Wednesday, June 26, 2019
Latest News
കഞ്ചാവിനെ ഔഷധങ്ങളുടെ പട്ടികയില്‍ പെടുത്തുന്ന നിയമത്തില്‍ ഒപ്പുവെച്ച് ആരോഗ്യമന്ത്രി    മ്യാന്മറിലെ റാഖൈനില്‍ ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ വിച്ഛേദിച്ചു; ബുദ്ധമത ഭരണം ആവശ്യപ്പെടുന്ന ‘അരകാന്‍ ആര്‍മി’യുമായി സൈന്യത്തിന്റെ ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നു…    ബിനോയ് കോടിയേരിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്…    ഇറാനും അമേരിക്കയും തമ്മിലുള്ള വാഗ്വാദങ്ങള്‍ മുറുകുന്നു; ഇറാനെ തുടച്ചുനീക്കുമെന്ന് ട്രംപ്, ട്രംപിന് ഭ്രാന്താണ് എന്ന് ഇറാന്‍ പ്രസിഡന്റ് റൂഹാനി…    നാട്ടിലേക്ക് പോകുന്ന പ്രവാസികളുടെ ശ്രദ്ധക്ക്: വാഹന നിയമങ്ങളില്‍ മാറ്റം; അശ്രദ്ധമായാല്‍ കീശ കാലിയാകും…   

വാറന്റി കാലാവധി കഴിഞ്ഞും ഉപകരണങ്ങള്‍ നന്നാക്കണം; അവകാശ സമരം യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ വ്യാപിക്കുന്നു

Updated on 10-01-2019 at 7:42 am

ഒരു വര്‍ഷമോ പരമാവധി മൂന്നു വര്‍ഷമോ വാറന്റിയോടെ നാം വാങ്ങുന്ന ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങള്‍ക്ക് എത്ര നാള്‍ ആയുസ്സുണ്ടാകും. സൗജന്യ സര്‍വിസ് കാലാവധി കഴിയുന്നതോടെ അവ പണിമുടക്കുന്നതാണ് പലപ്പോഴും അനുഭവം. വന്‍തുക നല്‍കി വീണ്ടും നന്നാക്കാന്‍ മിനക്കെടാതെ പുതിയതൊന്നു വാങ്ങാമെന്നുവെച്ചാല്‍, നേരത്തേയുള്ളത് ഇ-വേസ്റ്റാകും, വഴിയില്‍ തള്ളുന്നത് പൊല്ലാപ്പാകും. ലോകം മുഴുക്കെ വന്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന ഈ പ്രശ്നത്തിന് കമ്പനികള്‍തന്നെ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് യൂറോപ്പില്‍ കത്തിപ്പടരുന്ന സമരം ശ്രദ്ധയാകര്‍ഷിക്കുകയാണ്. കമ്പനികള്‍ ഉല്‍പാദിപ്പിക്കുന്ന ഉപകരണങ്ങള്‍ ദീര്‍ഘമായി നിലനില്‍ക്കുന്നവയാകണമെന്നും ആര്‍ക്കും എളുപ്പം നന്നാക്കാനാകുന്നതാകണമെന്നുമാണ് ആവശ്യം.

സമരക്കാര്‍ തെരുവിലിറങ്ങുമെന്നായതോടെ വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ സര്‍ക്കാറുകള്‍ കമ്പനികള്‍ക്ക് കര്‍ശന ചട്ടങ്ങള്‍ നടപ്പാക്കുന്നത് ആലോചിച്ചു തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. ‘നന്നാക്കാനുള്ള അവകാശ’മെന്നാണ് സമരത്തിന്റെ പേര്. യു.എസില്‍ 18 സംസ്ഥാനങ്ങളും സമാന നിയമം പ്രാബല്യത്തില്‍ വരുത്താന്‍ നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കമ്പനികള്‍ സ്വന്തമായി പ്രഫഷനലുകളെവെച്ച് കേടുപാടുകള്‍ തീര്‍ത്തുനല്‍കുന്നതാണ് നിലവിലെ രീതി. ഉപകരണങ്ങളുടെ നിര്‍മിതി കൂടുതല്‍ ലളിതമാക്കിയും വിവരം കൂടുതല്‍ പേരിലേക്ക് കൈമാറിയും ഒരു പരിധി വരെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെങ്കിലും കമ്പനികള്‍ കേള്‍ക്കുന്ന മട്ടില്ല.

പ്രധാന വീട്ടുപകരണങ്ങള്‍ അഞ്ചു വര്‍ഷത്തിനിടെ ഉപയോഗശൂന്യമാകുന്നത് 2004നും 2012നുമിടയില്‍ 3.5 ശതമാനത്തില്‍നിന്ന് 8.3 ശതമാനമായി ഉയര്‍ന്നെന്ന് കണക്കുകള്‍ പറയുന്നു. വാഷിങ് മെഷീനുകളാണ് ഇതില്‍ ഏറെ മുന്നില്‍. കമ്പനികള്‍ പുറത്തുവിടുന്ന കാര്‍ബണ്‍ പരിസ്ഥിതിക്കുമേല്‍ വരുത്തുന്ന ആഘാതം പിന്നെയും ഉയര്‍ത്തുന്നതാണ് നിര്‍മാണം വര്‍ധിപ്പിക്കല്‍. അടിയന്തരമായി ഇത് കുറച്ചുകൊണ്ടുവരണമെങ്കില്‍ ഉപകരണങ്ങള്‍ക്ക് ദീര്‍ഘായുസ്സ് വേണമെന്നാണ് ആവശ്യം.

യൂറോപ്പിലെയും അമേരിക്കയിലെയും സര്‍ക്കാറുകള്‍ ആലോചിക്കുന്ന പുതിയ നിയന്ത്രണങ്ങള്‍ ആദ്യ ഘട്ടത്തില്‍ ടെലിവിഷന്‍ പോലുള്ള വലിയ വീട്ടുപകരണങ്ങള്‍, ലൈറ്റുകള്‍ എന്നിവയിലാണ് നടപ്പാക്കുക. എന്നാല്‍, വിവിധ രാജ്യങ്ങള്‍ കൊണ്ടുവന്ന നിയമങ്ങള്‍ കമ്പനികള്‍ക്കുമേല്‍ അനാവശ്യ ഭാരമേല്‍പിക്കുമെന്നും പുതിയവ കണ്ടുപിടിക്കാനുള്ള ശ്രമങ്ങളെ നശിപ്പിക്കുമെന്നും ആരോപണവുമായി മറുവിഭാഗവും രംഗത്തുണ്ട്. വന്‍കിട കമ്പനികള്‍തന്നെയാണ് നിയമനിര്‍മാണത്തിനെതിരെ ചരടുവലിയുമായി സജീവമായുള്ളത്.

comments


 

Other news in this section