Friday, May 24, 2019

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; 16 കൗണ്ടികളില്‍ കാലാവസ്ഥ മുന്നറിയിപ്പുകള്‍ നിലവില്‍ വന്നു

Updated on 27-11-2018 at 5:51 am

ഡബ്ലിന്‍: ഇന്ന് രാത്രി മുതല്‍ അയര്‍ലണ്ടില്‍ ആഞ്ഞടിക്കാന്‍ പോകുന്ന ഡയാന കൊടുങ്കാറ്റിനെതിരെ പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ച് മെറ്റ് ഐറാന്‍. കഴിഞ്ഞ ദിവസങ്ങള്‍ അയര്‍ലണ്ടില്‍ തകര്‍ത്തു പെയ്യുന്ന മഴയോടോപ്പമാണ് ഇന്ന് രാത്രി മുതല്‍ ശക്തമായ കാറ്റും ആഞ്ഞടിക്കുന്നത്. 16 കൗണ്ടികളിലാണ് കാലാവസ്ഥ മുന്നറിയിപ്പുകള്‍ നിലവില്‍ വന്നത്. കനത്ത മഴയെ തുടര്‍ന്ന് 8 കൗണ്ടികളില്‍ മെറ്റ് ഐറാന്‍ മഴ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. മണ്‍സ്റ്റര്‍, ഡബ്ലിന്‍, കാര്‍ലോ, കില്‍കെന്നി, വെക്സ്‌ഫോര്‍ഡ്, വിക്കലോ, ഗാല്‍വേ, മായോ എന്നിവിടങ്ങളിലാണ് മഴ ശക്തിയാര്‍ജിക്കുന്നത്. ഇന്ന് പുലര്‍ച്ചെ 2 മണിക്ക് നിലവില്‍ വന്ന മുന്നറിപ്പ് വൈകുന്നേരം വരെ തുടരും. രാജ്യത്തിന്റെ ഉയര്‍ന്ന മേഖലകളില്‍ കനത്തമഴയ്ക്കും വെള്ളപ്പൊക്കത്തിനുള്ള മുന്നൊരുക്കം നടത്തണമെന്നാണ് മെറ്റ് ഓഫീസിന്റെ നിര്‍ദ്ദേശം. 20 മുതല്‍ 30 വരെ മില്ലിമീറ്റര്‍ മഴയ്ക്കാണ് സാധ്യത.

അതേസമയം കനത്ത മഴയ്‌ക്കൊപ്പം അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിനെ തുടര്‍ന്ന് മന്‍സ്റ്റര്‍, ഡബ്ലിന്‍, കാര്‍ലോ, കില്‍കെന്നി, വെക്‌സ്ഫോര്‍ഡ്, വിക്കലോ, ഡോനിഗല്‍, ഗാല്‍വേ, ലെയ്ട്രിം, മായോ, സ്ലിഗൊ എന്നിവിടങ്ങളില്‍ യെല്ലോ വാണിങ് പുറപ്പെടുവിച്ചിട്ടുണ്ട്. 90-100km വേഗതയിലുള്ള കാട്ടാന്‍ പ്രതീക്ഷിക്കുന്നത്. തെക്ക് കിഴക്കന്‍ തീരപ്രദേശങ്ങളെയാകും ഇത് കൂടുതല്‍ ബാധിക്കുക.

ഇതോടൊപ്പം നാളെ അറ്റ്ലാന്റിക്കില്‍ നിന്നും ഡയാന കൊടുങ്കാറ്റ് അയര്‍ലണ്ടില്‍ എത്തുമെന്നും കാലാവസ്ഥ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പോര്‍ച്ചുഗീസ് കാലാവസ്ഥ വിഭാഗമാണ് ഈ പേര് നല്‍കിയത്. അറ്റ്ലാന്റിക് സമുദ്രത്തില്‍ രൂപപ്പെട്ട കാറ്റ് മണിക്കൂറില്‍ 90-110 കി. മീ വേഗതയില്‍ അയര്‍ലണ്ടില്‍ ആഞ്ഞടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡയാന കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നതിനോടനുബന്ധിച്ച് കാലാവസ്ഥ മുന്നറിയിപ്പുകള്‍ അടുത്ത മണിക്കൂറുകളില്‍ നല്‍കുമെന്നാണ് കരുതുന്നത്. ഈ ദിവസങ്ങളില്‍ താപനിലയില്‍ അല്പം ഉയര്‍ച്ച പ്രതീക്ഷിക്കാം. കൂടിയ താപനില പകല്‍ 13 ഡിഗ്രി സെല്‍ഷ്യസും രാത്രി 7 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും.

