Thursday, February 21, 2019

സാം എബ്രഹാം കൊലക്കേസ്: സോഫിയയ്ക്കും കാമുകനുമുള്ള ശിക്ഷ ജൂണ്‍ 21നു വിധിക്കും; കടുത്ത ശിക്ഷ വേണമെന്ന് പ്രോസിക്യൂഷന്‍

Updated on 15-05-2018 at 7:23 am

മെല്‍ബണ്‍ : കോളിളക്കം സൃഷ്ടിച്ച മെല്‍ബണിലെ സാം എബ്രഹാം (34) വധക്കേസില്‍ സാമിന്റെ ഭാര്യയായ സോഫിയ, അരുണ്‍ കമലാസനന്‍ എന്നിവര്‍ക്കുള്ള ശിക്ഷ വിക്ടോറിയന്‍ സുപ്രീം കോടതി ജൂണ്‍ 21നു പ്രഖ്യാപിക്കും. ഒന്നിച്ചു ജീവിക്കാന്‍ വേണ്ടിസാമിനെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ കേസില്‍ ഇരുവരും കുറ്റക്കാരാണെന്നു ഫെബ്രുവരിയില്‍ കോടതി വിധിച്ചിരുന്നു. കേസില്‍ കുറ്റക്കാരിയാണെന്നു കോടതി കണ്ടെത്തിയ ഭാര്യ സോഫിയ കുറഞ്ഞ ശിക്ഷക്കായി അപേക്ഷിച്ചിരുന്നു. മകന്റെ ഭാവി കരുതി ശിക്ഷായിളവ് വേണമെന്നാണ് ആവശ്യം. ഇതിനു മുമ്പ് ഒരു കേസിലും ഉള്‍പ്പെട്ടിട്ടില്ല എന്നതു പരിഗണിച്ചും ഏറ്റവും കുറഞ്ഞ ശിക്ഷ നല്‍കണം എന്നായിരുന്നു അപേക്ഷ.

കൊലപാതകത്തെക്കുറിച്ച് സോഫിയയ്ക്ക് മുന്‍കൂട്ടി അറിയാമായിരുന്നു എന്നതും, മകന്‍ കിടന്ന കട്ടിലില്‍ വച്ചാണ് പിതാവിന്റെ കൊലപാതകം നടത്തിയതെന്നും ഉള്ള ഘടകങ്ങള്‍ കണക്കിലെടുത്ത് കടുത്ത ശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. സോഫിയയ്ക്ക് ജീവപര്യന്തം തടവുശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുന്നില്ലെന്നും പ്രോസിക്യൂട്ടര്‍ കെറി ജഡ് വ്യക്തമാക്കി. എന്നാല്‍ ജീവപര്യന്തമല്ലാതെ മറ്റു കടുത്ത ശിക്ഷക്കായി പരിഗണിക്കേണ്ട കുറ്റകൃത്യമാണെന്ന് അവര്‍ വാദിച്ചു. സാം ഏറ്റവും സുരക്ഷിതമെന്ന് കരുതിയ സ്വന്തം വീട്ടിനുള്ളില്‍ വച്ചാണ് കൊല ചെയ്യപ്പെട്ടതെന്നും, ആറു വയസുള്ള മകന്‍ ഉണരുമ്പോള്‍ തൊട്ടടുത്ത് അച്ഛന്‍ മരിച്ചു കിടക്കുന്നത് കാണുമെന്നും ഉള്ള കാര്യം പ്രതികള്‍ കണക്കിലെടുത്തില്ല. ഇക്കാര്യങ്ങള്‍ കുറ്റകൃത്യത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ഇതുവരെയും സോഫിയ പശ്ചാത്താപം പ്രകടിപ്പിച്ചിട്ടുമില്ലെന്നും പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.

വധശിക്ഷ നിരോധിച്ച രാജ്യമാണ് ഓസ്‌ട്രേലിയ. ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ ഏറ്റവും കൂടിയ ശിക്ഷ ജീവപര്യന്തം തടവാണ്. ഓസ്‌ട്രേലിയയില്‍ അനിശ്ചിത കാലത്തേക്കാണ് ജീവപര്യന്തം തടവിന് ശിക്ഷിക്കുന്നത്.

