Friday, May 24, 2019

വോട്ടര്‍മാരെ കാഴ്ചക്കാരാക്കി പോളിങ് ഏജന്റ് വോട്ട് ചെയ്തു; വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍…

Updated on 14-05-2019 at 10:51 am

ഫരീദാബാദിലെ ഒരു പോളിങ് ബൂത്തില്‍ വോട്ടര്‍മാരെ കാഴ്ചക്കാരാക്കി അവരുടെ വോട്ടുകള്‍ അതിക്രമിച്ചു കയറി ചെയ്ത പോളിങ് ഏജന്റ് പൊലീസ് പിടിയില്‍. ബൂത്തില്‍ മൂന്നുപേരുടെ വോട്ട് ഇയാള്‍ അതിക്രമിച്ചു കയറി ചെയ്യുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അറസ്റ്റ് നടന്ന വിവരം മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ അശോക് ലാവാസ സ്ഥിരീകരിച്ചു.

അതെസമയം ഏത് പാര്‍ട്ടിയുടെ പോളിങ് ഏജന്റാണ് ഇത് ചെയ്തതെന്ന് റിപ്പോര്‍ട്ടുകളില്‍ സൂചനയില്ല. ഇക്കാര്യം തെരഞ്ഞെടുപ്പു കമ്മീഷന്‍ പുറത്തു വിട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളെ വോട്ടിങ് നടന്ന ദിവസം വൈകീട്ടു തന്നെ പിടികൂടിയെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ പറയുന്നത്.

എന്നാല്‍, മൂന്ന് വോട്ടുകള്‍ ഇയാള്‍ ചെയ്യുന്നതായി വീഡിയോയില്‍ വ്യക്തമാണെങ്കിലും ബൂത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തില്ലെന്ന് കമ്മീഷന്‍ അറിയിച്ചു. തെരഞ്ഞെടുപ്പില്‍ ക്രമക്കേടൊന്നും സംഭവിച്ചിട്ടില്ലെന്നാണ് കമ്മീഷന്റെ നിലപാട്. നീല ടി ഷര്‍ട്ട് ധരിച്ച, കൈയില്‍ ചരടുകള്‍ കെട്ടിയ ഒരാളാണ് വോട്ട് ചെയ്യുന്നതായി വീഡിയോയില്‍ കാണുന്നത്. ഇയാള്‍ മൂന്ന് സ്ത്രീകളുടെ വോട്ടിങ്ങില്‍ ഇടപെടുന്നതായി കാണാം.

comments


 

Other news in this section