Thursday, April 18, 2019
Latest News
തരൂരിന്റെ പുസ്തകത്തിലെ നായര്‍ വിരുദ്ധ പരാമര്‍ശം: കോടതി നടപടികളിലേക്ക് നീങ്ങി പരാതിക്കാര്‍…    കുരുന്നു പ്രതിഭകളുടെ സംഗമ വേദിയായി, റെക്കോര്‍ഡ് പങ്കാളിത്തത്തോടെ മൈന്‍ഡ് കിഡ്‌സ് ഫെസ്റ്റ് സമാപിച്ചു.    ആഘോഷത്തിമിര്‍പ്പില്‍ അയര്‍ലന്‍ഡ്; മഞ്ഞിനും മഴക്കും താത്കാലിക വിട; തെളിഞ്ഞ കാലാവസ്ഥയില്‍ പെസഹായും, ദുഖവെള്ളിയും, ഈസ്റ്ററും..    ന്യൂയോര്‍ക്കില്‍ കത്തീഡ്രല്‍ ആക്രമണ ശ്രമം: കൂടുതല്‍ സുരക്ഷാ ഉറപ്പാക്കണമെന്ന ആവശ്യവുമായി ക്രൈസ്തവര്‍…    ഇന്ന് പെസഹാ വ്യാഴം: യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ പെസഹാ ആചരിക്കുന്നു.   

മദര്‍ തെരേസയുടെ വിശുദ്ധപദവി: യൂറോപ്പ് ആഹ്ലാദതിമിര്‍പ്പില്‍

Updated on 02-07-2016 at 3:11 am

ഡബ്ലിന്‍: ഭാരതത്തിനു കരുണാവര്‍ഷത്തില്‍ സമ്മാനമായി ലഭിച്ച മദര്‍ തെരേസായുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിനുശേഷം യൂറോപ്പിലെങ്ങും ആഹ്ലാദം അലയടിക്കുകയാണ്.

സെപ്റ്റംബര്‍ നാലിന് വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുവാന്‍ അഞ്ചുലക്ഷത്തോളം വിശ്വാസികള്‍ അണിചേരുമെന്നാണ് കരുതപ്പെടുന്നത്. യൂറോപ്പില്‍നിന്നും തദ്ദേശീയരും ഇന്ത്യക്കാരുമായി വന്‍ ജനാവലി പങ്കെടുക്കും. മദര്‍ തെരേസയുടെ പാദ സ്പര്‍ശനമേറ്റ അല്‍ബേനിയ, യൂഗോസ്ലാവ്യ, മാസിഡോണിയ, അയര്‍ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍നിന്നുമായി നിരവധി വിശ്വാസികള്‍ വത്തിക്കാനിലേക്ക് ഒഴുകിയെത്തും.

1910 ഓഗസ്റ്റ് 26ന് അല്‍ബേനിയയില്‍ ജനിച്ച മദര്‍ തെരേസായുടെ ജ്ഞാനസ്‌നാന നാമം ആഗ്‌നസ് എന്നായിരുന്നു. 18 വര്‍ഷങ്ങള്‍ക്കുശേഷം 1928ല്‍ സിസ്റ്റേഴ്‌സ് ഓഫ് ലൊറേറ്റോ എന്ന സന്യാസിനി സഭയില്‍ ചേരുവാനാണു മദര്‍ അയര്‍ലന്‍ഡിലെത്തുന്നത്. ഡബ്ലിനടുത്തുള്ള റാത്ത്ഫര്‍ണാം ലൊറേറ്റോ കോണ്‍വന്റില്‍ ചേര്‍ന്നു ഒന്നരമാസത്തെ ഇംഗ്ലീഷ് പഠനത്തിനുശേഷം മേരി തെരേസ എന്ന പേരു സ്വീകരിച്ച് ഇന്ത്യയിലേക്കു യാത്രയായി. ഇന്ത്യയില്‍ മിഷനറിയായി പ്രവര്‍ത്തിച്ച മദര്‍ 20 വര്‍ഷം ഇന്നത്തെ കോല്‍ക്കത്തയില്‍ അധ്യാപികയായി സേവനമനുഷ്ഠിച്ചു. പാവപ്പെട്ടവരോടൊപ്പം ജീവിക്കുവാനാഗ്രഹിച്ച മദര്‍ തേരേസ മുന്‍കൈ എടുത്ത് 1950 ഒക്‌ടോബര്‍ ഒന്‍പതിന് മിഷനറീസ് ഓഫ് ചാരിറ്റി എന്ന സന്യാസിനിസമൂഹത്തിനു ആരംഭം കുറിച്ചു.

1971, 1974, 1993 എന്നീ വര്‍ഷങ്ങളില്‍ മദര്‍ തെരേസ അയര്‍ലന്‍ഡിലായിരുന്നു.

1993ല്‍ അയര്‍ലന്‍ഡിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ നോക്ക് ബസലിക്ക സന്ദര്‍ശന വേളയില്‍ വന്‍ വരവേല്‍പ്പാണ് മദറിനു ലഭിച്ചത്. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ആല്‍ബര്‍ട്ട് റെയ്‌നോള്‍ഡ് മദറിനെ സ്വീകരിക്കാനെത്തിയിരുന്നു. 1991-ല്‍ തന്റെ ജന്മനാടായ അല്‍ബേനിയയിലും മിഷനറീസ് ഓഫ് ചാരിറ്റി ബ്രദേഴ്‌സിന്റെ പ്രവര്‍ത്തനം ആരംഭിച്ചു.

വിശുദ്ധ അല്‍ഫോന്‍സാമ്മ, വിശുദ്ധ ചാവറയച്ചന്‍, വിശുദ്ധ എവുപ്രാസ്യമ്മ എന്നിവരുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിനും യൂറോപ്പില്‍നിന്നു നിരവധി മലയാളികള്‍ പങ്കെടുത്തിരുന്നു.

മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന സെപ്റ്റംബര്‍ നാലിനു റോമിലേക്ക് കണ്ണുംനട്ടിരിക്കുകയാണ് യൂറോപ്പില്‍ കുടിയേറിയ മലയാളികളുള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍.

 

റിപ്പോര്‍ട്ട്: രാജു കുന്നക്കാട്ട്

comments


 

Other news in this section