Sunday, September 15, 2019

മലയാളം സംഘടിപ്പിക്കുന്ന വിദ്യാരംഭവും മെറിറ്റ് ഈവനിംഗും ഒക്ടോബര്‍ 8-ന്. ഡോ. എഴുമറ്റൂര്‍ രാജരാജ വര്‍മ്മ ആദ്യാക്ഷരം പകര്‍ന്നു നല്‍കും.

Updated on 10-09-2019 at 6:43 am

അയര്‍ലണ്ടിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ മലയാളം ആണ്ടുതോറും നടത്തി വരാറുള്ള വിദ്യാരംഭം ഈ വര്‍ഷം വിജയദശമി ദിനമായ ഒക്ടോബര്‍ 8 ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് താല ഫിര്‍ഹൗസിലുള്ള സയന്റോളജി ഹാളില്‍ വച്ച് പരമ്പരാഗത രീതിയില്‍ നടത്തപ്പെടും. പ്രശസ്ത മലയാള ഭാഷാ പണ്ഡിതനും, എഴുത്തുകാരനുമായ ഡോ. എഴുമറ്റൂര്‍ രാജരാജ വര്‍മ്മയാണ് കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്‍കുന്നത്.

ഡോ. എഴുമറ്റൂര്‍ രാജരാജ വര്‍മ്മ

കവി, നാടകകൃത്ത്, വിമര്‍ശകന്‍, ഗവേഷകന്‍, ജീവചരിത്രകാരന്‍, ബാലസാഹിത്യകാരന്‍, സഞ്ചാര സാഹിത്യകാരന്‍, നവസാക്ഷര സാഹിത്യ രചയിതാവ് എന്നിങ്ങനെ മലയാള ഭാഷയുടെ വിഭിന്നങ്ങളായ മേഖലകളില്‍ എഴുതി പ്രസിദ്ധീകരിക്കപ്പെട്ട നൂറോളം പുസ്തകങ്ങളുടെ ബഹുമുഖ പ്രതിഭയുള്ള സൃഷ്ടാവ് എന്ന നിലയില്‍ മലയാള സാഹിത്യ ലോകത്ത് അദ്ദേഹം നിറഞ്ഞു നില്‍ക്കുന്നു. അദ്ദേഹത്തിന്റെ നിരവധി പുസ്തകങ്ങള്‍ കാലാ കാലങ്ങളായി മലയാളഭാഷാ ഗവേഷണ രംഗത്ത് വിദ്യാര്‍ഥികള്‍ റഫറന്‍സ് ഗ്രന്ഥങ്ങളായി ഉപയോഗിച്ചുവരുന്നു. അയര്‍ലണ്ടിലുള്ള തന്റെ മകള്‍ രശ്മി വര്‍മ്മയുടെയും, ഭര്‍ത്താവ് രജത് വര്‍മ്മയുടെയും അടുത്തേക്ക് കഴിഞ്ഞ ഏതാനും വര്‍ഷമായുള്ള സന്ദര്‍ശനത്തിന്റെ ഭാഗമായി അവരുടെ മകളുടെ പേരു ചേര്‍ത്ത് ‘അയര്‍ലണ്ടിലെ രാജ്നന്ദിനിക്ക്’ എന്ന പുസ്തകം കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ചു.

രസതന്ത്രത്തിലും , നിയമത്തിലും ബിരുദങ്ങള്‍, സാമൂഹിക ശാസ്ത്രത്തിലും, മലയാള സാഹിത്യത്തിലും ബിരുദാനന്തര ബിരുദങ്ങള്‍, മലയാള സാഹിത്യത്തില്‍ പിഎച് ഡി, ബ്രോഡ്കാസ്റ്റിംഗ്, പബ്ലിക് റിലേഷന്‍സ് & അഡ്വെര്‍ടൈസിങ് എന്നിവയില്‍ ഡിപ്ലോമകള്‍, ഇവയൊക്കെ അദ്ദേഹത്തിന്റെ പേരിനൊപ്പം എഴുതി ചേര്‍ക്കാവുന്ന ഉന്നതമായ വിദ്യാഭ്യാസ യോഗ്യതകളാണ്.

മെറിറ്റ് ഈവനിംഗ്

വിദ്യാരംഭത്തിനു ശേഷമുള്ള മെറിറ്റ് ഈവനിംഗില്‍ ഈ വര്‍ഷം ജൂനിയര്‍ സെര്‍ട്ട്, ലീവിങ് സെര്‍ട്ട് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ മലയാളി വിദ്യാര്‍ത്ഥികളെ ആദരിക്കും. ഓരോ വിഭാഗത്തിലും അപേക്ഷിക്കുന്നവരില്‍ നിന്ന് ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ മൂന്നു പേര്‍ക്ക് വീതം മലയാളം പ്രത്യേകം രൂപകല്‍പന ചെയ്ത മെമെന്റോ സമ്മാനിക്കും. ജൂനിയര്‍ സെര്‍ട്ടിന് കുറഞ്ഞത് 7A യും, ലീവിങ് സെര്‍ട്ടിന് കുറഞ്ഞത് 500പോയിന്റും നേടിയ വിദ്യാര്‍ത്ഥികളെ മാത്രമേ അവാര്‍ഡിനായി പരിഗണിക്കുകയുള്ളൂ. വിദ്യാര്‍ഥികള്‍ സെപ്റ്റംബര്‍ 30-നു മുന്‍പായി മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പി info@malayalam.ie എന്ന മെയിലിലേക്കു അയയ്ക്കുകയോ, മലയാളം ഭാരവാഹികളെ ഏല്പിക്കുകയോ ചെയ്യേണ്ടതാണ്. ജൂനിയര്‍ സെര്‍ട്ടിന്റെ ഫലം പ്രസിദ്ധീകരിക്കാന്‍ വീണ്ടും വൈകിയാല്‍ ലഭിക്കുന്ന മുറയ്ക്ക് അപേക്ഷിക്കേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും, വിദ്യാരംഭത്തിന് കുട്ടികളുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാനും താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.

രാജന്‍ ദേവസ്യ – 087 057 3885
മനോജ് മെഴുവേലി – 087 758 0265
അനീഷ് കെ ജോയി – 089 418 6869
ജോജി എബ്രഹാം – 087 160 7720
വിജയാനന്ദ് – 087 721 1654

comments


 

Other news in this section