Saturday, December 16, 2017

വ്യാജ ഭക്ഷണ വില്പനക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി ഡബ്ലിനില്‍ ഫുഡ് കോണ്‍ഫറന്‍സ്

Updated on 06-10-2017 at 7:49 am

ഡബ്ലിന്‍: മാര്‍ക്കറ്റില്‍ നിന്നും ദിനംപ്രതി വാങ്ങുന്ന ഭക്ഷണ ഉല്‍പ്പനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ഡബ്ലിനില്‍ ഫുഡ് കോണ്‍ഫറന്‍സ് ആരംഭിച്ചു. രാജ്യത്ത് വില്പന നടത്തുന്ന മത്സ്യം, ഒലിവ് ഓയില്‍, മദ്യം, ഇറച്ചി ഉത്പന്നങ്ങള്‍ എന്നിവയില്‍ വ്യാപകമായ മായം കലരുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. 2014-ല്‍ വ്യാജ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വില്‍ക്കപെട്ടതിനെ തുടര്‍ന്ന് 60 കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2016-ല്‍ 156 കേസുകള്‍ ആണ് പുറത്ത് വന്നത്.

മാട്ടിറച്ചി എന്ന വ്യാജേന മറ്റു ജീവികളുടെ ഇറച്ചി വില്പന നടത്തുന്ന സംഘങ്ങളും അയര്‍ലണ്ടില്‍ ഉണ്ട്. വില കുറക്കുന്നു എന്ന വ്യാജേന വിലയില്‍ മാറ്റം വരുത്തി വില്‍ക്കപ്പെടുന്ന ഭക്ഷണ ഉത്പന്നങ്ങളെ ജാഗ്രതയോടെ സമീപിക്കാന്‍ ഫുഡ് കോണ്‍ഫെറെന്‍സില്‍ ആരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പഴകിയ മത്സ്യം, ഇറച്ചി ഉത്പന്നങ്ങള്‍ എന്നിവയും ദിനം പ്രതി വില്പനക്ക് എത്തുന്നുണ്ട്.

കുതിരകള്‍ ചത്തൊടുങ്ങുമ്പോള്‍ അവയുടെ മാംസം വില്പനക്ക് എത്തിക്കുന്ന മാഫിയകളും രംഗത്ത് ഉണ്ട്. ഇത്തരത്തില്‍ വ്യാജ ഭക്ഷണ ഉത്പന്നങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമ നിര്‍മ്മാണത്തിന് ഒരുങ്ങുകയാണ് അയര്‍ലന്‍ഡ്. വ്യാജ മദ്യ ദുരന്തങ്ങളും രാജ്യത്ത് പതിവായിക്കൊണ്ടിരിക്കുകയാണ്.

യൂറോപ്യന്‍ യൂണിയനില്‍ വ്യാജ ഭക്ഷണ ഉത്പന്നങ്ങള്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്നത് അയര്‍ലണ്ടില്‍ ആണെന്ന് ഫുഡ് കോണ്‍ഫറന്‍സ് വിലയിരുത്തുന്നു. പാകം ചെയ്തതും പാകം ചെയ്യാത്തതുമായ ഭക്ഷണ ഉത്പന്നങ്ങളില്‍ വ്യാജ ഭക്ഷണം ഏതെന്ന് കണ്ടുപിടിക്കാന്‍ നിലവില്‍ ഉപഭോക്താക്കള്‍ക്ക് പ്രത്യേക മാര്‍ഗങ്ങള്‍ ഒന്നും തന്നെയില്ല. ഭക്ഷണം കഴിച്ച ശേഷം ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുമ്പോള്‍ മാത്രമാണ് വിഷഭക്ഷണം ഉള്ളില്‍ ചെന്നതായി ഉപഭോക്താവ് മനസിലാക്കുന്നത്.

വ്യാജ ഭക്ഷണം വിതരണം ചെയ്തത് കണ്ടെത്തിയതിനെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അയര്‍ലണ്ടിലെ പല ഹോട്ടലുകള്‍ക്കെതിരെയും നടപടി സ്വീകരിച്ചിരുന്നു. ഗുണമേന്മയുള്ള ഭക്ഷണശാലകളില്‍ നിന്നും മാത്രം ഭക്ഷണം വാങ്ങാന്‍ ഉപഭോക്താക്കള്‍ ശ്രദ്ധിക്കണമെന്ന് ഫുഡ് കോണ്‍ഫറന്‍സ് നിര്‍ദ്ദേശിക്കുന്നു.

 

ഡി കെ

 

comments


 

Other news in this section