Wednesday, May 23, 2018

യൂണിയന്‍ ബജറ്റ് നാള്‍ വഴികള്‍

Updated on 01-02-2017 at 6:47 am

ഒട്ടനവധി പ്രത്യേകതകളോടെയാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റ് തയ്യാറാവുന്നത്. നോട്ട് നിരോധനത്തിന് ശേഷമുള്ള ആദ്യത്തെ ബജറ്റായതിനാല്‍ രാജ്യത്തെ സാമ്പത്തിക രംഗം മുഴുവന്‍ ഉറ്റുനോക്കുന്നതിപ്പോള്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയിലേക്കാണ്. എന്തായിരിക്കും അദ്ദേഹം രാജ്യത്തിനായി കരുതിവെച്ചിരിക്കുന്നതെന്നാണ ഏവരും ഉറ്റുനോക്കുന്നത്.

സാധാരണയായി ഫെബ്രുവരിയിലെ അവസാന പ്രവൃത്തി ദിനത്തിലാണ് യൂണിയന്‍ ബജറ്റ് അവതരണം നടത്തിയിരുന്നതെങ്കില്‍ ഇത്തവണ അത് ഫെബ്രുവരി ഒന്ന് ആക്കി മാറ്റി. പൊതു-റെയില്‍ ബജറ്റുകള്‍ ഒരുമിച്ച് അവതരിപ്പിക്കുന്ന ആദ്യ ബജറ്റെന്ന പ്രത്യേകതയും ഉണ്ട്. റെയില്‍വെ ബജറ്റും കേന്ദ്ര ബജറ്റും ഒരുമിച്ച് അവതരിപ്പിക്കാന്‍ സെപ്തംബറിലാണ് കേന്ദ്ര മന്ത്രിസഭ തീരുമാനമെടുത്തത്.

ഒരു കേന്ദ്ര ബജറ്റ് എങ്ങനെ തയ്യാറാക്കപ്പെടുന്നുയെന്ന് ചിന്തിച്ചിട്ടുണ്ടോ? ബജറ്റ് തയ്യാറാക്കുന്ന പ്രക്രിയ അത്യന്തം സൂക്ഷമതയോടെയും രഹസ്യ സ്വഭാവം കാത്തുസൂക്ഷിച്ചുകൊണ്ടുമാണ്. ഒരു രഹസ്യവും പുറത്തുപോകാതിരിക്കാന്‍ ധനകാര്യ മന്ത്രാലയത്തിലെ പ്രത്യേക പ്രസ്സിലാണ് ബജറ്റ് രേഖകള്‍ അച്ചടിക്കുന്നത്. പ്രാധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചും ഉപദേശങ്ങള്‍ തേടിയുമാണ് ബജറ്റ് തയ്യാറാക്കലിന്റെ ഓരോ ഘട്ടവും കടന്നു പോകുന്നത്. നോട്ട് നിരോധനത്തിന് ശേഷം സാമ്പത്തിക രംഗത്ത് അനുഭവപ്പെടുന്ന ക്ഷീണം അതിജീവിക്കാന്‍ പൊതുമേഖലയെ കൂടുതല്‍ പരിഗണിക്കുന്ന ബജറ്റാവും ഇത്തവണത്തേതെന്നാണ് സൂചന

ബജറ്റ് പതിവിലും നേരത്തെയാക്കണമെന്ന തീരുമാനം മുന്‍പേ എടുത്തിരുന്നതിനാല്‍ ധനകാര്യ മന്ത്രാലയം നേരത്തെ തന്നെ പ്രാരംഭ നടപടികള്‍ തുടങ്ങിയിരുന്നു. ചിലവുകള്‍ കണക്കാക്കാന്‍ വിവിധ മന്ത്രാലയങ്ങില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയാണ് ആദ്യ പണി.

