Sunday, May 19, 2019

ലോകത്തെ പിടിച്ചുകുലുക്കിയ സാമ്പത്തികമാന്ദ്യത്തിന് 10 വയസ്സ് പിന്നിടുമ്പോള്‍…

Updated on 16-09-2018 at 12:36 pm

ആഗോള സാമ്പത്തിക രംഗത്ത് ചെറുതും വലുതുമായ പല പ്രതിസന്ധികളും പല കാലത്തും വന്നുപോയിട്ടുണ്ട്. തത്സമയത്തെ അടിസ്ഥാന സാമ്പത്തിക ഭദ്രതയും ഉചിതവും യുക്തിഭദ്രവുമായ ഇടപെടലുകളും മൂലം അവയെ ലോകം തരണം ചെയ്തുകൊണ്ടിരുന്നു. എന്നിരുന്നാലും 1929-30 കാലയളവിലെ വലിയ തകര്‍ച്ചയും (The great depression) 2007-09 കാലയളവിലെ മാന്ദ്യവുമാണ് ലോകത്തെ ഏറ്റവുമധികം ബാധിച്ചത്.

1929ലെ ലോക സാമ്പത്തിക പ്രതിസന്ധിക്കു ശേഷം ഉണ്ടായ ഏറ്റവും കടുത്ത മുതലാളിത്ത പ്രതിസന്ധികളിലൊന്നാണ് 2008ല്‍ സംഭവിച്ചത്. കോടിക്കണക്കിനു സാധാരണക്കാരുടെ ജീവിതകാല സമ്പാദ്യമാണ് പൊലിഞ്ഞത്. കടബാധ്യത കേറി ലക്ഷക്കണക്കിന് ആളുകള്‍ തങ്ങളുടെ കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥയിലായി. തൊഴിലില്ലായ്മ സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. 1929 ഒക്ടോബര്‍ 29ന് അമേരിക്കന്‍ ഓഹരി വിപണി തകര്‍ന്നടിഞ്ഞു. പലരും അത് വെറുമൊരു തിരുത്തലാണെന്നും വരാനിരിക്കുന്ന കുതിപ്പിന്റെ സൂചനയെന്നും വിലയിരുത്തി. സമ്പദ്ഘടനയിലെ അടിസ്ഥാന തത്വങ്ങളെ വിശകലനം ചെയ്യാതെ വെറും സ്റ്റോക്ക് മാര്‍ക്കറ്റ് ചാര്‍ട്ടുകളെ ആധാരമാക്കി നടത്തിയ പ്രവചനങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ട് അമേരിക്കന്‍ വിപണി കൂപ്പുകുത്തി. ഒപ്പം ലോകവും.

ലോക ജിഡിപി 1929 മുതല്‍ 1932 വരെയുള്ള കാലത്ത് 15 ശതമാനം താഴ്ന്നു. വ്യാപാരം 50 ശതമാനം കുറഞ്ഞു. ക്രയ വസ്തുക്കളുടെ വ്യാപാരം 30ശതമാനം ഇടിഞ്ഞു. തൊഴിലില്ലായ്മാ നിരക്ക് 25 ശതമാനം കൂടി. രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചതോടെ ‘ദി ഗ്രേറ്റ് ഡിപ്രഷന്‍’ അവസാനിച്ചു. രണ്ടാം ലോകമഹായുദ്ധശേഷം നാല് ആഗോള സാമ്പത്തിക മാന്ദ്യം ഉണ്ടായി. 1975, 1982, 1991, 2008 എന്നിങ്ങനെ. ഓരോ വര്‍ഷത്തേക്കാണ് ആദ്യ മൂന്ന് എണ്ണമെങ്കില്‍ 2008 ലേത് 18 മാസം നീണ്ടുനിന്നു.

