Sunday, March 24, 2019

സുനാമി ദുരന്തത്തിന്റെ ഓര്‍മകള്‍ക്ക് പതിമൂന്ന് വയസ്

Updated on 26-12-2017 at 6:24 am

 

കണ്ണീരോടെ എന്നും ലോകം ഓര്‍ക്കുന്ന സുനാമി ദുരന്തത്തിന് ഇന്ന് പതിമൂന്ന് വര്‍ഷം തികയുന്നു. ആയിരകണക്കിന് പേരുടെ ജീവനും സ്വത്തുമടക്കമെല്ലാം കൂറ്റന്‍ തിരമാലകള്‍ കവര്‍ന്നെടുത്തപ്പോള്‍ തീരത്ത് ബാക്കിയായത് കണ്ണീര്‍ മാത്രം, അനാഥമായത് ആയിരങ്ങളെയാണ്.

2004 ഡിസംബര്‍ 25ന് ലോകം മുഴുവന്‍ ക്രിസ്മസ് ആഘോഷങ്ങളില്‍ മുഴുകിയപ്പോള്‍ ആരും കരുതിയിട്ടുണ്ടാകില്ല അടുത്ത പകല്‍ അവര്‍ക്ക് സമ്മാനിക്കുന്നത് ദുരന്തമായിരിക്കുമെന്ന്. കലിതുള്ളിയ കടല്‍ നിമിഷ നേരം കൊണ്ടാണ് കണ്ണില്‍ കണ്ട സര്‍വതിനെയും നശിപ്പിച്ചത്. ഇന്ത്യ അടക്കം പതിനാല് രാജ്യങ്ങളില്‍ ദുരന്തം വിതച്ച സുനാമി രണ്ടേകാല്‍ ലക്ഷത്തിലധികം മനുഷ്യജീവനുകളെയാണ് കടലിലേക്ക് കൊണ്ടുപോയത്.

ഇന്തോനേഷ്യയിലെ സുമാത്രയായിരുന്നു സുനാമിയ്ക്കിടയാക്കിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ലോകത്തിലെ തന്നെ ഏറ്റവും ഭീകരമായ പ്രകൃതി ദുരന്തങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ആ സുനാമിയില്‍ ഏറ്റവുമധികം നാശമുണ്ടായതും ഇന്തോനേഷ്യയിലാണ്. അവിടുത്തെ പല പ്രദേശങ്ങളും ഇന്നും ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്ന് കരകയറിയിട്ടില്ല.

ഇന്ത്യ, ഇന്തോനേഷ്യ, മാലിദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങളിലാണ് സുനാമി കൂടുതല്‍ ദുരന്തം വിതച്ചത്. ഈ നൂറ്റാണ്ട് കണ്ട എക്കാലത്തെയും ദുരന്തമായ സുനാമി കേരളത്തെയും കണ്ണീര്‍കടലാക്കി . കേരള തീരത്ത് 200 ഓളം പേരുടെ ജീവനെടുത്ത സുനാമി തമിഴ്നാട്ടിലും ആന്ധ്രയിലും ആയിരങ്ങളെയാണ് ഇല്ലാതാക്കിയത്.

മാലെ ദ്വീപിന്റെ തലസ്ഥാനമായ മാലെയുടെ മൂന്നില്‍ രണ്ടുഭാഗവും വെള്ളത്തിലായി. രാജ്യത്തിന്റെ ഭാഗമായ ഡസണ്‍കണക്കിന് ദ്വീപുകളെയും വെള്ളം മുക്കി. വിനോദ സഞ്ചാരം മുഖ്യവരുമാനമാര്‍ഗമായ ആ രാജ്യത്തിന്റെ സാമ്പത്തികനില തകിടം മറിഞ്ഞു. ശ്രീലങ്കയില്‍ പത്തു ലക്ഷം പേരെ കടല്‍ക്ഷോഭം ബാധിച്ചു. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ അഞ്ച്ശതമാനമാണിത്. അന്ന് സര്‍വം നഷ്ടപ്പെട്ടവരുടെ പുനരധിവാസം തൃപ്തികരമാംവണ്ണം ഇനിയും പൂര്‍ത്തിയായിട്ടില്ല. കൊലയാളിത്തിരയുടെ അടുത്ത ലക്ഷ്യം ജപ്പാനാണെന്ന് അന്നേ ഭൗമശാസ്ത്രജ്ഞര്‍ പറഞ്ഞിരുന്നു.

