Wednesday, June 26, 2019
Latest News
കഞ്ചാവിനെ ഔഷധങ്ങളുടെ പട്ടികയില്‍ പെടുത്തുന്ന നിയമത്തില്‍ ഒപ്പുവെച്ച് ആരോഗ്യമന്ത്രി    മ്യാന്മറിലെ റാഖൈനില്‍ ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ വിച്ഛേദിച്ചു; ബുദ്ധമത ഭരണം ആവശ്യപ്പെടുന്ന ‘അരകാന്‍ ആര്‍മി’യുമായി സൈന്യത്തിന്റെ ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നു…    ബിനോയ് കോടിയേരിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്…    ഇറാനും അമേരിക്കയും തമ്മിലുള്ള വാഗ്വാദങ്ങള്‍ മുറുകുന്നു; ഇറാനെ തുടച്ചുനീക്കുമെന്ന് ട്രംപ്, ട്രംപിന് ഭ്രാന്താണ് എന്ന് ഇറാന്‍ പ്രസിഡന്റ് റൂഹാനി…    നാട്ടിലേക്ക് പോകുന്ന പ്രവാസികളുടെ ശ്രദ്ധക്ക്: വാഹന നിയമങ്ങളില്‍ മാറ്റം; അശ്രദ്ധമായാല്‍ കീശ കാലിയാകും…   

സമരമുഖത്തേക്ക് അയര്‍ലണ്ടിലെ നേഴ്സുമാര്‍; ജനുവരി 30 ന് സൂചന പണിമുടക്ക്; ആരോഗ്യമേഖല നിശ്ചലമാകും

Updated on 09-01-2019 at 6:03 am

ഡബ്ലിന്‍: ഐറിഷ് ആരോഗ്യമേഖലയില്‍ നേഴ്സുമാര്‍ നേരിടേണ്ടിവരുന്ന പ്രതിസന്ധികള്‍ സഹിക്കാവുന്നതിന്റെ പരിധി കടന്നുവെന്നും അവസാനഘട്ടമെന്ന നിലയില്‍ സമര നടപടികളിലേക്ക് കടക്കുകയാണെന്നും ഐറിഷ് നഴ്സസ് ആന്‍ഡ് മിഡ് വൈഫറി ഓര്‍ഗനൈസേഷന്‍. ജനുവരി 30 ബുധനാഴ്ച ദേശീയ വ്യാപകമായി സൂചന പണിമുടക്ക് നടത്തുമെന്നും പരിഹാരം കണ്ടില്ലെങ്കില്‍ ഫെബ്രുവരിയില്‍ തുടര്‍സമരങ്ങള്‍ ഉണ്ടാകുമെന്നും INMO ഇന്നലെ വിളിച്ചുചേര്‍ത്ത എക്‌സിക്യൂട്ടീവ് യോഗത്തിനുശേഷം മാധ്യമങ്ങളോട് വ്യക്തമാക്കി. അമിത ജോലി ഭാരം കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ നഴ്സുമാര്‍ നടത്താന്‍ ഉദ്ദേശിക്കുന്ന സമരത്തിന് അംഗങ്ങളുടെ അഭിപ്രായമറിയാന്‍ ഡിസംബറില്‍ നടത്തിയ ബാലറ്റ് വോട്ടെടുപ്പില്‍ 95 ശതമാനം നേഴുമാരും സമരത്തെ അനുകൂലിച്ചിരുന്നു.

വേതന വര്‍ധനവ് അംഗീകരിക്കണമെന്നും, അമിത ജോലി ഭാരം കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് രാജ്യത്തെ നഴ്‌സുമാര്‍ ആദ്യഘട്ടമായി 24 മണിക്കൂര്‍ പണിമുടക്ക് നടത്തും. എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ഒഴികെ മറ്റെല്ലാ ജീവനക്കാരും പണിമുടക്കില്‍ പങ്കാളികളാകും. അമിത ജോലി ഭാരം മൂലം നഴ്‌സുമാരുടെയും രോഗികളുടെയും സുരക്ഷ ഒരുപോലെ പ്രതിസന്ധിയിലാണെന്ന് ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കുന്നു. ഏറ്റവും തിരക്കേറിയ സീസണില്‍ നടക്കുന്ന നേഴ്സുമാരുടെ പണിമുടക്ക് പിന്‍വലിക്കാന്‍ HSE അവസാനവട്ട ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. അടുത്ത ആഴ്ച യൂണിയന്‍ നേതാക്കളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസ് പ്രസ്താവിച്ചിട്ടുണ്ട്.