ഓഹരി നിക്ഷേപകര്‍ക്ക് 2008 മറക്കാനാവാത്ത വര്‍ഷമാണ്. ലോകത്തൊട്ടാകെയുള്ള ഓഹരി നിക്ഷേപകരുടെ പണം സാമ്പത്തികമാന്ദ്യത്തില്‍പ്പെട്ട് കുത്തൊലിച്ചുപോയത് ആര്‍ക്കും മറക്കാനാവില്ല. 2008 സെപ്റ്റംബറില്‍ ലെമാന്‍ ബ്രദേഴ്സ് പാപ്പരായതായി പ്രഖ്യാപിച്ചതോടെയാണ് ഘട്ടംഘട്ടമായി നിക്ഷേപകരുടെ 40 ശതമാനത്തോളം സമ്പാദ്യം നഷ്ടമായത്. 2008 ആഗസ്റ്റില്‍ തുടങ്ങിയ തകര്‍ച്ചയില്‍ നിഫ്റ്റി 4,500 നിലവാരത്തില്‍നിന്ന് ഒക്ടോബര്‍ 27 ആയപ്പോഴേയ്ക്കും 2,261ലേയ്ക്കെത്തി. ഒക്ടോബര്‍ മാസത്തോടെ ഓഹരി സൂചികകളുടെ അടിത്തട്ട് കണ്ടു.

പൊതു സമ്പദ്ഘടനയിലെ പ്രവര്‍ത്തനങ്ങളുടെ ഇടിവിനെയാണ് മാന്ദ്യം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. പലിശനിരക്ക് കൂടുന്നത് വഴി പണത്തിന്റെ ലഭ്യത കുറയുന്നു. പണപ്പെരുപ്പം കൂടുന്നത്, ഉപഭോക്താക്കളുടെ ആവശ്യം കുറയല്‍, വേതനം കുറയല്‍, അമിത ഉത്പാദനം, വസ്തുക്കളുടെ വിലക്കയറ്റം, തൊഴിലില്ലായ്മാ നിരക്ക് കൂടുന്നത്, ഓഹരി വിപണി തകരുന്നത്, നിര്‍മ്മാണ മേഖലയിലെ മന്ദത ഇവയൊക്കെ മാന്ദ്യത്തിന് വഴിവയ്ക്കും.ലോകം വീണ്ടും ഒരു സാമ്പത്തിക മാന്ദ്യത്തെ നേരിടാനുള്ള സാധ്യതയെ തള്ളിക്കളയാനാവില്ല. അത്തരത്തിലുള്ള സാഹചര്യങ്ങളും ചൂണ്ടുപലകകളും ആണ് തെളിഞ്ഞു വരുന്നത്. 2008ലെ തകര്‍ച്ചയ്ക്ക് ശേഷം ലോകത്തെ ഓഹരി വിപണികള്‍ തിരിച്ചുവന്നെങ്കിലും മാര്‍ഗ്ഗം സുഗമമായിരുന്നില്ല.

2008ല്‍ സമ്പദ്ഘടനയില്‍ അഭൂതപൂര്‍വമായ വിധം കടബാധ്യത കുമിഞ്ഞു കൂടുകയുണ്ടായി. അമേരിക്കയില്‍ അസംഖ്യം സബ്പ്രൈം വായ്പകള്‍ തിരിച്ചടവില്ലാതെ വന്നത് നിക്ഷേപകരില്‍ പരിഭ്രാന്തി പരത്തി. ബാങ്കുകള്‍ പരസ്പരം വായ്പ നല്‍കിയിരുന്നതും അവസാനിപ്പിച്ചു. സബ്പ്രൈം വായ്പകള്‍ കൊടുത്തിട്ടുള്ളതും തിരിച്ചടയ്ക്കാതെ കുടിശ്ശിക കുമിഞ്ഞു കൂടിയിട്ടുള്ളതും ഏതെല്ലാം ബാങ്കുകളിലാണെന്ന് ആര്‍ക്കും ഒരു വ്യക്തതയുമില്ലാത്ത അവസ്ഥ സംജാതമായി. അമേരിക്കയില്‍ ലേമാന്‍ ബ്രദേഴ്സ്, എഐജി തുടങ്ങി നൂറ്റാണ്ടിലേറെ പഴക്കമുള്ള കൂറ്റന്‍ ധനകാര്യ സ്ഥാപനങ്ങള്‍ തകരുകയുമുണ്ടായി. നിക്ഷേപകരുടെ താല്‍പര്യം സംരക്ഷിക്കാനെന്ന പേരില്‍ ഭരണകൂടം രക്ഷാപദ്ധതി നടപ്പാക്കിയതിലൂടെ യഥാര്‍ഥത്തില്‍ ബാങ്ക് മേധാവികളുടെ താല്‍പര്യങ്ങളാണ് സംരക്ഷിച്ചത്.

