Wednesday, October 18, 2017

സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് ആശ്വാസം; പ്രതിപ്പട്ടികയില്‍ നിന്ന് ബംഗളുരു കോടതി ഒഴിവാക്കി

Updated on 07-10-2017 at 12:00 pm

 

സോളാര്‍ കേസുമായി ബന്ധപ്പെട്ട് വ്യവസായിയായ എംകെ കുരുവിള നല്‍കിയ കേസില്‍ നിന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കി. ഈ കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന ഉമ്മന്‍ ചാണ്ടിയുടെ ഇടക്കാല ഹര്‍ജി ബംഗളൂരു സിറ്റി സിവില്‍ ആന്റ് സെഷന്‍സ് കോടതി അംഗീകരിക്കുകയായിരുന്നു.

ഉമ്മന്‍ ചാണ്ടിക്ക് ഏറെ ആശ്വാസകരമാണ് ബംഗളുരു കോടതിയുടെ വിധി. കുരുവിള നല്‍കിയ കേസില്‍ അഞ്ചാം പ്രതിയാണ് ഉമ്മന്‍ചാണ്ടി. 400 കോടി രൂപയുടെ സോളാര്‍ പദ്ധതിയുടെ പേരില്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ തന്നില്‍ നിന്ന് ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്.

400 കോടി രൂപയുടെ സോളാര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ സഹായിക്കാമെന്നു വാഗ്ദാനം നല്‍കി കൊച്ചിയിലെ സ്‌കോസ എജ്യുക്കേഷനല്‍ കണ്‍സള്‍ട്ടന്‍സി 1.35 കോടി രൂപ വാങ്ങി വഞ്ചിച്ചെന്നായിരുന്നു കുരുവിളയുടെ ഹര്‍ജി.
എന്നാല്‍ കുരുവിള സമര്‍ച്ചിരിക്കുന്ന പരാതിയില്‍ താന്‍ നേരിട്ട് കൈക്കൂലി വാങ്ങിയതായി ആരോപണം ഉന്നയിച്ചിട്ടില്ലെന്നും, അതിനാല്‍ പ്രതി പട്ടികയില്‍ നിന്നും തന്നെ ഒഴിവാക്കണമെന്നുമാണ് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടത്. കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് ജൂലൈ 10നാണു ഉമ്മന്‍ചാണ്ടി ഇടക്കാല ഹര്‍ജി സമര്‍പ്പിച്ചത്.
നേരത്തെ ഈ കേസില്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള പ്രതികള്‍ പിഴ അടയ്ക്കണമെന്ന് കോടതി വിധിച്ചിരുന്നു. എന്നാല്‍ തന്റെ വാദം കേള്‍ക്കാതെയാണ് കോടതി വിധി പുറപ്പെടുവിച്ചതെന്നും, കേസില്‍ തന്റെ ഭാഗം കേള്‍ക്കണമെന്നും ഉമ്മന്‍ചാണ്ടി കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ ആവശ്യം പിന്നീട് കോടതി അംഗീകരിക്കുകയായിരുന്നു. തുടര്‍ന്നാണ് ഉമ്മന്‍ ചാണ്ടി പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന ഹര്‍ജി നല്‍കിയത്.

 

 

ഡികെ

 

comments


 

Other news in this section