Thursday, July 19, 2018

ശീതള പാനീയത്തില്‍ പഞ്ചസാര നിയന്ത്രണം ഏപ്രില്‍ മുതല്‍

Updated on 11-10-2017 at 7:42 am

ഡബ്ലിന്‍: ശീതളപാനീയ നിര്‍മ്മാണ കമ്പനികള്‍ക്ക് ബഡ്ജറ്റില്‍ വന്‍ തിരിച്ചടി. ഏപ്രില്‍ മാസം മുതല്‍ പാനീയങ്ങളില്‍ മധുരം നിശ്ചിത അളവില്‍ കൂടിയാല്‍ നികുതി അടക്കേണ്ടി വരും. മധുരം കുറച്ചാല്‍ ഇത്തരം പാനീയങ്ങള്‍ക്ക് ഡിമാന്‍ഡ് കുറയുമെന്ന് വ്യാപാരികള്‍ ആശങ്കപ്പെടുന്നു.

100 മില്ലി ലിറ്റര്‍ ശീതള പാനീയത്തില്‍ 8 ഗ്രാമോ അതില്‍ കൂടുതലോ മധുരം ഉപയോഗിച്ചാല്‍ ഒരു ലിറ്ററിന് 30 സെന്റ് നികുതി ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. 100 മില്ലി ലിറ്ററില്‍ 5-നും 8 ഗ്രാമിനും ഇടയിലാണ് മധുരമെങ്കില്‍ 20 സെന്റ് നികുതി നല്‍കേണ്ടി വരും.

ഷുഗര്‍ ടാക്‌സ് വര്‍ധിപ്പിക്കുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ബഡ്ജറ്റില്‍ വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോടെ നികുതി ചുമത്താന്‍ തീരുമാനിക്കുകയായിരുന്നു. പൊണ്ണത്തടി രാജ്യത്ത് വര്‍ധിച്ചു വരുന്ന സഹാഹചര്യത്തില്‍ ഇത് കുറച്ചുകൊണ്ട് വരാനും കൂടിയാണ് ഷുഗര്‍ ടാക്‌സ് ഏര്‍പ്പെടുത്തിയത്. ശീതളപാനീയ നിര്‍മ്മാണ കമ്പനികള്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ പരിശോധിക്കാനുള്ള സംവിധാനങ്ങളും ഉടന്‍ നിലവില്‍ വരും.

കുട്ടികളില്‍ പൊണ്ണത്തടി വര്‍ധിക്കാന്‍ ഏറ്റവും വലിയ കാരണം നിരന്തരമുള്ള ശീതളപാനീയ ഉപയോഗമാണെന്ന് കണ്ടെത്തിയിരുന്നു. പ്രമേഹ രോഗത്തിലേക്ക് നയിക്കുന്ന പഞ്ചസാര ഉപയോഗം ഐറിഷുകാര്‍ക്കിടയില്‍ കുറച്ചുകൊണ്ടുവരാന്‍ ഈ നിയന്ത്രണങ്ങള്‍ വലിയൊരളവില്‍ സഹായിക്കും.

 

ഡി കെ

 

comments


 

Other news in this section