2008-09ലെ ധനപ്രതിസന്ധിയെ തുടര്‍ന്ന് പ്രതീക്ഷിക്കപ്പെട്ടത് സാമ്പത്തിക വീണ്ടെടുപ്പും നാണയപ്പെരുപ്പവും ചെലവുചുരുക്കല്‍ പരിപാടികളും കൂടിച്ചേര്‍ന്ന് കുമിഞ്ഞുകൂടിയ കടം കുറയുന്നതിനു ഇടയാക്കുമെന്നാണ്. എന്നാല്‍ ഇതും അമിതമായ ശുഭപ്രതീക്ഷയായിരുന്നു. വളര്‍ച്ച ശരാശരിയിലും താഴെ ആയിരുന്നു; നാണയപ്പെരുപ്പം നിയന്ത്രണാധീനമായിരുന്നു; ചെലവുചുരുക്കലാകട്ടെ സ്വയം പരാജയപ്പെടുത്തലുമായി. ഗവണ്‍മെന്റുകള്‍ ധനപരവും വ്യാവസായികവുമായ പരിഷ്‌കരണങ്ങളില്‍നിന്നു പിന്മാറുമ്പോള്‍ പ്രതിസന്ധി രൂക്ഷമാക്കിയ അതേ മറുമരുന്നുകള്‍ തന്നെ അമേരിക്കയിലെയും യൂറോപ്പിലെയും സമ്പദ്ഘടനകളുടെ വേഗത വര്‍ധിപ്പിക്കുന്നതിനു വീണ്ടും ആശ്രയിക്കുകയാണ്”.

2008ലെ സാമ്പത്തിക മാന്ദ്യത്തിന് ശേഷം കരകയറാത്ത രാജ്യങ്ങള്‍ നിരവധിയാണ്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് 2008-10 കാലയളവില്‍ ആഗോള ജിഡിപി ഗ്രോബല്‍ പ്രൊഡക്ടിവിറ്റി തുടര്‍ച്ചയായി ഇടിഞ്ഞു. 2008ല്‍ കുറഞ്ഞ് തുടങ്ങിയത് 2009ല്‍ പൂജ്യത്തിനും താഴെയെത്തി (-1.7%) രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള വറുതിക്കാലം ഒഴിച്ച് നിര്‍ത്തിയാല്‍ ആദ്യമായാണ് ഇങ്ങനെ ഒരു അനുഭവം. പിന്നീട് പതിയെ ഗ്രോബല്‍ ജിഡിപി തിരിച്ചു കയറിയെങ്കിലും വളര്‍ച്ചയില്‍ മികച്ച സംഭാവന കൊടുക്കേണ്ട പല രാജ്യങ്ങളും ഇതില്‍ പങ്കാളികളല്ല. പ്രത്യേകിച്ച് യൂറോപ്പിനെ സാമ്പത്തിക തകര്‍ച്ച രൂക്ഷമായി ബാധിച്ചു. ഗ്രീസ്, ജപ്പാന്‍, ഇറ്റലി, റഷ്യ ഇവയൊക്കെ അവരില്‍ പ്രധാനികളാണ്.