കനത്ത മഴയും കാറ്റും ഉള്ള സമയത്ത് റോഡിലിറങ്ങുന്ന മോട്ടോര്‍ വാഹന യാത്രക്കാര്‍ ജാഗ്രത പാലിക്കാന്‍ റോഡ് സേഫ്റ്റി അതോറിറ്റി മുന്നറിയിപ്പ് നല്‍കി. റോഡ് ഉപയോക്താക്കള്‍ യാത്ര തുടങ്ങുന്നതിന് മുന്‍പായി പ്രാദേശിക, ദേശീയ കാലാവസ്ഥ മുന്നറിയിപ്പുകള്‍ പരിശോധിക്കുന്നതിനും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു. വാഹനമോടിക്കുന്നവര്‍ പരമാവധി വേഗത കുറയ്ക്കണമെന്നും സുരക്ഷാ നിര്‍ദേശങ്ങളെല്ലാം പാലിച്ച് കൂടുതല്‍ സമയമെടുത്തുവേണം യാത്രചെയ്യാനെന്നും എഎ റോഡ് വാച്ച് അറിയിച്ചു.

മുന്നില്‍ പോകുന്ന വാഹനത്തിന്റെ തൊട്ടുപിന്നാലെ വാഹനം ഓടിക്കരുത്. സുരക്ഷിത അകലം ഉറപ്പ് വരുത്തണം. വളവുകളില്‍ ഓവര്‍ടേക്ക് ചെയ്യാതിരിക്കാനും പരമാവധി വേഗം കുറച്ച് ഓടിക്കാനും ശ്രദ്ധിക്കണം. കണ്ടയിനര്‍ ലോറി പോലെയുള്ള വലിയ വാഹനങ്ങളുടെ തൊട്ടുപിറകില്‍ വാഹനം ഓടിച്ചാല്‍ അവയുടെ ടയറില്‍ നിന്ന് ചെളിതെറിച്ച് വിന്‍ഷീല്‍ഡിലൂടെയുള്ള കാഴ്ച തടസ്സപ്പെടും. മറ്റു വാഹനങ്ങളെ പിന്തുടര്‍ന്നുള്ള യാത്രയും മഴക്കാലത്ത് നല്ലതല്ല. മുന്നിലെ വാഹനത്തിന്റെ ഇന്റിക്കേറ്ററും ബ്രേക്ക് ലൈറ്റുമൊന്നും പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ അത് ഓടിക്കുന്ന ഡ്രൈവറുടെ നീക്കം നമുക്ക് ഊഹിക്കാന്‍ പോലും സാധിക്കില്ല. ഒരല്‍പ്പം മുന്‍കരുതലെടുക്കാന്‍ തയ്യാറുണ്ടെങ്കില്‍ ഈ അപകടങ്ങള്‍ ഒരു പരിധി വരെ കുറക്കാനാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

മോട്ടോര്‍ വാഹന യാത്രക്കാര്‍ റോഡുകളില്‍ ജാഗ്രത പാലിക്കാന്‍ റോഡ് സേഫ്റ്റി അതോറിറ്റി മുന്നറിയിപ്പ് നല്‍കി. റോഡ് ഉപയോക്താക്കള്‍ യാത്ര തുടങ്ങുന്നതിന് മുന്‍പായി പ്രാദേശിക, ദേശീയ കാലാവസ്ഥ മുന്നറിയിപ്പുകള്‍ പരിശോധിക്കുന്നതിനും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു. കനത്ത മഴ റോഡില്‍ അപകടങ്ങള്‍ക്ക് വഴിവെക്കാന്‍ സാധ്യതയുണ്ട്. അമിത വേഗത്തോടെയും അശ്രദ്ധയോടെയുമുള്ള ഡ്രൈവിംഗുമാണ് മഴക്കാല അപകടങ്ങളുടെ പ്രധാന കാരണം. മഴ പെയ്യുമ്പോള്‍ റോഡ് മിനുസ്സപ്പെടും. റോഡും വാഹനത്തിന്റെ ടയറും തമ്മിലുള്ള ഘര്‍ഷണം കുറയാന്‍ ഇത് കാരണമാകും. അതിനാല്‍ തന്നെ പൊടുന്നനെയുള്ള ബ്രേക്കിംഗ് വേണ്ടിവരുമ്പോള്‍ വാഹനം വഴുതിപ്പോകുകയും മറ്റു വാഹനങ്ങളുമായി ഇടിക്കുകയും ചെയ്യുന്നു. അമിതവേഗത്തില്‍ ഓടിക്കുമ്പോഴാണ് ഈ പ്രശ്‌നം ഏറ്റവും അപകടം ചെയ്യുന്നത്. എത്ര നിയന്ത്രണ ശേഷിയുള്ള ഡ്രൈവറാണ് സ്റ്റിയറിംഗ് തിരിക്കുന്നതെങ്കിലും ചവിട്ടിയിടത്ത് വാഹനം കിട്ടിയില്ലെങ്കില്‍ അത് അപകടത്തില്‍ കലാശിക്കും. ഒരല്‍പ്പം മുന്‍കരുതലെടുക്കാന്‍ തയ്യാറുണ്ടെങ്കില്‍ ഈ അപകടങ്ങള്‍ ഒരു പരിധി വരെ കുറക്കാനാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

എ എം

comments


 

Other news in this section