രോഗികളുടെ തിരക്ക് വന്‍ തോതില്‍ വര്‍ധിക്കുകയാണെന്നും അതിനനുസരിച്ച് കൂടുതല്‍ നഴ്‌സുമാരെ ജോലിക്ക് നിയോഗിക്കണമെന്നും നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിച്ചിട്ടില്ലെന്ന് INMO ജനറല്‍ സെക്രട്ടറി ഫില്‍ നി ഷീഗ്ദ വ്യക്തമാക്കുന്നു. വലിയ ജോലി ഭാരമാണ് തങ്ങളുടെ അംഗങ്ങള്‍ അനുഭവിക്കുന്നത്. അവരെ സംരക്ഷിക്കുകയും സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കേണ്ടതിന്റെയും ബാധ്യത സംഘടനയ്ക്കുണ്ട്. രോഗികളും ഇതിനെ പിന്തുണയ്ക്കുമെന്നാണ് കരുതുന്നത്. നഴ്‌സുമാരുടെ ജോലി ഭാരം വര്‍ധിക്കുന്നതു കൊണ്ട് ഏറ്റവുമധികം പ്രശ്‌നങ്ങള്‍ രോഗികള്‍ക്ക് തന്നെയാണ്. നേഴ്സിങ് മിഡ്വൈഫറി ജീവനക്കാരുടെ കുറഞ്ഞ വേതനനിരക്കുകള്‍ ഐറിഷ് ആരോഗ്യമേഖലയിലേക്ക് കടന്നുവരാന്‍ പലര്‍ക്കും തടസ്സമാകുന്നുണ്ട്. 2008 ല്‍ നിന്ന് 2018 ല്‍ എത്തുമ്പോള്‍ ജീവനക്കാരുടെ എണ്ണം 6 ശതമാനം (1,754) കുറഞ്ഞിട്ടുണ്ട്.

സര്‍ക്കാര്‍ ഈയിടെ കൊണ്ടുവന്ന വേതന പരിഷ്‌കരണം രാജ്യത്തെ 94% നഴ്സുമാരും മിഡ് വൈഫുമാരും തള്ളിയിരുന്നു. നിലവിലെ ശമ്പള സ്‌കെയില്‍ അനുസരിച്ച് നഴ്സസിങ് വിദ്യാര്‍ത്ഥികള്‍ക്കും മിഡൈ്വഫുമാര്‍ക്കും പ്രതിവര്‍ഷം 14,243 യൂറോയാണ് ശമ്പളം. സ്റ്റാഫ് നേഴ്‌സുമാര്‍ക്ക് പ്രതിവര്‍ഷം 24,850 യൂറോയും സീനിയര്‍ സ്റ്റാഫ് നേഴ്‌സിന് 47,898 യൂറോയുമാണ് നിലവിലെ ശമ്പളം. 2018-2020 കാലയളവില്‍ 6.4 ശതമാനത്തില്‍ നിന്ന് 7.2 ശതമാനം ശമ്പളവര്‍ധനവാണ് ഗവണ്മെന്റ് മുന്നോട്ടുവെച്ചിരിക്കുന്നത്. ഇപ്പോള്‍ പൊതുആരോഗ്യ മേഖലയിലുള്ള കുറഞ്ഞ വേതനം മൂലമാണ് നഴ്സുമാരെ ലഭിക്കാത്തതെന്നു സംഘടന ചൂണ്ടിക്കാട്ടുന്നു.

ഗവണ്‍മെന്റുമായി കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ ചര്‍ച്ചകളില്‍ അനുകൂല തീരുമാനങ്ങള്‍ ഉണ്ടാകാത്ത സാഹചര്യത്തിലാണ് വോട്ടെടുപ്പും സമരനടപടികളും സ്വീകരിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായിരിക്കുന്നതെന്ന് ഐഎന്‍എംഒ വ്യക്തമാക്കി. ശൈത്യകാലം ആരംഭിച്ചതോടെ ജീവനക്കാരുടെ അഭാവം പരിഹരിക്കാനും സുരക്ഷിതമല്ലാത്ത സ്റ്റാഫിംഗ് ലെവല്‍ ക്രമപ്പെടുത്താനും അടിയന്തര റിക്രൂട്ട്മെന്റ്, ജീവനക്കാരെ നിലനിര്‍ത്താനുള്ള നടപടികള്‍ എന്നിവ സ്വീകരിക്കുക, എമര്‍ജന്‍സി വിഭാഗത്തില്‍ ഒരു വിദഗ്ധ സമിതിയുടെ നേതൃത്വത്തില്‍ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി റിവ്യൂ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുക, തുടങ്ങിയ ആവശ്യങ്ങളാണ് ഐഎന്‍എംഒ പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്.

ജനുവരി 30 ലെ നേഴ്സുമാരുടെ പണിമുടക്ക് കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ അയര്‍ലണ്ടില്‍ INMO യുടെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാമത്തെ ദേശീയ പണിമുടക്കാവും. ഈ മാസത്തെ സൂചന പണിമുടക്കിന് പിന്നാലെ ഫെബ്രുവരി 5, 7, 12, 13, 14 തിയ്യതികളിലും തുടര്‍പണിമുടക്കുകള്‍ ഉണ്ടാകുമെന്ന് നേഴ്സിങ് സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

എ എം

comments


 

Other news in this section