Sunday, May 19, 2019

രാത്രിയാത്രയിലെ ഉറക്കം ഒഴിവാക്കാന്‍ വഴിയുണ്ട്; അയര്‍ലണ്ട് മലയാളി ഗവേഷകന്‍ സുരേഷ് സി പിള്ള എഴുതുന്നു

Updated on 08-10-2018 at 6:49 am

വാഹനപടകങ്ങള്‍ രാജ്യത്ത് ക്രമാതീതമായി
വര്‍ധിച്ചുകൊണ്ടിരിക്കുകയാണെങ്കിലും യാത്രകള്‍ നമുക്ക് ഒരിക്കലും ഒഴിവാക്കാന്‍ പറ്റാത്ത കാര്യമാണ്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ വാഹനങ്ങളില്‍ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നവരാകാം നമ്മളില്‍ പലരും. പക്ഷെ, അടുത്തിടെയുണ്ടായ ചില അപകടങ്ങള്‍ നമ്മുടെ വാഹന യാത്രകളെ കുറിച്ച് ഒന്ന് ചിന്തിപ്പിച്ചിട്ടാകും. ഒന്ന് നടന്‍ ജഗതി ശ്രീകുമാറിന്റെ വാഹനാപകടവും മറ്റൊന്ന് കഴിഞ്ഞ ദിവസം ബാലാഭാസ്‌ക്കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടതും.

ഇതില്‍ ഈ രണ്ട് കുടുംബങ്ങള്‍ക്കുമുണ്ടായ നഷ്ടം ഒരിക്കലും നികത്താനാകാത്തതാണ്. രണ്ട് അപകടങ്ങളിലും മുഖ്യകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ്. രാത്രിയാത്രയ്ക്കിടയില്‍ ഡ്രൈവര്‍മാര്‍ ഉറങ്ങി അപകടങ്ങളുണ്ടാകുന്നത് റോഡുകളില്‍ പതിവാണ്. ഇത്തരം അപകടങ്ങള്‍ നമ്മള്‍ അല്‍പ്പം മുന്‍കരുതലെടുത്താല്‍ ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് പ്രമുഖ ശാസ്ത്ര ഗവേഷകനും അയര്‍ലണ്ട് മലയാളിയുമായ സുരേഷ് സി പിള്ള. രാത്രിയാത്രയില്‍ ഡ്രൈവര്‍മാര്‍ ഉറക്കം തൂങ്ങാതിരിക്കാനുള്ള പോംവഴിയകളാണ് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ നിര്‍ദേശിച്ചിരിക്കുന്നത്.

സുരേഷ് സി പിള്ളയുടെ കുറിപ്പ് പൂര്‍ണരൂപത്തില്‍

റോഡപകടമരണങ്ങളില്‍ ഏകദേശം 20 ശതമാനത്തോളും (അഞ്ചില്‍ ഒന്ന്) Driver fatigue (ആലസ്യം/ഉറക്കം) കാരണം ആണ് എന്ന് പല പഠനങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ജഗതി ശ്രീകുമാറിനും, ബാലഭാസ്‌കറിനും കുടുംബത്തിനും ഉണ്ടായ അപകടത്തിലും ഡ്രൈവറുടെ ഉറക്കം ആയിരിക്കാം കാരണം എന്ന് പത്രങ്ങളില്‍ വായിച്ചു കാണുമല്ലോ?.

ഡ്രൈവറെ ഒരിക്കലും ഇതില്‍ പഴിക്കാന്‍ പറ്റില്ല. അവരും മനുഷ്യരല്ലേ? ഉറക്കം എന്നത് വളരെ സ്വാഭാവികമായ പ്രക്രിയ അല്ലേ. ചില്ലപ്പോള്‍ ക്ഷീണം കാരണം ഉറക്കം നിയന്ത്രിക്കാന്‍ പറ്റിയെന്ന് വരില്ല.

