Tuesday, March 26, 2019

ലോകത്തിലെ ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ ഐറിഷ് പാസ്‌പോര്‍ട്ട് ഏഴാം സ്ഥാനത്ത്.

Updated on 09-01-2019 at 7:13 am

ഡബ്ലിന്‍: നിങ്ങള്‍ ഐറിഷ് പാസ്‌പോര്‍ട്ട് കൈവശമുള്ളയാളാണെങ്കില്‍ അഭിമാനിക്കാം. പാസ്‌പോര്‍ട്ടുകളുടെ കാര്യത്തില്‍ ലോകത്തെ ഏറ്റവും ശക്തമായ രാജ്യങ്ങളിലൊന്നാണ് അയര്‍ലണ്ട്. ഏറ്റവും പുതിയ ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചികയനുസരിച്ച് ഐറിഷ് പാസ്‌പോര്‍ട്ടിന് ഏഴാം സ്ഥാനമാണുള്ളത്. ഐറിഷ് പാസ്‌പോര്‍ട്ട് ഉപയോഗപ്പെടുത്തി പൗരന്മാര്‍ക്ക് 184 രാജ്യങ്ങളില്‍ വിസയില്ലാതെ സഞ്ചരിക്കാം. ഗ്രീസ്, ബെല്‍ജിയം, കാനഡ എന്നീ രാജ്യങ്ങളും അയര്‍ലണ്ടിനൊപ്പം ഏഴാം സ്ഥാനം പങ്കിടുന്നു. കഴിഞ്ഞ വര്‍ഷം അയര്‍ലണ്ട് ആറാം സ്ഥാനത്തായിരുന്നു.

ബ്രെക്സിറ്റ് നടപ്പാക്കുന്നതിന് മുമ്പ് അയര്‍ലന്‍ഡ് പാസ്പോര്‍ട്ടിനായി ബ്രിട്ടീഷ് പൗരന്മാരുടെ തിരക്ക് വര്‍ധിച്ചിട്ടുണ്ട്. 2019 മാര്‍ച്ച് 29നാണ് യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടണ്‍ പുറത്തുപോകാന്‍ നിശ്ചയിച്ചിരിക്കുന്നത്. ബ്രെക്സിറ്റിനായുള്ള വോട്ടെടുപ്പിന് ശേഷം പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്ന ബ്രിട്ടീഷുകാരുടെ എണ്ണം ഇരട്ടിയായിയെന്നാണ് അയര്‍ലന്‍ഡ് വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്ക് പറയുന്നത്. 2016 ജൂണിന് ശേഷം അയര്‍ലന്‍ഡ് പാസ്പോര്‍ട്ടിനായി അപേക്ഷിച്ച ബ്രീട്ടിഷുകാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഒരു ദിവസം ലഭിക്കുന്ന അഞ്ച് പാസ്പോര്‍ട്ട് അപേക്ഷകരില്‍ നാല് പേരും ബ്രിട്ടന്‍ പൗരന്‍മാരാണ്. അപേക്ഷകള്‍ കൂടുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുകയാണ് ഐറിഷ് സര്‍ക്കാര്‍. 2018-ല്‍ രണ്ട് ലക്ഷം പാസ്പോര്‍ട്ട് അപേക്ഷകളാണ് ലഭിച്ചതെന്നാണ് വിദേശകാര്യ വകുപ്പ് പറയുന്നത്. വടക്കന്‍ അയര്‍ലന്‍ഡില്‍ നിന്നും 84855 അപേക്ഷകളും ബ്രിട്ടണില്‍ നിന്ന് 98544 അപേക്ഷകളുമാണ് ലഭിച്ചത്.

ഐറിഷ് പാസ്‌പോര്‍ട്ട് വകുപ്പിന് കീഴില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷകളിലൂടെ 50 മില്യണിലധികം യൂറോ ആണ് വരുമാനമുണ്ടായത്. ഇത് കൂടാതെ ഓണ്‍ലൈന്‍ വഴി പാസ്പോര്‍ട്ട് പുതുക്കാനുള്ള സംവിധാനവും ഐറിഷ് ഗവണ്മെന്റ് ഒരുക്കിയിട്ടുണ്ട്. വരും വര്‍ഷങ്ങളിലെ വര്‍ധിക്കുന്ന അപേക്ഷകള്‍ കൈകാര്യം ചെയ്യാന്‍ ഇതിലൂടെ സാധിക്കും. അതോടൊപ്പം ഓഫീസുകളിലെ തിരക്കുകള്‍ കുറയ്ക്കാനും ഇതിലൂടെ സാധിച്ചു.

ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചികയനുസരിച്ച് ജപ്പാനാണ് ലോകത്ത് ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് സംവിധാനമുള്ളത്. 190 രാജ്യങ്ങളിലേക്കും ഇവിടെ നിന്നും വിസയില്ലാതെ സഞ്ചരിക്കാനാവും. ഇക്കാര്യത്തില്‍ സിംഗപ്പൂരും സൗത്ത് കൊറിയയുമാണ് രണ്ടാം സ്ഥാനത്തുള്ളത്. ജര്‍മനിയെയാണ് ഇരുരാജ്യങ്ങളും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയത്.

61 രാജ്യങ്ങളിലേക്ക് സൗജന്യ വിസ അനുവദിക്കുന്ന ഇന്ത്യ പട്ടികയില്‍ 79-ാം സ്ഥാനത്താണ്. 32 രാജ്യങ്ങളിലേക്ക് പോകാവുന്ന സോമാലിയ, സിറിയ, 30 രാജ്യങ്ങളിലേക്ക് സൗജന്യ വിസയനുവദിക്കുന്ന അഫ്ഗാനിസ്ഥാന്‍, ഇറാഖ് എന്നീ രാജ്യങ്ങളാണ്പട്ടികയിലെ അവസാന സ്ഥാനക്കാര്‍.

comments


 

Other news in this section