Thursday, November 15, 2018

ശൈത്യകാലത്തിന്റെ വരവറിയിച്ച് താപനില മൈനസ് ഡിഗ്രിയിലേക്ക്; ആരോഗ്യകാര്യങ്ങളില്‍ അതീവ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

Updated on 29-10-2018 at 6:41 am

ഡബ്ലിന്‍: കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ ഐറിഷ് കാലാവസ്ഥയില്‍ കാതലായ മാറ്റങ്ങള്‍ കണ്ടുതുടങ്ങി. മൈനസ് 2 ഡിഗ്രിയിലെത്തിയ തണുപ്പ് മൈനസ് 4 ഡിഗ്രിയിലേക്ക് താഴ്ന്നതായി മെറ്റ് ഏറാന്‍ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ചുരുക്കം ചില സ്ഥലങ്ങളില്‍ ചാറ്റല്‍മഴ ഒഴിച്ചുനിര്‍ത്തിയാല്‍ ഭൂരിഭാഗം പ്രദേശങ്ങളിലും വരണ്ട കാലാവസ്ഥ തുടരുന്നു. വരും ദിവസങ്ങളില്‍ താപനില വീണ്ടും കുറഞ്ഞേക്കാമെന്നും കാലാവസ്ഥാ കേന്ദ്രങ്ങളില്‍ നിന്നും അറിയിപ്പുണ്ട്.

ശൈത്യകാലം വന്നെത്തുന്നതോടെ ആരോഗ്യകാര്യങ്ങളില്‍ ജനങ്ങള്‍ ശ്രദ്ധ പാലിക്കണമെന്ന് എച്ച്.എസ്.ഇ മുന്നറിയിപ്പ് നല്‍കി. പകര്‍ച്ചവ്യാധികള്‍ ഏറ്റവുംകൂടുതല്‍ കണ്ടുവരുന്ന തണുപ്പുകാലത്ത് ആളുകള്‍ ഇതിനെതിരെയുള്ള വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കാനും നിര്‍ദ്ദേശമുണ്ട്. കഴിഞ്ഞ തണുപ്പുകാലത്ത് അയര്‍ലണ്ടില്‍ ആന്റിബയോട്ടിക്കുകളെപോലും കീഴ്‌പ്പെടുത്തുന്ന ബാക്ട്ടീരിയകളെ കണ്ടെത്തിയിരുന്നു. ഇവയെ അതിജീവിക്കാന്‍ കുത്തിവെയ്പ്പ് അതാത് സമയങ്ങളില്‍ എടുക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പൊതു അറിയിപ്പ് നല്‍കിയിരിക്കുകയാണ്.

ഗര്‍ഭിണികള്‍, കുട്ടികള്‍, 65 വയസ്സിന് മുകളിലുള്ളവര്‍ എന്നിവര്‍ നിര്‍ബന്ധമായും സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നാണ് അറിയിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഈ വര്‍ഷം യൂറോപ്പ് മുഴുവന്‍ കൊടുംതണുപ്പിന്റെ പിടിയില്‍ അകപ്പെടാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയുന്നു.

 

 

 

 

 

 

 

 

എ എം

comments


 

Other news in this section