Monday, October 14, 2019

വ്യക്തിഗത ആവശ്യങ്ങള്‍ക്ക് മയക്കു മരുന്നുകള്‍ കൈവശം വെയ്ക്കുന്നത് ക്രിമിനല്‍ കുറ്റകൃത്യമാവില്ല ; പുതിയ സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരെ പ്രതിഷേധം ശക്തം

Updated on 10-07-2019 at 9:10 am

ഡബ്ലിന്‍ : സ്വന്തം ആവശ്യങ്ങള്‍ക്ക് മയക്കുമരുന്നു ഉള്‍പ്പെടെയുള്ള ഉത്തേജക മരുന്നുകള്‍ സൂക്ഷിക്കുന്നവര്‍ക്കെതിരെ ജാഗ്രത മാത്രം മതിയെന്ന് ഗവണ്‍മെന്റ് വര്‍ക്കിംഗ് ഗ്രൂപ്പിന്റെ നിര്‍ദേശം. രാജ്യത്തെ പോലീസ് സേനയ്ക്ക് ഇത് സമ്പന്ധിച്ച നിര്‍ദേശം കൈമാറിയതായി അയര്‍ലണ്ടിലെ ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് മയക്കുമരുന്നുകള്‍ അത് വ്യക്തി പരമായ ആവശ്യങ്ങള്‍ക്കായാലും, വില്പനയ്ക്ക് ആയാലും ആരില്‍ നിന്ന് കണ്ടെത്തിയാലും ഇവരെ ക്രിമിനല്‍ നിയമത്തിനതിന്റെ പരിധിയില്‍ പെടുത്തുന്ന നിയമം ഇതോടെ ഇല്ലാതാകും.

അയര്‍ലണ്ടില്‍ ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയാഗം വര്‍ധിച്ച സാഹചര്യത്തില്‍ സര്‍ക്കാരിന്റെ പുതിയ നിയമ പരിഷ്‌കാരം ശരിയല്ലെന്ന് വിവിധ കമ്മ്യൂണിറ്റി ഗ്രൂപ്പുകളും, ലഹരി വിരുദ്ധ സംഘടനകളും ചൂണ്ടിക്കാട്ടി. പുതു തലമുറയെ ലഹരിയുടെ പിടിയില്‍ അകപ്പെടാന്‍ സാഹചര്യമൊരുക്കുന്ന ഈ നിയമം പിന്‍വലിച്ച് മയക്കുമരുന്നു കൈവശം വെയ്ക്കുന്നവരെ ക്രിമിനല്‍ കുറ്റത്തിന്റെ പരിധിയില്‍ പെടത്തണമെന്ന ആവശ്യം ശക്തമാകുകയാണ്. രാജ്യത്ത് മദ്യ മയക്കുമരുന്നു ഉപയോഗം വ്യാപകമായതോടെ ഇത് നിയന്ത്രിക്കാന്‍ കത്തോലിക്കാ സഭ തന്നെ നേരിട്ടു ബോധവത്കരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കാനായിരിക്കെയാണ് പുതിയ നിയമ നിര്‍ദേശം പുറത്ത് വന്നത്.

അയര്‍ലണ്ടില്‍ വന്‍ തോതില്‍ മയക്കുമരുന്നുകളാണ് വില്‍പ്പനയ്‌ക്കെത്തുന്നത്. ഓരോ ആഴ്ചയിലും പത്തോളം ലോബികളാണ് പിടിക്കപെട്ടുന്നത്. രാജ്യത്ത് ആവശ്യക്കാര്‍ വര്‍ധിച്ചതോടെ മയക്കുമരുന്നു വിപണനവും സജീവമാണ്. ഇത്തരം വിപണനങ്ങളില്‍ ചെറിയൊരു ശതമാനം മാത്രമാണ് പിടിക്കപെടുന്നതെന്ന് ലഹരി വിരുദ്ധ സംഘടനകള്‍ പറയുന്നു. ഓണ്‍ലൈന്‍ വഴിയുള്ള വിപണനവും ഇപ്പോള്‍ കൂടുതലായി നടക്കുന്നുണ്ട്.

comments


 

Other news in this section