വ്യവസായികള്‍, സാമ്പത്തിക വിദഗ്ദര്‍, കാര്‍ഷിക രംഗത്ത് നിന്നുള്ളവര്‍, സംസ്ഥാന ധനകാര്യ മന്ത്രിമാര്‍ തുടങ്ങിയവരുമായുള്ള ബജറ്റ് പൂര്‍വ്വ ചര്‍ച്ചകളാണ് അടുത്ത ഘട്ടം. ഇത്തവണ ഇത്തരം ചര്‍ച്ചകള്‍ നവംബറില്‍ തന്നെ തുടങ്ങിയിരുന്നു. സാധാരണ ഇത് ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് നടക്കാറുണ്ടായിരുന്നത്.

അതീവ സുരക്ഷയിലാണ് ബജറ്റ് രേഖകള്‍ അച്ചടിക്കുന്നത്. ധനകാര്യ മന്ത്രാലയം പ്രവര്‍ത്തിക്കുന്ന കേന്ദ്ര ഗവണ്‍മെന്റ് സെക്രട്ടേറിയറ്റില്‍ നോര്‍ത്ത് ബ്ലോക്കിന്റെ താഴത്തെ നിലയിലുള്ള പ്രത്യേക പ്രസിലാണ് അച്ചടി നടക്കുന്നത്. ഇന്റലിജന്‍സ് ബ്യൂറോ ഉദ്ദ്യോഗസ്ഥരാണ് സുരക്ഷയൊരുക്കുന്നത്. ഡിസംബര്‍ മുതല്‍ തന്നെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ധനകാര്യ മന്ത്രാലയത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

ബജറ്റ് സംബന്ധമായ ജോലികളില്‍ ഏര്‍പ്പെടുന്ന ഉദ്ദ്യോഗസ്ഥരെ അച്ചടി ജോലികള്‍ തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ പുറം ലോകവുമായി ബന്ധപ്പെടാന്‍ അനുവദിക്കില്ല. മുതിര്‍ന്ന ഉദ്ദ്യോഗസ്ഥര്‍ക്ക് മാത്രമാണ് വീട്ടില്‍ പോകാന്‍ പോലും അനുവാദമുള്ളത്.

ബജറ്റ് അവതരിപ്പിക്കപ്പെടുന്നതിന് രണ്ട് ദിവസം മുമ്പ് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയില്‍ നിന്നുള്ള 20 ഉദ്ദ്യോഗസ്ഥരെ ധനകാര്യ മന്ത്രാലയത്തിലെത്തിക്കും. ഇവരാണ് ഇംഗ്ലീഷ്, ഹിന്ദി, ഉറുദു ഭാഷകളില്‍ പ്രസ് റിലീസുകള്‍ തയ്യാറാക്കുന്നത്. ബജറ്റ് അവതരണം കഴിയുന്നത് വരെ ഇവരെയും പിന്നീട് പുറത്തുവിടില്ല.

ബജറ്റ് അവതരണ ദിവസം പാര്‍ലമെന്റ് സമ്മേളിക്കുന്നതിന് വെറും 10 മിനിറ്റ് മുമ്പ് മാത്രമാണ് ബജറ്റിന്റെ സംക്ഷിപ്ത രൂപം കേന്ദ്ര മന്ത്രിമാര്‍ക്ക് പോലും ലഭിക്കുന്നത്.

യൂണിയന്‍ ബജറ്റ് ചരിത്രത്തില്‍ അധികമാര്‍ക്കും അറിയാത്ത ചില കാര്യങ്ങള്‍

സ്‌കോട്ടിഷ് സാമ്പത്തിക ശാസ്ത്ര വിദഗ്ധനും രാഷ്ട്രീയ നേതാവുമായ ജെയിംസ് വില്‍സണ്‍ ആണ് ഇന്ത്യയുടെ പ്രഥമ ബജറ്റ് അവതരിപ്പിച്ചത്. ഇന്ത്യാ കൗണ്‍സിലിലെ ഫിനാന്‍സ് മെംബറായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ പുതിയൊരു നികുതി ഘടന സ്ഥാപിക്കുക, പുതിയ പേപ്പര്‍ കറന്‍സി അവതരിപ്പിക്കുക എന്നിവയായിരുന്നു ബജറ്റിലൂടെ അദ്ദേഹത്തിന്റെ ചുമതല. ഇന്ന് പത്തു ലക്ഷത്തിലേറെ വരിക്കാരുള്ള ദി ഇക്കണോമിസ്റ്റ് വാരിക സ്ഥാപിച്ചതും ഇദ്ദേഹമാണ്. ഒരു പത്രമായാണ് ജെയിംസ് വില്‍സണ്‍ ഇതു തുടങ്ങിയത്. ബജറ്റ് അവതരണം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കകം അദ്ദേഹം ഇന്ത്യയില്‍ വച്ചു തന്നെ മരിക്കുകയും ചെയ്തു. 1860 ഓഗസ്റ്റ് 11-ന് കൊല്‍ക്കത്തയില്‍ വച്ചായിരുന്നു അന്ത്യം.

