Tuesday, December 11, 2018

ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ പൊതുവേദിയായി ലോക കേരള സഭ നിലവില്‍ വന്നു.

Updated on 13-01-2018 at 8:36 am

 

കേരള നിയമസഭയില്‍ ലോക കേരള സഭയുടെ പ്രഥമ സമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി, സഭ പരിഗണിക്കേണ്ട വിഷയങ്ങള്‍ അവതരിപ്പിച്ചു. ലോക കേരളസഭ എന്ന മഹത്തായ സങ്കല്‍പം യാഥാര്‍ത്ഥ്യമായതായും മുഖ്യമന്ത്രി അറിയിച്ചു. കേരളത്തിന്റെ ജനാധിപത്യവല്‍ക്കരണ പ്രക്രിയയിലെ ഏറ്റവും പുതിയ അധ്യായമായി ലോക കേരളസഭമാറും. പ്രവാസിക്ഷേമ-സംരക്ഷണ കാര്യങ്ങളില്‍ മുതല്‍ കേരളത്തിന്റെ പൊതുവികസന കാര്യങ്ങളില്‍ വരെ ക്രിയാത്മകമായ അഭിപ്രായങ്ങളവതരിപ്പിച്ച് ഇടപെടാന്‍ പ്രവാസിസമൂഹത്തിനും അത് പ്രയോജനപ്പെടുത്താന്‍ കേരളത്തിനും ലോക കേരള സഭ പൊതുവേദിയൊരുക്കമെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ സമഗ്ര വികസനത്തില്‍ നിര്‍ണായകമായി ഇടപെടാന്‍ കഴിയുന്ന സഭ എന്ന നിലയിലാണ് ലോക കേരള സഭ വിഭാവനം ചെയ്തിട്ടുള്ളത്. കേരളത്തിനകത്തും പുറത്തുമുള്ള കേരളീയര്‍ എന്ന വേര്‍തിരിവ് ഇല്ലാതാകുന്നതോടുകൂടി ലോകകേരളസമൂഹംതന്നെ പിറവിയെടുക്കും. അത്തരമൊരു മഹത്തായ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ലോക കേരളസഭ രൂപീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മടങ്ങിയെത്തുന്ന പ്രവാസികളുടെ സമ്പാദ്യവും സാങ്കേതികവിജ്ഞാനവും തൊഴില്‍ നൈപുണ്യവും നാടിന്റെ വികസനത്തിന് ഉപകരിക്കുന്ന വിധത്തില്‍ പുനരധിവാസത്തിന്റെ സാധ്യതകള്‍ ചര്‍ച്ച ചെയ്യണം. സാമ്പത്തികമായി ദുര്‍ബലരായ പ്രവാസികള്‍ക്കുവേണ്ടി ക്ഷേമനിധി രൂപീകരിക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങളും ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തണം. കേന്ദ്രത്തിന് ഇക്കാര്യത്തില്‍ വലിയതോതിലുള്ള ഉത്തരവാദിത്വമുണ്ട്. ആ ഉത്തരവാദിത്വ നിര്‍വഹണം ഏതുവിധത്തിലാവണം എന്നതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ ലോക കേരള സഭയിലുണ്ടായാല്‍ എംപിമാര്‍ക്ക് അത് കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ പറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസി പുനരധിവാസരംഗത്ത് സഹകരണപ്രസ്ഥാനത്തിനും പ്രാദേശിക ഗവണ്‍മെന്റുകള്‍ക്കും കുറച്ചൊക്കെ ഇടപെടാന്‍ കഴിയും. പ്രവാസി സംഘടനകളുടെയും കേന്ദ്രത്തിന്റെയും സഹായത്തോടെ ഇതെങ്ങനെ കൂടുതല്‍ ഫലപ്രദമാക്കാം എന്നത് സര്‍ക്കാര്‍ ആലോചിക്കും. പ്രവാസികളുടെ പൗരാവകാശം സംരക്ഷിക്കുന്ന വിധത്തില്‍ കുടിയേറ്റ നിയമങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ സഭ നിര്‍ദേശിക്കണം. നിയമസഹായം, സ്ത്രീപ്രവാസികള്‍ നേരിടുന്ന ചൂഷണത്തിന്റെ സാഹചര്യം ഒഴിവാക്കല്‍ എന്നിവയുടെ കാര്യത്തിലും ശ്രദ്ധ ചെലുത്തണം.

പ്രവാസിക്ഷേമ ബോര്‍ഡിനുള്ള ധനസഹായം ഉയര്‍ത്താന്‍ നടപടിയെടുക്കും. സാമ്പത്തികശേഷിയുള്ള പ്രവാസികളില്‍നിന്ന് ഉദാരമായ സംഭാവനകള്‍ സ്വീകരിച്ചുകൊണ്ട് ക്ഷേമനിധി രൂപീകരിക്കുന്ന കാര്യം ആലോചിക്കും. സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിന്റെയും സംയുക്ത പങ്കാളിത്തത്തോടെ ഒരു കണ്‍സോര്‍ഷ്യം ഉണ്ടാക്കി പുനരധിവാസപ്രശ്നം പരിഹരിക്കാനുള്ള നിര്‍ദേശവും മുഖ്യമന്ത്രി മുന്നോട്ടു വച്ചു.

