Friday, July 20, 2018

സ്വന്തമായി അറ്റോമിക് ക്ലോക്ക് വികസിപ്പിച്ച് ഐഎസ്ആര്‍ഒ

Updated on 16-05-2018 at 4:11 pm

ഒരു പ്രദേശത്തിന്റെ കൃത്യമായ സ്ഥിതിവിവരങ്ങള്‍ രേഖപ്പെടുത്താന്‍ ഭ്രമണപഥത്തില്‍ സഞ്ചരിക്കുന്ന ഉപഗ്രഹങ്ങളില്‍ ഉപയോഗിക്കുന്ന അറ്റോമിക് ക്ലോക്ക് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന വികസിപ്പിച്ചു. ഐഎസ്ആര്‍ഒ കൈവരിക്കുന്ന സുപ്രധാനമായ നേട്ടമാണിത്. യൂറോപ്യന്‍ ഏറോസ്പേസ് ഉപകരണ ഉല്‍പ്പാദകരായ ആസ്ട്രിയം നിര്‍മ്മിച്ച അറ്റോമിക് ക്ലോക്കുകളാണ് ഇതുവരെയും ഐഎസ്ആര്‍ഒ ഉപയോഗിച്ചിരുന്നത്. തദ്ദേശീയമായി അറ്റോമിക് ക്ലോക്ക് വികസിപ്പിച്ചതായി അഹമ്മദാബാദ് ആസ്ഥാനമായുള്ള സ്പേസ് ആപ്ലിക്കേഷന്‍സ് സെന്റര്‍ ഡയറക്ടര്‍ തപന്‍ മിശ്ര പറഞ്ഞു. അതിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള പരീക്ഷണങ്ങള്‍ നടക്കുകയാണ്. എല്ലാ പരീക്ഷണങ്ങളും വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ പരീക്ഷണാര്‍ത്ഥം വിക്ഷേപിക്കുന്ന ഒരു ഉപഗ്രഹത്തില്‍ അത് പരീക്ഷിക്കും. അത് നല്‍കുന്ന വിവരങ്ങള്‍ എത്രത്തോളം കൃത്യമാണ്, ബഹിരാകാശത്തു അത് എത്രനാള്‍ നിലനില്‍ക്കും എന്നതൊക്കെ അതിലൂടെ അറിയാന്‍ കഴിയും.

തദ്ദേശീയമായ അറ്റോമിക് ക്ലോക്ക് വികസിപ്പിച്ചതിലൂടെ വളരെ സങ്കീര്‍ണ്ണമായ ഈ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനുള്ള ശേഷി കൈവരിച്ച ലോകത്തിലെ ചുരുക്കം ചില സ്പേസ് ഏജന്‍സികളിലൊന്നായി ഐഎസ്ആര്‍ഒ മാറിയതായി എസ് എ സി ഡയറക്ടര്‍ പറഞ്ഞു. നേരത്തെ ഇന്ത്യന്‍ റീജിയണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റത്തിന്റെ (ഐ ആര്‍ എന്‍ എസ് എസ്) ഭാഗമായി വിക്ഷേപിച്ച 7 ഉപഗ്രഹങ്ങളിലും ഇറക്കുമതി ചെയ്ത മൂന്നുവീതം റബ്ഡിയം അറ്റോമിക് ക്ലോക്കുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. അവയെല്ലാം ഏകരൂപത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിന്റെ ഏതു ഭാഗത്താണുള്ളതെന്നതിനെ ആശ്രയിച്ചായിരിക്കും അറ്റോമിക് ക്ലോക്കുകള്‍ സമയ വ്യത്യാസം കാണിക്കുക. ഇവയെല്ലാം ഉപയോഗപ്പെടുത്തി ഭൂമിയിലെ ഒരു വസ്തുവിന്റെ കൃത്യമായ സ്ഥാനം നിര്‍ണ്ണയിക്കാന്‍ കഴിയും.

ഒരു അറ്റോമിക് ക്ലോക്ക് തെറ്റായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ അതിലെ സമയവും മറ്റുള്ളവയിലെ സമയവും ശരിയായി കണക്കാക്കാന്‍ കഴിയാതെ വരും. ഭൂമിയിലെ ഏതു വസ്തുവിനെയാണോ ലക്ഷ്യം വയ്ക്കുന്നത് അതിനെക്കുറിച്ച് തെറ്റായി മനസ്സിലാക്കുന്നതിലേക്കു അത് നയിക്കുകയും ചെയ്യും. അറ്റോമിക് ക്ലോക്കുകള്‍ക്കു പുറമെ ഉപഗ്രഹങ്ങളില്‍ ക്രിസ്റ്റല്‍ ക്ലോക്കുകളുമുണ്ട്. എന്നാല്‍ അവ അറ്റോമിക് ക്ലോക്കുകളുടെയത്ര കൃത്യമായ വിവരങ്ങള്‍ നല്‍കില്ല. ഒരു ഉപഗ്രഹത്തിലെ മൂന്നു അറ്റോമിക് ക്ലോക്കുകളും തെറ്റായാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ അതിനു പകരമായി മൂന്നു അറ്റോമിക് ക്ലോക്കുകളോട് കൂടിയ മറ്റൊരു ഉപഗ്രഹം അയക്കേണ്ടിവരും.

ഇപ്പോള്‍ വിക്ഷേപിച്ചിട്ടുള്ള 7 ഉപഗ്രഹങ്ങളിലെ 21 അറ്റോമിക് ക്ലോക്കുകളില്‍ 7 എണ്ണം തെറ്റുകള്‍ കാണിക്കുന്നതായി ഐഎസ്ആര്‍ഒ കേന്ദ്രങ്ങള്‍ പറയുന്നു. അതിനാല്‍ സിസ്റ്റം ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതിന് നാല് ഉപഗ്രഹങ്ങള്‍ പകരം അയക്കുന്നതിനു ഐഎസ്ആര്‍ഒ തയ്യാറെടുക്കുന്നുണ്ട്. അവയില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച അറ്റോമിക് ക്ലോക്കുകളായിരിക്കും ഘടിപ്പിക്കുക. ഇന്ത്യയിലെ ജിപിഎസ് സംവിധാനത്തിന് വലിയൊരു ഉത്തേജനമായി അതു മാറും. പകരമുള്ള ഉപഗ്രഹങ്ങള്‍ അയക്കുന്നതിനു ഗവണ്മെന്റിന്റെ സാമ്പത്തിക അനുമതി ഐഎസ്ആര്‍ഒ തേടിയിട്ടുണ്ട്.

 

 

ഡികെ

comments


 

Other news in this section