ലോകത്തേറ്റവും സാമ്പത്തിക പ്രശ്നം അനുഭവിക്കുന്ന രാജ്യം ഗ്രീസ് ആണ്. ഐക്യരാഷ്ട്രസഭയുടെ വിവരമനുസരിച്ച് 2008ലെ മൂന്നാം പാദം മുതല്‍ 2014-2015 കാലയളവു വരെയുള്ള കാലത്ത് തുടര്‍ച്ചയായി 63 മാസം നെഗറ്റീവ് ജിഡിപി വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 2015ലെ സ്ഥിതിവിവരവും വളരെ മോശമാണ്. യുവാക്കളിലെ തൊഴിലില്ലായ്മ 50 ശതമാനത്തിന് മേലെ എത്തി. രാജ്യത്തെ ജിഡിപിയുടെ 160 ശതമാനമായി മാറി ഗവണ്‍മെന്റിന്റെ കടബാധ്യത.
ഗ്രീസ് ഉള്‍പ്പെടുന്ന യൂറോപ്പിലെ സോവറിന്‍ കട പ്രതിസന്ധി ഇന്നും ആ സാമ്പത്തിക മേഖലയില്‍ നിലനില്‍ക്കുന്നു.

2008ല്‍ വാള്‍സ്ട്രീറ്റ് പുകഞ്ഞ് പൊട്ടിയപ്പോള്‍ യൂറോപ്പിലെ മാന്ദ്യത്തിന്റെ കേന്ദ്രം ഗ്രീസ് ആയിരുന്നു. സാമ്പത്തികമാന്ദ്യം ആഗോള വ്യാപകമായി പിടിമുറുക്കിയതോടെ, വര്‍ഷങ്ങളായി രാജ്യം നേരിടുന്ന കമ്മികണക്കുകള്‍ 2009ല്‍ ഗ്രീസ് പുറത്തുവിട്ടു. വരവിനൊത്ത് ചെലവ് നിയന്ത്രിക്കാന്‍ കഴിയാതെ രാജ്യം വട്ടംകറങ്ങിയതിന്റെ കഥകള്‍ പിന്നെ ലോകമറിഞ്ഞു. പുതിയ വരുമാനമാര്‍ഗങ്ങള്‍ കണ്ടെത്താനോ നികുതിപരിവ് കാര്യപ്രപ്തിയോടെ നടപ്പാക്കാനോ ഭരണാധികാരികള്‍ എന്നിട്ടും ശ്രദ്ധചെലുത്തിയില്ല. വിപണിയില്‍നിന്ന് കടമെടുക്കാന്‍ ഗ്രീസിന് വിലക്കുകള്‍വന്നു. 2010 ഓടെ സാമ്പത്തിക ഞെരുക്കത്തിന്റെ പാതയിലേയ്ക്ക് രാജ്യം കൂപ്പുകുത്തി. പ്രതിസന്ധിയകറ്റാന്‍ ഐഎംഎഫും യുറോപ്യന്‍ കേന്ദ്ര ബാങ്കും ആദ്യ സഹായമായ 240 ബില്യണ്‍ യൂറോനല്‍കി. പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ അതുകൊണ്ടും ഗ്രീസിനായില്ല. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടൊപ്പം തൊഴിലില്ലായ്മ 25 ശതമാനത്തിലേറെയുമായി. ഉപാധികളോടെ യുറോപ്യന്‍ യൂണിയന്‍ രക്ഷാപാക്കേജ് പ്രഖ്യാപിച്ചത് തല്‍ക്കാലത്തേയ്ക്ക് രക്ഷയായി.