യാത്രയുടെ ഇടയില്‍ ഉണ്ടാവുന്ന അഞ്ചോ പത്തോ നിമിഷത്തെ ഉറക്കം മതി വലിയ ഒരു അപകടം ഉണ്ടാവാന്‍.

അപ്പോള്‍ യാത്രയുടെ ഇടയില്‍ ഡ്രൈവര്‍ ഉറങ്ങാതെ ഇരിക്കാന്‍ എന്തൊക്കെ ചെയ്യാം.

1. ‘Stop, Sip, Sleep’. അതായത് ‘വണ്ടി നിര്‍ത്തൂ, കാപ്പി നുകരൂ, ഉറങ്ങൂ’ അയര്‍ലണ്ടില്‍ ഉള്ള റോഡ് സേഫ്റ്റി അതോറിട്ടി FM റേഡിയോ, TV വഴിയൊക്കെ സ്ഥിരമായി പരസ്യപ്രസ്താവന നടത്തുന്നതാണ് ഇത്. ദൂര യാത്രകള്‍ പോകുമ്‌ബോള്‍ നിങ്ങള്‍ ഡ്രൈവ് ചെയ്യുകയോ, അല്ലെങ്കില്‍ ഡ്രൈവറെ കൂട്ടി പോകുകയോ ചെയ്യുമ്‌ബോള്‍ തീര്‍ച്ചയായും ഓര്‍ക്കേണ്ട കാര്യമാണ്. ‘Stop, Sip, Sleep’ അതായത്, ക്ഷീണം തോന്നുകയോ, ഉറക്കം വരുന്നതായി തോന്നുകയോ ചെയ്താല്‍ അപ്പോള്‍ തന്നെ വാഹനം സുരക്ഷിതമായി ഒരു സ്ഥലത്തു നിര്‍ത്തുക (Stop). ദൂര യാത്രകളില്‍ ഒരു ഫ്‌ലാസ്‌കില്‍ ചൂടു കാപ്പിയോ, ചായയോ തീര്‍ച്ചയായും കരുതണം. വണ്ടി നിര്‍ത്തി തണുത്ത വെള്ളത്തില്‍ മുഖം ഒക്കെ ഒന്ന് കഴുകി, കാപ്പി കുടിക്കാം (Sip). വേണമെങ്കില്‍ 15 മിനിട്ട് ഉറങ്ങാം (Sleep). നിങ്ങളുടെ കൂടെ ഡ്രൈവര്‍ ഉണ്ടെങ്കില്‍ അവരോട് ‘Stop, Sip, Sleep’ എന്താണ് എന്ന് പറഞ്ഞു കൊടുക്കുക. ക്ഷീണം തോന്നുക ആണെങ്കില്‍ വണ്ടി നിര്‍ത്തുന്നതില്‍ ഒരു വിരോധവും ഇല്ല എന്ന് പ്രത്യേകം പറയാം. ദൂരെ യാത്രകളില്‍ ഒരു മന്ത്രം പോലെ കരുത്തേണ്ടതാണ് ‘Stop, Sip, Sleep’ എന്നത്.