2015 ഒക്ടോബറിലായിരുന്നു പുനലൂര്‍ സ്വദേശിയും യുഎഇ എക്‌സ്‌ചേഞ്ച് ജീവനക്കാരനുമായിരുന്ന സാം എബ്രഹാം മരിച്ചത്. ഉറക്കത്തിനിടയില്‍ ഹൃദയാഘാതം വന്നാണ് സാം മരിച്ചത് എന്നാണ് പൊലീസ് ആദ്യഘട്ടത്തില്‍ കരുതിയിരുന്നത്. അങ്ങനെയാണ് സോഫി എല്ലാവരെയും വിശ്വസിപ്പിച്ചത്. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സാമിനെ വിദഗ്ധമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് തെളിഞ്ഞത്. മാസങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് സാമിന്റെ ഭാര്യ സോഫിയെയും (33) കാമുകന്‍ അരുണ്‍ കമലാസനനെയും (35) പോലീസ് അറസ്റ്റ് ചെയ്തത്.

സാമിനെ കൊലപ്പെടുത്താന്‍ വേണ്ടി പ്രതികള്‍ ദീര്‍ഘനാളത്തെ തയ്യാറെടുപ്പു നടത്തിയിരുന്നു. വിവാഹനാളുകളില്‍ സാം ദുബായിലായിരുന്നു ജോലി ചെയ്തിരുന്നത്. ഓസ്‌ട്രേലിയയിലേക്ക് ആദ്യം കുടിയേറിയതു സോഫിയാണ്. പിന്നീട് സോഫിയുടെ തന്നെ ബന്ധുക്കളുടെ സഹായത്താലാണ് സാം ഓസ്‌ട്രേലിയയില്‍ ജോലിക്ക് കയറിയത്. ഇതിനിടെയില്‍ കാമുകനായ അരുണിനെ ഇവിടെയെത്തിച്ചതിലും സോഫിക്ക് പങ്കുണ്ടായിരുന്നു. അരുണ്‍ ഓസ്‌ട്രേലിയയില്‍ എത്തി ജോലിക്ക് കയറിയതിന് പിന്നാലെ അരുണിന്റെ ഭാര്യയും കുഞ്ഞും ഓസ്‌ട്രേലിയയില്‍ എത്തിയിരുന്നു. പിന്നീട് അരുണ്‍ ഭാര്യയെയും കുഞ്ഞിനെയും കൊല്ലത്തേക്കും തിരികെ അയച്ചു.

ഏകദേശം ഒരു വര്‍ഷത്തോളം നീണ്ട തയ്യാറെടുപ്പ് കൊലപാതകത്തിനു പിന്നിലുണ്ട്. രഹസ്യം പുറത്തറിയാന്‍ വീണ്ടും പത്തുമാസം വൈകി. സാം മരിച്ചു പത്തു മാസത്തിനു ശേഷം പ്രതികള്‍ക്കെതിരെ കുറ്റം തെളിയാന്‍ കാരണം ഇവരുടെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ന്നതായിരുന്നു. അരുണിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത സിം ഉപയോഗിച്ചാണു സോഫിയ അരുണുമായി സംസാരിച്ചിരുന്നത്. ഇതു സംബന്ധിച്ച തെളിവുകളും പ്രേസിക്യൂഷന്‍ കോടതിയില്‍ ഹാരാക്കിയിരുന്നു. മരിച്ചു കിടക്കുന്ന സാമിന്റെ സമീപത്തു ഒരു പാത്രത്തില്‍ ഓറഞ്ച് ജ്യൂസ് ഇരിക്കുന്നതു ചിത്രങ്ങളില്‍ നിന്നു വ്യക്തമാണ് എന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. സാമും സോഫിയയും മകനും ഒരേ കട്ടിലിലാണ് കിടന്ന് ഉറങ്ങിയത് എന്നും സോഫിയയല്ല കൊലപ്പെടുത്തിയത് എങ്കിലും എന്താണു സംഭവിക്കുന്നത് എന്ന ഇവര്‍ക്കു വ്യക്തമായി അറിയാമായിരുന്നു എന്നും പ്രേസിക്യൂഷന്‍ വാദിച്ചു. സാം വധക്കേസില്‍ ജനുവരി 29 നു ആയിരുന്നു 14 അംഗ ജൂറിക്ക് മുന്നില്‍ അന്തിമ വിചാരണ തുടങ്ങിയത്.

 

 

 

ഡികെ

comments


 

Other news in this section