യൂറോപ്പിലെ ഒട്ടുമിക്ക രാജ്യങ്ങളും 2008 മുതല്‍ ഇതുവരെയും സാമ്പത്തിക മുന്നേറ്റം കാണിച്ചിട്ടില്ല. ഗ്രീസ് കഴിഞ്ഞാല്‍ സാമ്പത്തിക പ്രതിസന്ധിയില്‍ ഇറ്റലിയാണ് യൂറോപ്പിലെ രണ്ടാമന്‍. 2008ലെ മാന്ദ്യശേഷം 2009-ല്‍ മൂന്നാം പാദത്തില്‍ പോസിറ്റീവ് ജിഡിപി ആണ് ഔദ്യോഗികമായി രേഖപ്പെടുത്തിയതെങ്കിലും രണ്ട് വര്‍ഷത്തിന് ശേഷം ഇറ്റലി തകര്‍ന്നു. തുടര്‍ച്ചയായി 27 മാസക്കാലം ഉത്പാദന നിരക്ക് കുറഞ്ഞ് 2007ലെ നിരക്കിനേക്കാള്‍ താഴെ ആണ് 2018 ലെ നിരക്ക്.
2008ലെ ജിഡിപിയില്‍നിന്നുപോലും 10% ഇടിവാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. നിക്ഷേപവും സ്വകാര്യ ഉപഭോഗവും താഴ്ന്നു. ജിഡിപിയുടെ കാര്യത്തില്‍ ലോകത്തെ 8-ാം റാങ്കുകാരനും യൂറോപ്പിലെ 4-ാമനും ആണ് ഇറ്റലി എന്നതോര്‍ക്കണം.

ലോകസമ്പദ് വ്യവസ്ഥയുടെ ഗതി നിര്‍ണ്ണയിക്കുന്നതില്‍ അമേരിക്കയോടും ചൈനയോടും ഒപ്പം നിര്‍ണ്ണായക പങ്ക് വഹിക്കുന്ന യൂറോപ്പിന്റെ തകര്‍ച്ച ലോകത്തെ ബാധിക്കുമെന്ന് തീര്‍ച്ച. യൂറോപ്പിലെ സെന്‍ട്രല്‍ ബാങ്ക് (ECB) അസാധാരണമാംവിധം ഇടപെടല്‍ നടത്തിയിട്ടും പോംവഴിയൊന്നും കാണുന്നില്ല. പി.ഐ.ടി.ജി.എസ് രാജ്യങ്ങള്‍ എന്നറിയപ്പെടുന്ന പോര്‍ച്ചുഗലും അയര്‍ലണ്ടും ഇറ്റലിയും ഗ്രീസും സ്പെയിനും കടുത്ത പ്രതിസന്ധിയിലാണ്. ഈ രാജ്യങ്ങളിലെ ഗവണ്‍മെന്റ് കര്‍ക്കശമായ സാമ്പത്തിക രക്ഷാ പാക്കേജുകള്‍ കൊണ്ടു വരുന്നുണ്ടെങ്കിലും ഒന്നും ഫലവത്താകുന്നില്ല.

ഐഎംഎഫിന്റെ ഏറ്റവും പുതിയ സാമ്പത്തിക അവലോകനം പറയുന്നത് 2016ല്‍ വളര്‍ച്ചാ നിരക്ക് 3.2 ശതമാനമായിരുന്നത് 2017ല്‍ 3.6 ശതമാനമായും 2018ല്‍ 3.7 ശതമാനമായും ഉയരുമെന്നും 2020-21 ആകുമ്പോള്‍ ഇത് 3.8 ശതമാനത്തില്‍ എത്തുമെന്നുമാണ്. ഇങ്ങനെ വലിയ ശുഭപ്രതീക്ഷയില്‍ നില്‍ക്കുന്ന ഐഎംഎഫ്, പറയാതിരിക്കുന്നത് 2021 ആകുമ്പോള്‍ പോലും ആഗോള സമ്പദ്ഘടന ധനകാര്യ തകര്‍ച്ചയുടെ മുന്‍പിലത്തെ 4 ശതമാനം വളര്‍ച്ചാ നിരക്കില്‍ എത്തുന്നില്ല എന്ന വസ്തുതയാണ്.