2. നിങ്ങള്‍ ഒരു ദൂര യാത്ര പോകുന്നു എന്ന് കരുതുക,ഉദാഹരണത്തിന് ഊട്ടിക്കു പോകുന്നു. കൂടെ ഡ്രൈവര്‍ ഉണ്ട്. രാത്രി അദ്ദേഹം എങ്ങിനെയാണ് ഉറങ്ങുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ? പലപ്പോളും കാറില്‍ തന്നെ ആവും ഉറക്കം. കാറില്‍ ഇരുന്ന് ഒരിക്കലും നന്നായി ഉറങ്ങാന്‍ പറ്റില്ലല്ലോ? ആ ഉറക്ക ക്ഷീണവും ആയാവും അടുത്ത ദിവസം യാത്ര. അപകടം ഉണ്ടാവാന്‍ ഇതു മതി. വിനോദ യാത്രകള്‍ Overnight (രായ്ക്കുരാമാനം)യാത്ര ആണെങ്കില്‍ നിങ്ങളുടെ താമസം ഒരുക്കുന്ന കൂട്ടത്തില്‍ ഹോട്ടലില്‍/വിശ്രമ കേന്ദ്രത്തില്‍ ഒരു ബെഡ് ഡ്രൈവര്‍ക്കും കൂടി ബുക്ക് ചെയ്യാന്‍ മറക്കരുതേ. യാത്രകള്‍ പ്ലാന്‍ ചെയുമ്‌ബോള്‍ ഇതും കൂടി പ്ലാന്‍ ചെയ്തു വേണം ബഡ്ജറ്റ് ഉണ്ടാക്കാന്‍. കാരണം നിങ്ങളുടെ ജീവന്‍ ഡ്രൈവറുടെ കൈകളില്‍ ആണ്. അദ്ദേഹം നന്നായി ഉറങ്ങേണ്ടത് നിങ്ങളുടെയും കൂടി ആവശ്യമാണ്.

3. കഴിവതും രാത്രി അല്ലെങ്കില്‍ അതി രാവിലെ ഉള്ള യാത്രകള്‍ ഒഴിവാക്കുക. പല പഠനങ്ങളിലും പറഞ്ഞിരിക്കുന്നത് ഉറക്കം മൂലം ഉണ്ടായ കൂടുതല്‍ വാഹന അപകടങ്ങളും രാത്രി രണ്ടു മണിക്കു ശേഷവും, രാവിലെ ആറു മണിക്ക് മുന്‍പും ആണെന്നാണ്.

4. യാത്ര ചെയ്യുന്നതിന്റെ മുന്‍പത്തെ രാത്രി നന്നായി ഉറങ്ങണം. അഞ്ചു മണിക്കൂര്‍ എങ്കിലും ഉറങ്ങി ഇല്ലെങ്കില്‍ ഒരിക്കലും ഡ്രൈവ് ചെയ്യാന്‍ ശ്രമിക്കരുത്.

5. തുടര്‍ച്ചയായി ഡ്രൈവ് ചെയ്യുന്ന സമയത്ത് കൃത്യമായി ഓരോ രണ്ടു മണിക്കൂറിലും പതിനഞ്ചു മിനിറ്റ് വിശ്രമിക്കണം.

6. എങ്ങിനെ ക്ഷീണം/ഉറക്കം വരുന്നു എന്നറിയാം? കോട്ടുവായിടല്‍ (yawning), കണ്ണുകളില്‍ കനം, ക്ഷീണം അനുഭവിക്കുക, ഡ്രൈവിങ്ങില്‍ അശ്രദ്ധ തോന്നുക, ജാഗ്രതകുറവ് ഉണ്ടാവുക തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉറപ്പിക്കാം ഉറക്കം നിങ്ങളെ പിടികൂടാന്‍ തുടങ്ങി എന്ന്. ഓര്‍ക്കുക ഒരു അഞ്ചു നിമിഷം കണ്ണടച്ചാല്‍ എന്താവും സംഭവിക്കുക എന്ന്? അതുകൊണ്ട് നമ്മുടെ ഡ്രൈവിംഗ് മന്ത്രം ഓര്‍ക്കുക ‘Stop, Sip, Sleep’ ‘വണ്ടി നിര്‍ത്തൂ, കാപ്പി നുകരൂ, ഉറങ്ങൂ’

റോഡപകടമരണങ്ങളിൽ ഏകദേശം 20 ശതമാനത്തോളും (അഞ്ചിൽ ഒന്ന്) Driver fatigue (ആലസ്യം/ഉറക്കം) കാരണം ആണ് എന്ന് പല പഠനങ്ങളും…

Posted by സുരേഷ് സി പിള്ള on Saturday, September 29, 2018

comments


 

Other news in this section