Monday, May 28, 2018

ഭൂമി വിവാദം: കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഒന്നാം പ്രതി, ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

Updated on 12-03-2018 at 10:18 am

 

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയെ പിടിച്ചുലച്ച വിവാദഭൂമി ഇടപാടില്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുത്തു. കര്‍ദിനാളിനെ ഒന്നാം പ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസ്. കര്‍ദിനാളിന് പുറമെ മറ്റ് മൂന്ന് പേര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.

കര്‍ദിനാളിന് പുറമെ ഫാദര്‍ ജോഷി പുതുവ, ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കുമ്പാടന്‍, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഗൂഢാലോചന, വിശ്വാസവഞ്ചന എന്നീ വകുപ്പുകള്‍ ചുമത്തിയാണ് നാല് പേര്‍ക്കെതിരെയും കേസ് എടുത്തിരിക്കുന്നത്. സംഭവത്തില്‍ കര്‍ദിനാളിനെതിരെ കേസെടുക്കാമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നിയമോപദേശം നല്‍കിയതിന് തൊട്ടുപിന്നാലെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കര്‍ദിനാളിനെതിരെ കേസ് എടുക്കാന്‍ വൈകുന്നത് ചൂണ്ടിക്കാട്ടി വിമത വൈദികവിഭാഗം ഇന്ന് കോടതിയില്‍ കോടതിലക്ഷ്യ ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഫെബ്രുവരി ആറിനാണ് കര്‍ദിനാളിനെതിരെ കേസെടുക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. ചേര്‍ത്തല സ്വദേശിയായ ഷൈന്‍ വര്‍ഗീസിന്റെ പരാതിയിലായിരുന്നു ഹൈക്കോടതി കേസെടുക്കാന്‍ ഉത്തരവിട്ടത്. അന്വേഷണം നടത്തി തെളിവുകള്‍ കണ്ടെടുക്കേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഉത്തരവില്‍ പൊലീസ് നിയമോപദേശം തേടുകയാണുണ്ടായത്. ഇതിനെതിരെ വന്‍വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. കേസെടുക്കുന്നതില്‍ കാലതാമസം വരുത്തുന്നത് കര്‍ദിനാളിനെ രക്ഷിക്കാന്‍ വേണ്ടിയാണെന്ന വിമര്‍ശനവുമായി വൈദികസമിതി രംഗത്തെത്തി. ഭൂമി ഇടപാടില്‍ കേസെടുക്കണമെന്ന ഹര്‍ജി പരിഗണിക്കവെ കര്‍ദിനാളിനെതിരെ രൂക്ഷവിമര്‍ശനങ്ങളായിരുന്നു ഹൈക്കോടതി നടത്തിയത്. കര്‍ദിനാള്‍ രാജാവല്ലെന്നും ആരും നിയമത്തിന് അതീതരല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

 

ഡികെ

 

comments


 

Other news in this section