Friday, May 24, 2019

യുഎസിലെ ഏറ്റവും ശക്തമായ ഗര്‍ഭഛിദ്ര നിയമം അലബാമ സ്റ്റേറ്റ് പാസ്സാക്കി; ഭരണഘടനാ വിരുദ്ധമായ ഈ നിയമത്തിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍…

Updated on 16-05-2019 at 9:21 am

ഗര്‍ഭധാരണം കഴിഞ്ഞ് ഏത് ഘട്ടത്തിലും ഗര്‍ഭഛിദ്രം നടത്തുന്നത് കുറ്റകൃത്യമാക്കിയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റ് നിയമം കൊണ്ടുവന്നിരിക്കുന്നത്. സ്ത്രീയുടെ ആരോഗ്യം ഗുരുതരമായ ഭീഷണിയുണ്ടെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയാല്‍ മാത്രമേ ഭ്രൂണഹത്യ നടത്താന്‍ അനുമതിയുള്ളൂ. വ്യഭിചാരം ബലാല്‍സംഗം തുടങ്ങിയ സാഹചര്യങ്ങളിലൊന്നും ഗര്‍ഭഛിദ്രം അനുവദിക്കില്ല. രാജ്യത്താകമാനം ഗര്‍ഭഛിദ്രം നിയമവിധേയമാക്കുന്ന കോടതിയെ സുപ്രീംകോടതിയുടെ സുപ്രധാന വിധിക്കെതിരെ അപ്പീല്‍ നല്‍കുവാനും നിയമത്തെ അനുകൂലിക്കുന്നവര്‍ തീരുമാനിച്ചിട്ടുണ്ട്.

ആറിനെതിരെ 25 വോട്ടുകള്‍ നേടിയാണ് പാര്‍ലമെന്റ് നിയമം പാസ്സാക്കിയത്. ഡോക്ടര്‍മാര്‍ ഭ്രൂണഹത്യക്ക് വഴിയൊരുക്കുന്നത് ഏറ്റവും കൊടിയ കുറ്റകൃത്യമായി കണക്കാക്കും. 10 മുതല്‍ 99 വരെ വര്‍ഷം തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും. എന്നാല്‍, സ്ത്രീകള്‍ ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടിവരില്ല. മറ്റൊരു സംസ്ഥാനത്തും ഇത്ര ശക്തമായ നിയമമില്ല. അലബാമയുടെ അയല്‍ സംസ്ഥാനമായ ജോര്‍ജ്ജിയയില്‍ ഗര്‍ഭധാരണം നടന്ന് 6 ആഴ്ച കഴിഞ്ഞാല്‍ മാത്രമാണ് ഗര്‍ഭഛിദ്രം നിരോധിച്ചിട്ടുള്ളത്. ആ നിയമത്തിനെതിരെ പോലും വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

ബലാത്സംഗമോ വ്യഭിചാരമോ വഴി ഗര്‍ഭിണിയായ സ്ത്രീകള്‍ക്ക് നിയമപരമായ ഗര്‍ഭഛിദ്രം അനുവദിക്കുന്നതിനെതിരേ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ തമ്മില്‍തന്നെ വലിയ വാഗ്വാദങ്ങള്‍ നടന്നിരുന്നു. നാലു മണിക്കൂറിലധികം നീണ്ടുനിന്ന ചര്‍ച്ചക്ക് ശേഷമാണ് സെനറ്റ് ബില്ലിന് അംഗീകാരം നല്‍കിയത്. വളരെ കുറച്ചു അംഗബലം മാത്രമുള്ള ഡെമോക്രാറ്റുകള്‍ ബില്ലില്‍ കാര്യമായ മാറ്റം വരുത്താന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. ഇനി ഗവര്‍ണ്ണര്‍ കെയ് ഐവി ഒപ്പുവച്ചാല്‍ മാത്രം മതി.

അതേസമയം ഭരണഘടനാ വിരുദ്ധമായ ഈ നിയമത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ (എസിഎല്‍യു) അടക്കമുള്ള മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കി. സ്ത്രീകള്‍ക്ക് അവളുടെ ശരീരത്തിന്മേലും, ആരോഗ്യത്തിലും, അവളുടെ ഭാവിയിലുമൊക്കെ അവളുടേതായ സ്വാതന്ത്ര്യമുണ്ടെന്നും, സമീപ കാലത്തൊന്നും ഈ ബില്‍ പ്രാബല്യത്തില്‍ വരില്ലെന്നും എസിഎല്‍യു വക്താവ് പറഞ്ഞു. അലബാമയിലെ എല്ലാ ക്ലിനിക്കുകളിലും സുരക്ഷിതമായി ഗര്‍ഭം അലസിപ്പിക്കാനുള്ള സൗകര്യവും, നിയമപരമായ മെഡിക്കല്‍ നടപടിക്രമങ്ങളും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

comments


 

Other news in this section