ലാവര്‍ക്കും തുല്യപരിഗണന നല്‍കുന്ന എഡ്യുക്കേറ്റ് ടുഗദര്‍ സ്‌കൂളുകളുടെ എണ്ണം കുറവായതാണ് ഇവരെയും കത്തോലിക്കാ സഭയുടെ സ്‌കൂളുകളിലേക്ക് കുട്ടികളെ അയക്കാന്‍ നിര്‍ബന്ധിതമാക്കുന്നത്. സഭയുടെ സ്‌കൂളുകളില്‍ ജ്ഞാനസ്നാനം സ്വീകരിച്ച കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയതിനുശേഷം ബാക്കിയുള്ള സീറ്റുകളിലേക്ക് മാത്രമേ സ്വീകരിക്കാത്ത കുട്ടികളെ പരിഗണിക്കുകയുള്ളൂ. അതേസമയം എഡ്യുക്കേറ്റ് ടുഗദര്‍ സ്‌കൂളുകളില്‍ ആദ്യം വരുന്നവര്‍ക്ക് ആദ്യം പ്രവേശനം എന്ന രീതിയാണ് പിന്തുടരുന്നത്. ജ്ഞാനസ്നാന കടമ്പയ്‌ക്കെതിരെ കാലങ്ങളായി വാദിക്കുന്ന രക്ഷിതാക്കളും സംഘടനകളും സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്തു.

അയര്‍ലണ്ടിലെ 90% വിദ്യാലയങ്ങളും കത്തോലിക്കാ സഭയ്ക്ക് കീഴിലുള്ളതാണ്.എന്നാല്‍ രാജ്യത്ത് മതമില്ലാത്തവരായി 20% ആളുകള്‍ ഉണ്ട്. കൂടാതെ 50% വിവാഹങ്ങള്‍ മാത്രമേ രാജ്യത്ത് കത്തോലിക്കാ ആചാരപ്രകാരം നടക്കുന്നുള്ളൂ. മതന്യൂനപക്ഷങ്ങളുടെയും കത്തോലിക്കാ ഇതര ക്രൈസ്തവരുടെയും മതമില്ലാത്തവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ മാറ്റങ്ങള്‍ എന്ന് വിദ്യാഭ്യാസ മന്ത്രി റിച്ചാര്‍ഡ് ബ്രൂട്ടന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കത്തോലിക്കാ കുടുംബങ്ങള്‍ക്ക് തങ്ങളുടെ കുട്ടികളെ സ്വസമുദായത്തിന്റെ സ്‌കൂളുകളില്‍ പ്രവേശിപ്പിക്കുന്നതിനോ സ്‌കൂളുകള്‍ക്ക് അവരുടെ വിശ്വാസം കാത്തുസൂക്ഷിക്കുന്നതിനോ യാതൊരു വിലക്കും ഉണ്ടാവില്ല എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്‌കൂള്‍ പ്രവേശനത്തിന് മാമ്മോദീസാ സര്‍ട്ടിഫിക്കേറ്റ് വേണമെന്ന കത്തോലിക്കാ സ്‌കൂളുകളുടെ നിലപാട് വിവാദമുയര്‍ത്തിയിരുന്നു. ഫിനഗേലിന്റെയും മറ്റും ശക്തമായ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ വിവാദപരമായ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. രാജ്യത്തെ 94 ശതമാനം സ്‌കൂളുകളും കത്തോലിക്കാ നിയമങ്ങളുടെ കീഴിലാണ്.191 സ്‌കൂളുകള്‍ (6%)മാത്രമാണ് മറ്റ് സമുദായ സംഘടനകള്‍ നത്തുന്നത്.ബ്രൂട്ടന്റെ പുതിയ പ്രഖ്യാപനത്തിന്റെ നിയമപരവും ഭരണഘടനാപരവുമായ സങ്കീര്‍ണതകള്‍ ഇനിയും വിലയിരുത്തപ്പെട്ടില്ല. വരും നാളുകളില്‍ അവയെയും സര്‍ക്കാരിന് നേരിടേണ്ടതായി വരും.

സ്‌കൂള്‍ പ്രവേശനം എന്ന ജീവിതത്തിലെ ആദ്യ കടമ്പ കടക്കുന്നതിനായി മാത്രം താല്‍പര്യമില്ലാതെയാണെങ്കിലും കുഞ്ഞിനെ ജ്ഞാനസ്നാനം ചെയ്യിക്കുന്ന രക്ഷിതാക്കളുടെ എണ്ണവും കൂടിവരുന്നതായാണ് റിപ്പോര്‍ട്ട്. വിദ്യാഭ്യാസം ലഭിക്കാന്‍ വേണ്ടി മാത്രം മതചടങ്ങുകള്‍ നടത്തേണ്ടി വരുന്നതില്‍ പല രക്ഷിതാക്കളും അധൃപ്തി രേഖപ്പെടുത്തിയിരുന്നു. ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് ഡാര്‍മിഡ് മാര്‍ട്ടിന്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കാന്‍ മാത്രം ജ്ഞാനസ്നാനം നടത്തുന്നതിനോട് വിമുഖത കാട്ടിയിരുന്നു.

comments


 

Other news in this section