പ്രവാസികളുടെ സഹായത്തോടെ അക്കാദമിക് നവീകരണം സാധ്യമാക്കാനാവും. ഇതിനുള്ള സാധ്യതകള്‍ ലോക കേരള സഭ ഒരുക്കുന്ന വേദിയിലൂടെ ആരായും. പ്രവാസി നിക്ഷേപത്തില്‍ നാടിന്റെ വികസനം സാധ്യമാകുന്ന പദ്ധതികള്‍ക്കുള്ള സാധ്യതയും സമ്മേളനത്തില്‍ ആരായും. 2015ല്‍ ഇന്ത്യയിലേക്ക് എത്തിയ പ്രവാസിപ്പണം 68,910 മില്ല്യന്‍ ഡോളറായിരുന്നു. ഇത് ആഗോള പ്രവാസി പണത്തിന്റെ 12.75 ശതമാനമാണ്. ഇത്ര വലിയതോതില്‍ പണം വരുമ്പോഴും ഭാവനാപൂര്‍ണമായി അത് നിക്ഷേപിക്കാനും ആ നിക്ഷേപത്തിന്മേല്‍ നാടിന്റെ വികസനം സാധ്യമാക്കാനുമുള്ള പദ്ധതികള്‍ നമുക്കില്ല. ഈ പോരായ്മ പരിഹരിക്കും. വന്‍ പലിശയ്ക്കെടുക്കുന്ന വിദേശ കടത്തേക്കാള്‍ എത്രയോ അധികം പ്രയോജനം ചെയ്യുന്നതാണ് പ്രവാസിസമൂഹത്തിന്റെ നിക്ഷേപം. ഇതിലേക്ക് കേന്ദ്രഗവണ്‍മെന്റിന്റെ ശ്രദ്ധ ക്ഷണിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രവാസികള്‍ക്ക് കേരളത്തില്‍ വ്യവസായ, ബിസിനസ് രംഗങ്ങളിലേക്ക് കടന്നുവരുന്നതിനുള്ള തടസ്സങ്ങള്‍ നീക്കാന്‍ നടപടികളെടുക്കും. ഹ്രസ്വകാല കുടിയേറ്റത്തെ സേവനവ്യാപാരമായി ഗാട്ട് കരാര്‍ കണക്കാക്കുന്നതുമായി ബന്ധപ്പെട്ടും അന്തര്‍ദേശീയ തൊഴില്‍ സംഘടനയുടെ പ്രവാസസംബന്ധമായ തൊഴിലവകാശ സംരക്ഷണവുമായി ബന്ധപ്പെട്ടുമുള്ള ചര്‍ച്ച നടത്തണം. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പാര്‍ലമെന്റില്‍ പ്രവാസിസമൂഹത്തിന്റെ താല്‍പര്യങ്ങള്‍ പ്രകടിപ്പിക്കാന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് കഴിയണം.

നിയമസഭാ മന്ദിരത്തില്‍ രാവിലെ 9.30ന് ദേശീയഗാനാലാപനത്തോടെയാണ് പ്രഥമ ലോക കേരള സഭയ്ക്ക് തുടക്കമായത്. സഭാ സെക്രട്ടറി ജനറല്‍ പോള്‍ ആന്റണി സഭാ രൂപീകരണ പ്രഖ്യാപനം നടത്തി. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ സഭാനടത്തിപ്പ് സംബന്ധിച്ച പ്രഖ്യാപനം നടത്തി. സഭാനേതാവ് മുഖ്യമന്ത്രി പിണറായി വിജയന്‍, ഉപ നേതാവ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി, ആന്റോ ആന്റണി എംപി, എം എ യൂസഫലി, എം അനിരുദ്ധന്‍, സി പി ഹരിദാസ്, രേവതി എന്നിവരടങ്ങുന്ന പ്രസിഡിയം സഭ നടപടിക്രമത്തിലേക്ക് പ്രവേശിച്ചു. മുഖ്യമന്ത്രിയുടെ ഉദ്ഘാടനശേഷം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സംസാരിച്ചു. തുടര്‍ന്ന് ലോക കേരളത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പി ജെ കുര്യന്‍, മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, എം എ യൂസഫലി, രവി പിള്ള, സി കെ മേനോന്‍, ആസാദ് മൂപ്പന്‍, കെ പി മുഹമ്മദ്, ജോസ് കാനാട്ട്, ജയരാജ് തുടങ്ങിയവര്‍ സംസാരിച്ചു.

ഡികെ

 

comments


 

Other news in this section