2000 വരെ ഇന്ത്യയില്‍ ബജറ്റ് അവതരണം ഫെബ്രുവരിയിലെ അവസാന പ്രവര്‍ത്തി ദിവസം വൈകുന്നേരം അഞ്ചു മണിക്കായിരുന്നു. 2001-ല്‍ ധനമന്ത്രി യശ്വന്ത് സിന്‍ഹയാണ് ഈ പതിവ് അവസാനിപ്പിച്ച് ബജറ്റ് അവതരണം രാവിലെ 11 മണി മുതലാക്കിയത്. ബ്രിട്ടീഷ് പാര്‍ലമെന്റിനു സൗകര്യപ്രദമായ സമയം ആയതിനാലാണ് അഞ്ച് മണിക്ക് ബജറ്റ് അവരണം നടത്തിയിരുന്നത്.

ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് പ്രസംഗം നടത്തിയത് 2014-ല്‍ അരുണ്‍ ജെയ്റ്റ്ലിയാണ്. അഞ്ചു മിനിറ്റ് ഇടവേള ഉള്‍പ്പെടെ ഈ ബജറ്റ് അവതരണം രണ്ടര മണിക്കൂര്‍ നീണ്ടു.

ഏറ്റവും കൂടുതല്‍ തവണ ബജറ്റ് അവതരിപ്പിച്ച മന്ത്രി മൊറാര്‍ജി ദേശായി ആണ്. 1959 മുതല്‍ 1963 വരെയും 1967 മുതല്‍ 1969 വരേയും തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ അദ്ദേഹം ബജറ്റ് അവതരണം നടത്തി. കൂടാതെ 1962-63, 1967-68 വര്‍ഷങ്ങളിലെ ഇടക്കാല ബജറ്റുകളും അദ്ദേഹം അവതരിപ്പിച്ചു.

ഇതുവരെ ഒരേ ഒരു വനിത മാത്രമാണ് ബജറ്റ് അവതരണം നടത്തിയിട്ടുള്ളത്. 1970-70-ല്‍ ഇന്ദിരാ ഗാന്ധി.

തയാറാക്കിയ ബജറ്റ് അച്ചടിക്കുന്നതിന് തൊട്ടു മുമ്പായി (ഫെബ്രുവരി അവസാന നാളുകളില്‍) ധനകാര്യ മന്ത്രാലയത്തില്‍ ഹല്‍വ വിതരണം എന്നൊരു ചടങ്ങുണ്ട്. മന്ത്രാലയത്തിലെ ജീവനക്കാര്‍ക്കിടയില്‍ ഹല്‍വ വിതരണം ചെയ്യുന്നതാണ് ഈ പരിപാടി. ഈ ചടങ്ങിനു ശേഷമാണ് അതീവ രഹസ്യമായ ബജറ്റ് അച്ചടി ജോലികള്‍ തുടങ്ങുന്നത്.

എല്ലാ ബജറ്റുകളും വളരെ പ്രാധാന്യമുള്ളതാണ്. എങ്കിലും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് 1991-ല്‍ അവതരിപ്പിച്ച ബജറ്റ് ആധുനിക ഇന്ത്യാ ചരിത്രത്തിലെ പുതിയൊരു അധ്യായമായിരുന്നു. ഈ ബജറ്റോടെയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഉദാരവല്‍ക്കരിക്കപ്പെട്ടത്. ബജറ്റിന്റെ 26-ാം വാര്‍ഷികമാണ് 2017-ലേത്.

എ എം

comments


 

Other news in this section