യൂറോപ്പിലും അമേരിക്കയിലും തീവ്ര വലതുപക്ഷത്തിന്റെ ഉയര്‍ന്നുവരവ് ഈ സ്ഥിതിയുടെ പ്രതിഫലനമാണ്. അമേരിക്കയില്‍ ട്രംപിന്റെ അധികാരാരോഹണവും ബ്രിട്ടനിലെ ബ്രെക്സിറ്റും ഫ്രാന്‍സില്‍ മേരി ലെപെന്നിനു പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മുന്‍നിരയില്‍ എത്താനായതും ജര്‍മനിയിലും ആസ്ട്രിയയിലും സ്പെയിനിലും ഇറ്റലിയിലുമെല്ലാം തിരഞ്ഞെടുപ്പുകളെ തുടര്‍ന്ന് രാഷ്ട്രീയ അനിശ്ചിതത്വം ഉണ്ടായതും ഈ പ്രതിസന്ധിയുടെ തുടര്‍ചലനങ്ങളില്‍പ്പെടുന്നു.

പ്രതിസന്ധിയുടെ ഭാരം ഏറ്റവുമധികം ബാധിച്ച ഗ്രീസിനും അയര്‍ലണ്ടിനും ഇനിയും ബെയില്‍ ഔട്ടിലൂടെയല്ലാതെ പിടിച്ചുനില്‍ക്കാനാകുന്ന അവസ്ഥയില്‍ എത്തിയിട്ടില്ല – അവയുടെ ജിഡിപിയുടെ 25 ശതമാനത്തിനു സമാനമായ തുകയാണ് ബെയ്ല്‍ ഔട്ടിലൂടെ നിലനില്‍ക്കുന്നത്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും ബാങ്ക് ഓഫ് ജപ്പാനും ഇപ്പോഴും പൂജ്യം നിരക്കിലുള്ള വായ്പ നല്‍കുന്നതും നോട്ട് അച്ചടിച്ചിറക്കുന്നതും നിര്‍ബാധം തുടരുകയുമാണ്. അമേരിക്കയില്‍ കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമായിട്ടുപോലും നാണയപ്പെരുപ്പം വളരെ കുറവായി തന്നെ തുടരുന്നു. പൊതുവില്‍ ജി20 രാജ്യങ്ങളിലാകട്ടെ ചെലവുചുരുക്കല്‍ പരിപാടികളെല്ലാമുണ്ടായിട്ടും കടം വര്‍ധിച്ച നിലയില്‍ തന്നെ നിലനില്‍ക്കുകയാണ്. 2008ലെ പ്രതിസന്ധിക്കുമുന്‍പ് ഇവയിലെ മൊത്തം കടം ജിഡിപിയുടെ 234 ശതമാനമായിരുന്നത്, ഇപ്പോള്‍ 263 ശതമാനമായിരിക്കുന്നു.

സാമ്പത്തിക പ്രതിസന്ധിയുടെ പത്തുവര്‍ഷം പിന്നിടുമ്പോള്‍ സ്ഥിതിഗതികള്‍ തെല്ലും മെച്ചപ്പെട്ടിട്ടില്ല എന്നു മാത്രമല്ല, കൂടുതല്‍ വഷളായി വരുകയുമാണ്. ഈ പ്രതിസന്ധിയും മാന്ദ്യവും ജനജീവിതത്തെയാണ് ഏറെ പ്രതികൂലമായി ബാധിച്ചിട്ടുള്ളത്. തൊഴിലില്ലായ്മ, നിര്‍മിത വസ്തുക്കളുടെ വിലക്കയറ്റവും കാര്‍ഷികോല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രാഥമിക ചരക്കുകളുടെ വില ഇടിവും, അസമത്വവും ദാരിദ്ര്യവും വര്‍ധിക്കുന്നത് എന്നിവയെല്ലാം തന്നെ ജനത്തിന് മേല്‍ പ്രതിസന്ധി ഏല്‍പ്പിച്ച ആഘാതങ്ങളാണ്. അതേസമയം സാമ്പത്തിക കേന്ദ്രീകരണവും കോര്‍പറേറ്റു ലാഭവും ഈ പ്രതിസന്ധി കാലത്തും വര്‍ധിച്ചുവരുന്നുവെന്നതും യാഥാര്‍ഥ്യമാണ്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ഡികെ

comments


 

Other news in this section