Sunday, July 21, 2019

യൂറോപ്പില്‍ അതിശൈത്യം പിടിമുറുക്കുന്നു; കനത്ത മഞ്ഞ് വീഴ്ചയില്‍ വ്യാപക നാശനഷ്ടം

Updated on 11-01-2019 at 2:38 pm

ബര്‍ലിന്‍: കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് യുറോപ്യന്‍ രാജ്യങ്ങള്‍ തണുത്ത് വിറക്കുന്നു. ജര്‍മ്മനിയിലും സ്വീഡനിലും മഞ്ഞുവീഴ്ച മൂലം റോഡ്, റെയില്‍ ഗതാതഗതം തടസപ്പെടുകയും സ്‌കൂളുകള്‍ അടച്ചിടുകയും ചെയ്തു. മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് പലയിടത്തും കുടുങ്ങി പോയവരെ രക്ഷിക്കാനായി റെഡ് ക്രോസും സന്നദ്ധ പ്രവര്‍ത്തകരും രംഗത്തുണ്ട്. വിവിധ മേഖലകളില്‍ റോഡ്, റെയില്‍, വ്യോമ ഗതാഗതം തടസപ്പെട്ടു.

ജര്‍മ്മന്‍ സംസ്ഥാനമായ ബവാരിയയില്‍ മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് നിരവധി വാഹനങ്ങള്‍ റോഡില്‍ കുടുങ്ങി. വടക്കന്‍ സ്വീഡനിലും മഞ്ഞ് വീഴ്ചയെ തുടര്‍ന്നുണ്ടായ ദുരിതങ്ങള്‍ തുടരുകയാണ്. സ്വീഡനില്‍ ചുഴലി കൊടുങ്കാറ്റിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സാക്‌സണിയില്‍ മഞ്ഞിടിച്ചിലില്‍പ്പെട്ട് ഒരു ബാലന്‍ മരിച്ചു. മുപ്പതു സെന്റി മീറ്റര്‍ വരെ മഞ്ഞുവീഴ്ചയാണ് രാജ്യത്തിന്റെ പല പ്രദേശങ്ങളിലും പ്രതീക്ഷിക്കുന്നത്. മഞ്ഞ് വീഴ്ചയും കൊടുങ്കാറ്റും ശക്തി പ്രാപിച്ച സാഹചര്യത്തില്‍ കാലാവസ്ഥാ വിഭാഗം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. രാജ്യത്തിന്റെ തെക്കന്‍ പ്രദേശങ്ങളിലാണ് മഞ്ഞു വീഴ്ച ഏറ്റവും ശക്തമായിരിക്കുന്നത്. ഇവിടെ സ്‌കൂളുകള്‍ അടഞ്ഞു കിടക്കുന്നു. വടക്കന്‍ പ്രദേശങ്ങളിലേക്കും മഞ്ഞ് വീഴ്ച വ്യാപിച്ചു വരുകയാണിപ്പോള്‍.

ഓസ്ട്രിയയിലും ശൈത്യം കടുത്തു കഴിഞ്ഞു. ആല്‍പ്‌സിന്റെ തണലിലുള്ള മേഖലകളിലെല്ലാം റോഡ്, റെയില്‍ ഗതാഗതം തടസപ്പെട്ടിരിക്കുന്നു. സ്‌കൂളുകള്‍ അടഞ്ഞു കിടക്കുന്നു. ബെര്‍ച്ച്റ്റസഗാഡനില്‍ കുടുങ്ങിക്കിടക്കുന്ന 350 പേരെ രക്ഷപെടുത്താന്‍ ശ്രമം തുടരുകയാണ്. ഓസ്ട്രിയയില്‍ മൂന്ന് മീറ്റര്‍ വരെ കനത്തില്‍ മഞ്ഞ് വീണ് റോഡ് ഗതാഗതം തടസപ്പെട്ടു. കനത്ത ശൈത്യത്തെ തുടര്‍ന്ന് ഏഴോളം പേര്‍ക്കാണ് ഓസ്ട്രിയയില്‍ ജീവന്‍ നഷ്ടമായത്. സ്വിറ്റ്‌സര്‍ലാന്‍ഡിലും അതിശൈത്യം കനത്ത നാശനഷ്ടം വിതക്കുകയാണ്. സ്‌കാന്‍ഡിനേവിയയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി വൈദ്യുതിബന്ധം നഷ്ടപ്പെട്ടിട്ടുണ്ട്.

പ്രതികൂലമായ കാലാവസ്ഥയില്‍ ജര്‍മനിയിലും ഓസ്ട്രിയിയിലുമായി കുറഞ്ഞത് 17 പേരാണ് മരിച്ചിരിക്കുന്നത്. നോര്‍ത്തേണ്‍ നോര്‍വേയില്‍ ഹിമപാതത്തില്‍ പെട്ട് ഒരു സ്വീഡന്‍കാരനും മൂന്ന് ഫിന്‍ലന്‍ഡുകാരും കടുത്ത കാലാവസ്ഥ മൂലം മരിച്ചിട്ടുണ്ട്. നെതര്‍ലാന്‍ഡ്‌സില്‍ കടുത്ത കാറ്റുകള്‍ മൂലം നിരവധി വിമാനങ്ങള്‍ റദ്ദാക്കുകയും സമയം വൈകി പറക്കുകയും ചെയ്തിട്ടുണ്ട്.

comments


 

Other news in this section