171 പേര്‍ കേരളത്തില്‍ മാത്രം മരിച്ചു. ഇന്ത്യയിലാകെ പതിനൊന്നായിരത്തിലേറെപ്പേര്‍ മരിച്ചെന്നാണ് കണക്ക്. കൊല്ലത്തും ആലപ്പുഴയിലും എറണാകുളത്തും സുനാമിയുടെ നാശം ഭീകരമായിരുന്നു. 200 ലേറെ പേര്‍ക്ക് ജീവന്‍ നഷ്ടമായി. തീരനിവാസികളുടെ ജീവിതം കരിനിഴലിലായി. വീടും വസ്ത്രവും പണിയായുധവും അവര്‍ക്ക് നഷ്ടമായി. ആശ്വാസ വചനവുമായി പലരുമെത്തി. എന്നിട്ടും അവരുടെ ദുരിതം തുടരുന്നു.

വിദേശ സഹായങ്ങളും പ്രവഹിച്ചു. ഇന്ത്യോനേഷ്യയും മാലിയും ശ്രീലങ്കയും കൈനീട്ടി അവ വാങ്ങിയപ്പോള്‍ ഇന്ത്യ അതിനു തയ്യാറായില്ല. ദുരിതത്തെ നേരിടാനുള്ള കെല്‍പ് രാജ്യത്തിനുണ്ടെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് പ്രഖ്യാപിച്ചു. ലങ്കയ്ക്ക് കോടികളുടെ സഹായവും ആധുനിക രക്ഷാപ്രവര്‍ത്തന സംവിധാനങ്ങളും ഇന്ത്യ നല്‍കി.

ഭൂകമ്പത്തിന് സുനാമിക്കുമിടയില്‍ അനേകം മണിക്കൂറുകള്‍ ഉണ്ടായിരുന്നെങ്കിലും ഏല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് തിരമാലകളുടെ താണ്ഡവം ഉണ്ടായത്. മുന്നറിയിപ്പ് സംവിധാനങ്ങളുടെ അഭാവം മൂലം, ജനങ്ങള്‍ക്ക് രക്ഷപ്പെടാനുള്ള മുന്നറിയിപ്പുകള്‍ നല്‍കാനായില്ല. സുനാമിക്ക് ശേഷം, ഇന്ത്യന്‍ ഓഷന്‍ സുനാമി വാണിംഗ് ആന്റ് മൈറ്റിഗേഷന്‍ സംവിധാനം നിലവില്‍ വരുകയും ഭൗമവ്യതിയാനങ്ങള്‍ നിരീക്ഷിക്കുകയും ഭീമന്‍ തിരമാലകളെ കുറിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു.

സുനാമി വിതച്ച ദുരിതത്തില്‍ നിന്ന് ഇന്നും കരകയറാനാകാത്ത കുടുംബങ്ങളുണ്ട്. സുനാമി സമ്മാനിച്ച അനാഥത്വവും കണ്ണീരും പേറി അവര്‍ നമ്മുടെ തീരങ്ങളില്‍ ഇന്നുമുണ്ട്. ദുരന്തം നടന്ന് പതിമൂന്ന് വര്‍ഷം പിന്നിട്ടിട്ടും നമ്മുടെ തീരങ്ങള്‍ ഇന്നും അശാന്തമായി തുടരുകയാണ്.

സുനാമിയുടെ ഓര്‍മകള്‍ക്കൊപ്പം കേരളം ഇന്ന് മറ്റൊരു ദുരന്തത്തിന്റെയും കൂടി ആഘാതത്തിലാണ്. സുനാമിയുണ്ടായി പതിമൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറവും കേരള തീരങ്ങളില്‍ നിന്നും കേള്‍ക്കേണ്ടിവരുന്നത് കണ്ണുനീരും നിലവിളികളും മാത്രമാണ്. സുനാമി രാജ്യം ഓര്‍ക്കുമ്പോള്‍ ഇങ്ങ് കേരളത്തില്‍ നാശം വിതച്ച് ആഞ്ഞടിച്ച ഓഖിയില്‍ ഇന്നും തിരിച്ചെത്താനുള്ളത് നിരവധി പേര്‍.

ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ കാണാതായ ഉറ്റവരെ കാത്തിരിക്കുകയാണ് കേരളത്തിലെ ഓരോ തീരങ്ങളും. പ്രകൃതി അതിന്റെ രൗദ്രഭാവം പുറത്തെടുത്തപ്പോള്‍ അവിടെ നോക്കുകുത്തിയാകാനെ മനുഷ്യന് സാധിച്ചുള്ളൂ. സുനാമിയെന്നും ഓഖിയെന്നും പേരുകള്‍ മാറുമ്പോഴും തീരദേശങ്ങള്‍ എത്രമാത്രം സുരക്ഷിതമാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ദുരന്തങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുമ്പോഴും തീരങ്ങളില്‍ ബാക്കിയാകുന്നത് കണ്ണീനീരുകളും നിലവിളികളും മാത്രമാണ്.

 

 

 

 

ഡികെ

 

 

comments


 

Other news in this section